തൊണ്ടയിലൊരു മുള്ള് കുടുങ്ങി... മീന്‍ മുള്ളാ... മത്തിയുടെതാ...
ഹൌ... വല്ലാത്തൊരു കഷ്ടം തന്നെ...
ഉച്ചയ്ക്ക് പറ്റിയതാ...
രണ്ടു മുട്ടന്‍ മത്തി...
ചട്ടിയില്‍ വെച്ചുതന്നെ തീറ്റ തുടങ്ങിയതാ...
ഏകദേശം അര മത്തി തീന്മേശയിലെത്തുമ്പോഴേക്കും അകത്താക്കി...
ചോറിന്റെ കൂടെ അടിക്കുമ്പോള്‍ മത്തിക്കൊരു വല്ലാത്ത സ്വാദാ...
പരിസരം മറന്നുപോവും
ചോറും മത്തിയും ഞാനും....
ഒരു സാധാരണ മലയാളി പ്രവാസിയായതിനാല്‍ മത്തിയുടെ മുള്ള് തൊണ്ടയില്‍ കുടുങ്ങാതെ കഴിക്കാനൊക്കെ അറിയാം...
എന്ത് ഫലം.... കുടുങ്ങാനുള്ളത് വഴിയില്‍ തന്നെ കുടുങ്ങും....
ഇന്ന് കറിയുണ്ടായിരുന്നില്ല...
സ്നേഹക്കൂട്ടു ( ക്രെഡിറ്റ് അവള്‍ക്കിരിക്കട്ടെ ) കൊണ്ടുണ്ടാക്കിയ തേങ്ങാ വറുത്തു പൊടിച്ചതും കൂട്ടിയാണ് ചോറുണ്ണുന്നത്...
അതിനെ ഒരനുഭവമാക്കി മാറ്റാനായിരുന്നു മത്തി പൊരിച്ചത്..
നല്ലൊരനുഭവം തന്നെ.... ഹാവൂ....
എന്നാലും ഞാനോര്‍ത്തുപോയത് മറ്റൊന്നാണ്...
ചെറുപ്പത്തില്‍ ഞാനടങ്ങുന്ന നാല്‍വര്‍ സംഘത്തിന്നു ചോറൂണ് നടത്തിയിരുന്ന എന്റുമ്മ..
ഒരൊറ്റ മുള്ള്പോലും ഞങ്ങളുടെ തൊണ്ടയില്‍ കുടുങ്ങാതെ എത്ര വിദഗ്ദ്ധമായിട്ടായിരിക്കും ഓരോ ഉരുളയും വായിലേക്ക് വച്ചുതന്നിട്ടുണ്ടാവുക..
ചോറില്‍ വെളിച്ചെണ്ണയുറ്റിച്ചു ലേശം ഉപ്പുവിതറി കുഴച്ചു ചെറിയ ചെറിയ ഉരുളകളുണ്ടാക്കി അതിന്റെ മുകളില്‍ കുറച്ചു മത്തിയുടെ കാമ്പ് മാത്രം വെച്ച് സ്നേഹത്തോടെ അതിലേറെ ക്ഷമയോടെ ഓരോ കഥകള്‍ (നുണകള്‍) പറഞ്ഞു വായിലേക്ക് വെച്ചുതരുമ്പോള്‍ ഞാനൊരിക്കല്‍ പോലും ഒരു മുള്ളിനെക്കുറിച്ചോ അത് തൊണ്ടയില്‍ തടഞ്ഞാലുണ്ടാവുന്ന അസ്വസ്തതയെക്കുറിച്ചോ ഓര്‍ത്തിട്ടു പോലുമുണ്ടായിരുന്നില്ല..
മൂന്നാലുരുള വയറ്റിലെത്തിയെന്നുറപ്പായെങ്കിലെ എന്‍റെ ഉമ്മയുടെ ആവലാതി മാറിയിരുന്നുള്ളൂ... ഞാനോ...? ഒരു പുതിയാപ്ല സല്ക്കാരത്തിലെന്നപോലെ മതി..മതി... എന്ന് പറഞ്ഞുകൊണ്ട് എന്തോ ഒരു ത്യാഗം ചെയ്തപോലെ..
വാരിയെല്ലുകള്‍ എണ്ണിനോക്കാന്‍ പാകത്തില്‍ എന്‍റെ നെഞ്ചിന്‍കൂട് വളരെ വ്യക്തമായിരുന്നു ആ നാളുകളില്‍... അത് കാണുമ്പോള്‍ എന്റുമ്മ സങ്കടപ്പെട്ടിരിക്കാം.. അതുകൊണ്ടായിരിക്കും ഞാനറിയാതെ തഞ്ചത്തില്‍ ചിലപ്പോള്‍ ആ ഉരുളകള്‍ വലുതാക്കി വലുതാക്കി നുണക്കഥകള്‍ ചേര്‍ത്തു വായിലേക്ക് വെച്ചുതന്നുകൊണ്ടിരുന്നത്.
ഇന്ന്, വര്‍ഷങ്ങള്‍ക്കു ശേഷം ഉമ്മാന്‍റെ പൊന്നുമോന് തൊണ്ടയില്‍ മുള്ള് കൊണ്ടിരിക്കുന്നു..
ഫോണ്‍ചെയ്തപ്പോള്‍ ഉമ്മയോടിക്കാര്യം പറഞ്ഞിട്ടില്ല...
വേണ്ട..പറയണ്ട.. അതെന്റെ ഉമ്മയുടെ മനസ്സില്‍ ചെറുതെങ്കിലുമൊരു നീറ്റല്‍ ഉണ്ടാക്കും... ഭാര്യയോടും ഉമ്മയോട് പറയണ്ട എന്ന് പറഞ്ഞിട്ടുണ്ട്... പരിഹാസചിരിക്കിടയില്‍ അവളതു കേട്ടുകാണുമോ ആവോ...
പിന്‍കുറിപ്പ് :
“ ഇജ്ജായിട്ടാണ് കദീജാ ഈറ്റങ്ങളെ ഞെരിച്ച് കളയാത്തത്.....”
( വല്ലിമ്മ ഉമ്മാന്‍റെ കഷ്ടപ്പാട് കണ്ടിട്ട് പറഞ്ഞുപോയത്.. )
ശ്ശോ...അത്രക്കും കച്ചറകളായിരുന്നോ ഞങ്ങള്‍...
ഞങ്ങളില്‍ നിന്ന് മരണപ്പെട്ടുപോയവരെയും ഞങ്ങളെയും സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടേണമേ..... ആമീന്‍
No comments:
Post a Comment