ഞാന്‍ തമാശ പറയുകയല്ല...
സത്യമായിട്ടും..
ഞാനെന്റെയീ സുന്ദര ഭവനം വില്‍ക്കാന്‍ പോകുകയാണ്..
എന്നും എനിക്കീ വീട് വളരെ പ്രിയപ്പെട്ടതായിരുന്നു. ഇനിയും അങ്ങിനെതന്നെയായിരിക്കും.
എന്റെ ജനനവും, പിന്നെ കുസൃതി നിറഞ്ഞ ബാല്യവും, രക്തം തിളച്ചുതുളുമ്പിത്തുടങ്ങിയ കൌമാരവും, പ്രണയിനിയുമായുള്ള വസന്തകാലവും, പിന്നെ ഒരു നിയോഗംപോലെ എന്നിലേക്ക് വന്നുചേര്‍ന്ന സ്നേഹസാന്ത്വനത്തിന്റെ തെളിനീര്പ്രവാഹമായ എന്റെ പ്രിയ സഖിയും, ഞങ്ങളുടെ ജീവിതത്തിന്നു അര്‍ത്ഥവും അനക്കവും സമ്മാനിച്ച് ഒന്നല്ല, മൂന്നു കുരുന്നുകളും.
പിന്നീടെന്റെ ജീവിതചക്രം അവരിലും തുടര്‍ന്നു. തെളിനീര്പ്രവാഹമായ പ്രിയസഖിമാരിലെത്തിയപ്പോഴേക്കും അര്‍ത്ഥവും അനക്കവും അതിന്റെ ഊര്ധശ്വാസം വലിച്ചു തുടങ്ങിയിരിന്നു.
എന്റെ പ്രിയസഖി എന്നില്‍നിന്നും എന്നെന്നേക്കുമായി പിരിഞ്ഞുപോയിരിക്കുന്നു, ദൈവം ക്രൂരനാനെന്നു തോന്നിപ്പോയ നിമിഷം. അല്ലെങ്കില്‍ ആ തൊട്ടാവാടി എന്തു തെറ്റ് ചെയ്തിട്ടാ...?
എന്നെ ഇവിടെ കരയാന്‍ വിട്ടിട്ട്...
പ്രിയസഖിമാര്‍ വീതം വെച്ച എന്റെ സന്താനങ്ങളെ, ആ സന്തോഷങ്ങളെ ഇനിയെനിക്ക് തിരിച്ചുകിട്ടുമോ ആവോ.. അറിയില്ല..
എന്റെയീ വീട് വാങ്ങാമെന്നുപറഞ്ഞ മുതലാളി ഇന്ന് വരാമെന്നാണ് പറഞ്ഞത്. അവര്‍ ഈ സ്വപ്നസൌധത്തെ നല്ലപോലെ സൂക്ഷിക്കുമോ ആവോ.. അവര്‍ ഇതെന്തായാലും പുതുതായി പെയിന്റ് ചെയ്യും. അതുറപ്പാ.. പുതിയ ചായങ്ങള്‍ക്ക് പിന്നില്‍ ഞാനും എന്റെ ഓര്‍മ്മകളും മാഞ്ഞുമാഞ്ഞു ഇല്ലാതാവും. അതിനകത്ത് അവ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കും..
"ഇത് ഞാനാര്‍ക്കും വിട്ടുകൊടുക്കില്ല"...
എന്തൊരു ഗാംഭീര്യമായിരുന്നു എന്റെ ശബ്ദത്തിന്നു.. മറ്റെല്ലാ സ്വത്തുക്കളും എന്റെ കുഞ്ഞുങ്ങള്‍ക്ക് വീതം വെച്ച് നല്‍കുമ്പോള്‍ ഇതെന്റേതു മാത്രമാവാന്‍ ഞാനാഗ്രഹിച്ചു..
ഈ മാഞ്ചുവട്ടിലിരുന്നു നോക്കുമ്പോള്‍, എന്തൊരു പ്രൌഡി..!
എനിക്കോഫീസില്‍ പോകാനും, അവള്‍ക്കു പള്ളിയില്‍ പോയി വരാനുമൊക്കെ നല്ല സൗകര്യമായിരുന്നു..
ഇനിയിപ്പോ ഓഫീസ്സുമില്ല .. കൈകൂപ്പിനില്‍ക്കാനെന്റെ പ്രിയതമയുമില്ല...
എന്റെ മക്കള്‍ക്കിപ്പോള്‍ അര്‍ത്ഥവും അനക്കവുമുണ്ട്... എനിക്ക് നല്ലരീതിയില്‍ മുഴുമിപ്പിക്കാന്‍ കഴിയാതെപോയ ജീവിതചക്രം അവര്‍ അത്യാവശ്യം ഭംഗിയായിത്തന്നെ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
" അപ്പനിനി വിശ്രമമാണ് വേണ്ടത്. ഒരു ഹോം നേഴ്സിനെ ഏര്‍പ്പാടാക്കിത്തരാം."
അവര്‍ക്ക് വലിയ തിരക്കാണ്. ബാങ്കിലെജോലി മൂത്തയാള്‍ക്ക് വലിയ ബുദ്ധിമുട്ടല്ലെങ്കിലും തന്റെ പ്രിയ സഖിയുടെ ജോലിത്തിരക്കുകാരണം കുഞ്ഞിനെ നോക്കുന്നത് മുതല്‍ വീട്ടുജോലികള്‍ വരെ അവന്‍ തന്നെ നോക്കണം.
രണ്ടാമന് ചെറിയതോതിലെങ്കിലും നല്ലനിലയില്‍ നടക്കുന്ന ഒരു ബിസ്സിനസ്സുണ്ട്. പലപ്പോഴും ദൂരസ്ഥലങ്ങളിലായിരിക്കും.
അവര്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണ്. കുസൃതികള്‍. അവരെ കാണുമ്പോള്‍ എന്റെ കുഞ്ഞുങ്ങളുടെ കുട്ടിക്കാലം ഓര്‍മ്മവരും.
ഇളയവളുടെ ഭര്‍ത്താവിനു വിദേശത്താണ് ജോലി. വര്‍ഷത്തിലൊരിക്കല്‍ വരും. അവര്‍ക്ക് ദൈവം കുഞ്ഞുങ്ങളെ കൊടുത്തിട്ടില്ല. കൊടുക്കുമായിരിക്കും.
അവനോടു ഞാന്‍ പലകുറി സംസാരിച്ചിട്ടുണ്ട്,
നാട്ടില്‍ത്തന്നെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാന്‍.
ശ്രമിക്കുന്നുണ്ടത്രെ.
എന്തോ, അവള്‍ക്കൊരു കുഞ്ഞുണ്ടായിക്കാണാന്‍ വല്ലാതെ കൊതിയാവുന്നു.
" അതൊന്നും ശരിയാവുകേല.. വെറുതെ ശമ്പളം കൊടുക്കാമെന്നല്ലാതെ...."
അവരതൊന്നും ചെവിക്കൊണ്ടില്ല.
ഒരു മദ്ധ്യവയസ്ക്ക. എന്റെ അന്നാമയുടെ അത്രയും പൊക്കമില്ല. കാണാന്‍ വലിയ കുഴപ്പമില്ല. ഭര്‍ത്താവ് മരിച്ചിട്ടു മൂന്നാല് വര്‍ഷമായത്രേ.
" വേറെ കല്യാണമൊന്നും നോക്കിയില്ലേ? "
" ഇല്ല. മകനെ പഠിപ്പിക്കണം. അതിനാ ഈ ജോലിക്ക് വന്നത്."
എന്നെക്കുറിച്ച് അടുത്തുള്ളവരോടൊക്കെ നന്നായിട്ട് അന്വേഷിചിട്ടുണ്ടെന്നു പാല്‍ക്കാരന്‍ വന്നപ്പോള്‍ മനസ്സിലായി.
എനിക്ക് എന്നെക്കുറിച്ചുതന്നെ അഭിമാനം തോന്നിപ്പോയി.
എത്രയാണ് ശമ്പളമെന്നൊന്നും തിരക്കാന്‍ പോയില്ല.
ഒരു മാസം തികഞ്ഞപ്പോള്‍ ആറായിരം രൂപയാണ് അവരുടെ ശമ്പളമെന്നു മനസ്സിലായി. ഹോം നേഴ്സിനെ ഏര്‍പ്പാടാക്കിത്തന്നതില്‍പിന്നെ മക്കളാരും രണ്ടുമൂന്നു മാസത്തേക്ക് ഈ വീട്ടില്‍ വന്നിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്നു തോന്നിക്കാണില്ല.
" ഭയങ്കര തിരക്കായിരുന്നു. ലീവാണെങ്കില്‍ ആകെപ്പാടെ ഒന്നര മാസവും. അപ്പന് സുഖം തന്നെയല്ലേ.."
മകളുടെ മുഖത്തൊരു തെളിച്ചം കാണുന്നുണ്ട്.
ഭര്‍ത്താവിന്റെ സാന്നിധ്യം ഏതൊരു പെണ്ണിനെയും അതീവ സുന്ദരിയാക്കും. അന്നാമ എന്നും സുന്ദരിയായിരുന്നു, ആ സൗന്ദര്യം എനിക്കൊരു ഹരവും."
മറ്റന്നാള്‍ തിരിക്കണം. അവിടുന്ന് ഇപ്പോള്‍തന്നെ ഒരു സ്വൈര്യവും തരുന്നില്ല. വിളിയോടുവിളി".
" ആ പെണ്ണിനെ പറഞ്ഞുവിട്ടു. അല്ലെ?"
പടിയിറങ്ങുമ്പോള്‍ മകള്‍ ചോദിച്ചു.
"ഞാന്‍ അപ്പഴേ പറഞ്ഞില്ലേ.. അതൊന്നും ശരിയാവുകേലെന്നു..."
കാരണമൊന്നും അവളും അന്വേഷിച്ചില്ല. അവരിറങ്ങി.
എന്റെ പെന്‍ഷന്‍ വട്ടച്ചിലവിന്നു തന്നെ തികയില്ല.
ഹോംനേഴ്സിനെ പറഞ്ഞുവിട്ടതില്‍പ്പിന്നെയാ ശ്വാസം നേരെവീണത്.
രാവിലെ മുതല്‍ കാത്തിരിക്കുന്നതാ. അയാളെയും കൂട്ടി വരാമെന്നു പറഞ്ഞ ഔസേപ്പിനെയും കാണാനില്ല.
അവനു മറ്റേതെങ്കിലും വസ്തു കച്ചവടം ഉറപ്പിക്കാനോ മറ്റോ ഉണ്ടായിക്കാണും. അവനിപ്പോ നല്ലകാലമാ. പണമെറിഞ്ഞ് പണം കൊയ്യുന്ന ഈ റിയല്‍ എസ്റേറ്റ് പരിപാടി ഒരു കാന്‍സര്‍ കണക്കെ വ്യാപിച്ചുകൊണ്ടിരിക്കുന്നു.
വരുമായിരിക്കും.
അസ്തമനസൂര്യന്റെ പൊന്‍വെളിച്ചം എന്റെ സ്വപ്നസൌധത്തെ അക്ഷരാര്‍ഥത്തില്‍ സുന്ദരിയാക്കിയിരിക്കുന്നു. ഈ മാഞ്ചുവട്ടിലിരുന്നു നോക്കുമ്പോള്‍ ഏതോ മായാപ്രപഞ്ചത്തിലെ പോലെ..
അകലെയെതോ മുസ്ലിംപള്ളിയില്‍നിന്നും ബാങ്കുവിളി കേള്‍ക്കുന്നു. ഭൂമിക്കുമേല്‍ ഇരുളും വെളിച്ചവും അധികാരക്കൈമാറ്റം നടത്തുന്ന നേരം.
ഇനിയങ്ങോട്ട് പുലരും വരെ...
ബാങ്കുവിളി നേര്‍ത്തുനേര്‍ത്തില്ലാതെയായി. ദൈവം തന്റെ കര്‍മ്മങ്ങള്‍ വളരെ കണിശമായി നിവര്‍ത്തിച്ചുപോരുന്നു..
മനുഷ്യമനസ്സുകളിലേക്ക് ചെകുത്താനെ മേയാന്‍ വിട്ടതില്‍ ദൈവത്തിന്നു തെറ്റുപറ്റിയോ..
ഇനിയേതായാലും ചെകുത്താനെ അവരവരുടെ മനസ്സുകളില്‍നിന്നും ഇറക്കിവിടാന്‍ വേണ്ടത് ചെയ്യുക. അത്രതന്നെ.
ഇനിയിപ്പോ പ്രതീക്ഷിക്കേണ്ട. നാളെനോക്കാം.
ചാരുകസേര മടക്കി അകത്തേക്കുനടന്നു.
വല്ലാത്ത ക്ഷീണം.
കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടന്നു.
അന്നാമയുടെ തണുത്ത കരങ്ങള്‍ എന്നെ തലോടിയോ..
ഇല്ല... തോന്നിയതാവും..
അല്ല..അവള്‍ എന്റെ ചാരെതന്നെയുണ്ട്.. എന്റെ മുടികളില്‍ അലക്ഷ്യമായി വിരലുകളോടിച്ചുകൊണ്ട്..
വല്ലാത്തൊരാശ്വാസം..
അസ്തമയപ്പ്രഭയില്‍ മുങ്ങിനില്‍ക്കുന്ന സ്വപ്നസൗധത്തിന്‍റെ ചാരുതയാര്‍ന്ന ചിത്രം മനസ്സില്‍ നിറഞ്ഞു.
വല്ലാത്ത വെളിച്ചം...
വെളിച്ചം കൂടിക്കൂടി വരുന്നു..
വെളുത്തനിറം..
നിറങ്ങളില്ലാത്ത, തീര്‍ത്തും ശൂന്യമായ അവസ്ഥ.
അന്നാമയുടെ നനുത്ത തലോടല്‍ മാത്രം.
അവളും ഞാനും മാത്രം...
സ്വസ്ഥി....

No comments:
Post a Comment