Monday, May 26, 2014

പവര്‍കട്ട്


സിയുടെ മുരള്‍ച്ച നിലച്ചപ്പോഴാണ് ഉറക്കമുണര്‍ന്നുപോയത്.

കരണ്ട് പോയതാ.. 

ഈയിടെയായി ഇടയ്ക്കിടെയുണ്ടീ ഒളിച്ചുകളി.
ഇന്നെന്താണാവോ കാരണം.


മൂന്നാല് ദിവസം മുന്‍പ് സിഗ്നലിനടുത്തുള്ള ട്രാന്‍സ്ഫോര്‍മര്‍ യൂനിറ്റിലേക്ക് ഏതോ ഒരു മൂഖ്മാഫി (വിവര ദോഷി) പയ്യന്‍ വണ്ടിയോടിച്ചു കയറ്റി. അവനവിടെത്തന്നെ അന്ത്യശ്വാസം വലിച്ചു. അന്ന് കരണ്ടുപോയതുകൊണ്ട് ഒന്നുരണ്ടു മണിക്കൂര്‍ ഫേസ്ബുക്കില്‍ കിടന്നുരുണ്ടു. വണ്ടിയിടിച്ചതിന്റെ ഫോട്ടോ പോസ്റ്റുകള്‍ക്ക് കുറെയേറെ ലൈക്കുകള്‍ കിട്ടി. 

പിന്നൊരുപ്രാവശ്യം കഹറുബായി പച്ച (പാക്കിസ്ഥാനി ഇലക്ട്രീഷ്യന്‍) ക്ക് പറ്റിയ കൈപ്പിഴ.. സെക്ഷന്‍ ഓഫീസിലെ ഫ്യൂസാണു അന്ന് അടിച്ചുപോയത്. ബില്ലടക്കാന്‍ വൈകിയതിനു ഇലക്ട്രിസിറ്റിക്കാര്‍ ഫ്യൂസ് ഊരിയതടക്കം പലതവണ കരണ്ടുപോയിട്ടുള്ളതാണ്. അന്നൊക്കെ പകല്‍സമയങ്ങളിലായതുകൊണ്ട് ഇങ്ങനെ ഉറക്കം നഷ്ട്ടപ്പെട്ടിട്ടില്ല.

മലയാള സിനിമാചരിത്രത്തിലെ പൗരുഷത്തിന്റെ നിത്യപ്രതീകം ജയന്‍ തകര്‍ത്തഭിനയിച്ച ശരപഞ്ജരം ഒരാവര്‍ത്തികൂടി കണ്ട് വളരെ വൈകിയാണ് ഇന്നലെ ഉറങ്ങാന്‍ കിടന്നത്.. ഒരാഴ്ചയിലെ അലച്ചിലുകള്‍ക്കൊടുവില്‍ വാരാന്ത്യത്തില്‍ വന്നുചേരുന്ന അവധി. അല്‍ബെയ്ക്ക്‌ (സൌദിഅറേബ്യയില്‍ വളരെ പേരുകേട്ട ബ്രോസ്റ്റഡ്‌ ചിക്കന്‍) അടിച്ചുകൊണ്ടാണ്‌ പതിവായി അവധി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. ഒരു കോഴിയുടെ പകുതി ഒരാള്‍.. ഒരുനേരം.

മുന്‍പൊക്കെ വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ ഒരു കോഴിയെ അറുക്കും. വളരെ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ഒരു കറി വെയ്ക്കും. കോഴിയുടെ രണ്ടു കാലുകള്‍ക്ക്മാത്രം ഒരു പോറല്‍ പോലുമേല്‍ക്കില്ല. അതാണെങ്കില്‍ ഞങ്ങള്‍ക്കാര്‍ക്കും കിട്ടുകയുമില്ല. എന്തൊക്കെയോ പോരിശ കല്പ്പിച്ചുകൊടുക്കപ്പെട്ട ചിലര്‍ എല്ലാ തീന്മേശകള്‍ക്ക് ചുറ്റിലും ഉണ്ടാവും. അതവര്‍ക്കുള്ളതാണ്.

പിന്നെയും കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്കതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.

ഭാര്യവീട്ടിലെ ആദ്യത്തെ സല്‍ക്കാരം. അവിടുത്തെ ഉപ്പ എന്‍റെ പ്ലെയിറ്റിലേക്ക് ഒരു മുഴുത്ത കോഴിക്കാല് ഇട്ടുതന്നിട്ടു “തിന്നോളി” എന്ന് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണ്നിറഞ്ഞുപോയി. അരികില്‍തന്നെ ഇരിപ്പുറപ്പിച്ചിരുന്ന അളിയന്‍ ചെക്കന്‍റെ കണ്ണുകളില്‍ എന്‍റെ ഭൂതകാലം ഒന്ന് വിളറിച്ചിരിച്ചു. ആ കോഴിക്കാല്‍ ഞാനവന്‍റെ പ്ലെയിറ്റിലേക്ക് വെച്ചുകൊടുത്തു. ആ കണ്ണുകളിലെ തിളക്കം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

തോല്‍ക്കാന്‍ തയ്യാറല്ലാത്ത കീഴ്‌വഴക്കങ്ങള്‍ രണ്ടാമത്തെ കോഴിക്കാലിന്‍റെ രൂപത്തില്‍ വീണ്ടും എന്‍റെ പ്ലെയിറ്റില്‍.

ഇന്നും കോഴിക്കാലുകളോട് എനിക്കത്ര അഭിനിവേശമില്ല. അത് കിട്ടേണ്ട കാലത്ത് കിട്ടണമായിരുന്നു. കുഞ്ഞുകണ്ണുകളിലെ നിര്‍മ്മലമായ ആ തിളക്കങ്ങള്‍ക്കുവേണ്ടി.

ഇന്നലെ രാത്രിയിലും പതിവ് തെറ്റിച്ചില്ല. അല്‍ബെയ്ക്കും ഫ്രഞ്ച് ഫ്രൈസും സെവനപ്പും..അതിന്‍റെയൊരസ്ക്ക്യത വയറ്റില്‍ താളം കൊട്ടിത്തുടങ്ങിയിരിക്കുന്നു.. കലാശക്കൊട്ടും കിടക്കപ്പായയില്‍ തന്നെയാവുമോന്നു ഭയന്ന്‍ ഉരുണ്ടുമറിയുമ്പോഴാണ് ഈ നശിച്ച പവര്‍കട്ട്.

സഹമുറിയന്‍റെ ശയനസുഖ നിര്‍വൃതിയിലാണ്ട ആ കര്‍ണ്ണകഠോരഗര്‍ജ്ജനനാദം ഏ സിയുടെ മുരള്‍ച്ചയില്‍ കേള്‍ക്കാറില്ല. ഇന്ന് ഞാനത് ശരിക്കും അനുഭവിച്ചു.

ഇനിയേതായാലും എണീക്കുക തന്നെ.

ശബ്ദേശ്ശി സ്ലോമോഷനില്‍ കട്ടിലില്‍നിന്നെഴുന്നേറ്റു... എന്‍റെ കട്ടിലില്‍ നിന്നുയരുന്ന കരകരാ രാഗം ഇപ്പോള്‍ ശരിക്കും കേള്‍ക്കാം.. അവനെ ഉണര്‍ത്താന്‍ ഈ രാഗമൊന്നും പോര.. എന്നാലും ഇനി ഞാനായിട്ട് അവനെ ഉണര്‍ത്തേണ്ട... വാതില്‍ പതുക്കെ തുറന്നു.. ഒരു കള്ളനെപോലെ...


പുറത്തിറങ്ങി വരാന്തയിലെ ജനല്‍പാളികള്‍ മെല്ലെ തുറന്നു. രാത്രി നന്നായി മഴപെയ്തിരിക്കുന്നു.. അസഹ്യമായ വേനല്‍ച്ചൂടില്‍ ആശ്വാസമായൊരു മഴ. തുറന്നിട്ട ജനാലയിലൂടെ പുതുമണ്ണിന്‍റെ ഗന്ധം പേറി വന്ന ഇളംതെന്നല്‍ എന്നെ ഒരുനിമിഷം എന്‍റെ പഴയ തറവാട്ടുമുറ്റത്തെത്തിച്ചു.. കണ്ണുകളിറുക്കിയടച്ചു. ആ മാസ്മരഗന്ധം ആവോളം നുകര്‍ന്നു. ഈ ജനവാതിലുകള്‍ ഇന്ന് തുറന്നുതന്നെ കിടക്കട്ടെ..

വയറ്റിലെ കലാശക്കൊട്ട് അതിന്‍റെ ആരോഹണഘട്ടത്തിലാണ്. ധൃതിപ്പെട്ടു പൂരപ്പറമ്പിലേക്കോടി.. പൂരപ്പറമ്പു വിജനം.. ഞാനവിടെ മേളപ്പെരുമ്പറതന്നെ കൊട്ടിത്തിമിര്‍ത്തു.. ഹാവൂ.. സമാധാനമായി.

തിരികെ തുറന്നിട്ട ജാലകത്തിനടുത്തേക്ക് തന്നെ നടന്നു.. മെല്ലെ തഴുകിയൊഴുകുന്ന ഈ മന്ദമാരുതന്‍ ഒന്നുകൂടി ഹൃദ്യമായി തോന്നി.

ഉറക്കം വീണ്ടും കീഴ്പ്പെടുത്തുന്നുവോ... 

നേരത്തെ എണീറ്റുപോന്നത് ക്രമമായി റിവേര്‍സ് ചെയ്തു.

ഈ നശിച്ച കരകരാ രാഗം.

ഇല്ല, അവനുണര്‍ന്നിട്ടില്ല. പഹയനോട് വല്ലാത്തൊരസൂയ തോന്നി.
കരണ്ട് ഇനിയും വന്നിട്ടില്ല.

പുറത്തുനിന്നു വെളിച്ചംപോലും കടക്കാത്തവിധം അടച്ചുപൂട്ടിയ മുറിയില്‍ നേരിയ വിങ്ങല്‍ അനുഭവപ്പെട്ടു. ഒരു ജനവാതിലുണ്ടായിരുന്നത് ഹറാമികളുടെ (കള്ളന്മാരുടെ) ശല്യം മൂലം പൊളിച്ചുമാറ്റി അവിടെ ഭിത്തി പണിതു. പരുക്കന്‍ സിമെന്റിട്ട അത്രയും ഭാഗം അന്ന് നഷ്ട്ടപെട്ട എന്റെ ലാപ്ടോപ്പിന്‍റെ സ്മാരകം കണക്കെ ഇന്നും...

അല്ലെങ്കിലും മതിലുകളും വാതിലുകളും മാന്യന്മാരെ നമ്മില്‍നിന്നകറ്റാന്‍ ഉപകരിക്കുമെന്നല്ലാതെ....!! കള്ളന്മാര്‍ക്കെന്തു മതില്‍... എന്തു വാതില്‍..!!?

ഇനിയുമേറെ വൈകുമോ ആവോ... അതോ ഇന്നിനി വരില്ലേ...

പവര്‍കട്ട് ഒരു സാധാരണ പ്രതിഭാസമായ നമ്മുടെ നാട്ടില്‍ ഇത്തരം ചിന്തകള്‍ക്കെന്തു പ്രസക്തി..

ഒരുകണക്കിന് നോക്കിയാല്‍ പവര്‍കട്ട് നമ്മുടെയൊക്കെ വീടുകളില്‍ സന്തോഷപ്രദമായ ചില നിമിഷങ്ങള്‍ പ്രദാനം ചെയ്യാറുണ്ട്.
ആ നേരത്താണ് കുടുംബാംഗങ്ങള്‍ പരസ്പരം മുഖത്തോടുമുഖം കാണുന്നതും എന്തെങ്കിലുമൊക്കെ മനസ്സുതുറന്നു സംസാരിക്കുന്നതും.

മാതാപിതാക്കളുടെ നര വീണുതുടങ്ങിയ മുടിയിഴകള്‍.... അവരുടെ ഗതാകാലസ്മരണകളുണര്‍ത്തുന്ന  പഴമ്പുരാണങ്ങള്‍.. നമുക്കിടയില്‍നിന്നു വേര്‍പിരിഞ്ഞുപോയവരെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍.. പിഞ്ചോമനയുടെ പുഞ്ചിരിയിലിറ്റുവീഴുന്ന തേന്‍തുള്ളികള്‍.. കൊഞ്ചലുകള്‍..

കോലായില്‍ ചാരുകസേരയില്‍ ചാരുപടിയിലേക്ക് കാലുകയറ്റിവെച്ചിരുന്നുകൊണ്ട് പ്രിയതമയോടും മക്കളോടുമുള്ള വെടിപറച്ചില്‍...

കൂട്ടച്ചിരികള്‍...പരിഭവങ്ങള്‍....പിണക്കങ്ങള്‍...ഇണക്കങ്ങള്‍............

“കരണ്ടുവന്നു...കരണ്ടുവന്നു...”

ആദ്യം എണീറ്റോടിയത് മകന്‍ തന്നെ... നേരത്തെ റിമോട്ട് അവന്‍റെ കൈയ്യിലായില്ലെങ്കില്‍ പിന്നെ എല്ലാവരുടെയും സമാധാനം നഷ്ടപ്പെടും.
എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പ്രിയതമയും അടുക്കള ലക്ഷ്യമാക്കി നടന്നു..

അവള്‍ പാചകവാതകപ്രതിസന്ധിയെ ഒരു പരിധിവരെ ഇന്ടക്ഷന്‍ കുക്കര്‍ വെച്ചു തരണം ചെയ്യും. വാട്ടര്‍ ടാങ്ക് എപ്പോഴും നിറഞ്ഞിരിക്കണം അവള്‍ക്ക്. എന്തായാലും നമ്മുടെ സമാധാനം പോയാല്‍ മതിയല്ലോ.. 

മനസ്സമാധാനം കളയുന്ന മോട്ടോര്‍പമ്പിന്റെ മുരള്‍ച്ച..

അല്ല...

ഏ സിയുടെ മുരള്‍ച്ച... 

കരണ്ടുവന്നു...

സഹമുറിയന്റെ കര്‍ണ്ണകഠോരഗര്‍ജ്ജനനാദം ഏ സിയുടെ മുരള്‍ച്ചയില്‍ അലിഞ്ഞലിഞ്ഞില്ലാതെയായി..

പതുക്കെ ബ്ലാങ്കെറ്റിനുള്ളിലേക്ക് നുഴഞ്ഞുകയറി..

നിദ്രാദേവി എന്നെ തലോടിക്കൊണ്ടെന്‍റെ ചാരെ..


ഇനിയൊരു അലാറദൂരം മാത്രം.... 

*************

4 comments: