ടിക്കറ്റും പാസ്സ്പോര്ട്ടും കയ്യിലുള്ള ചെറിയ ബാഗിലേക്ക് സസൂക്ഷ്മം വെച്ചു. ഹാന്‍ഡ്ബാഗ് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ഗേറ്റിനോടു ചേര്‍ന്ന ഒരിപ്പിടത്തിനരികില്‍ ഒതുക്കി വെച്ചു. ഒന്ന് ചുറ്റും കണ്ണോടിച്ചു. പതുക്കെ ആ പതുപതുത്ത ഇരിപ്പിടത്തില്‍ അമര്‍ന്നു. ഹാവൂ...
എമിഗ്രെഷനിലെ ആ പോലീസുകാരന്.. വെറുതേ ശമ്പളം വാങ്ങുന്നവര്‍......,,,, പഹയന്മാര്...,, അയാള്‍ പിറുപിറുത്തു.. ഇവറ്റകളൊക്കെ കണക്കാ...
തന്റെ പാസ്പോര്‍ട്ട് വാങ്ങിവെച്ചിട്ടു അടുത്ത കാബിനിലെ സഹപോലീസുകാരനോട് വെറുതേ എന്തൊക്കെയോ കത്തിവെച്ചതും പോര, കസേരയില്‍ നിന്നെണീറ്റു ഒരൊറ്റ പോക്കാണ്.. പിന്നെ കുറെ കഴിഞ്ഞു തിരിച്ചുവന്നുപവിഷ്ടനായപ്പോഴേക്കും കൂടെ വന്നവരൊക്കെ ലോഞ്ചില്‍ എത്തിയിരിന്നു.
സഹറൂമന്മാര്‍ രണ്ടു ദിവസം മുന്‍പേ തുടങ്ങിയതാണ് പെട്ടികെട്ടല്‍..
എയര്‍ലൈന്‍സിന്റെ നിയമമാണുപോലും, മുപ്പത്തഞ്ചു കിലോ രണ്ടു ചെറിയപെട്ടികളിലാക്കണമെന്നത്. അതിലൊന്നില്‍ നിറയെ കൂട്ടുകാര്‍ വക “പഞ്ഞി”ക്കെട്ടുകളാണ്. രണ്ടായിരത്തിപ്പന്ത്രണ്ടാമാണ്ടിലും പഞ്ഞിക്കെട്ടുള്‍ക്ക് മാത്രം യാതൊരു മാറ്റവുമില്ല. അതിനെന്നുമൊരു ഏകീകൃത രൂപമാണ്. അകത്തെ സാധനങ്ങള്‍ക്ക് മാത്രമേ മാറ്റമുണ്ടാവാറുള്ളൂ.
ബോര്‍ഡിംഗ് പാസ്സ് വാങ്ങാന്‍ ക്യുവില്‍ മുന്നില്‍ തന്നെ അയാളുണ്ടായിരുന്നു.. എന്നിട്ടും അയാള്‍ ഏറ്റവും ഒടുവിലാണ് ലോഞ്ചിലെത്തുന്നത്.
ആ നശിച്ച ജവാസാത്തു തെണ്ടി...
പതിനൊന്നു മണിയാണ് വിമാനത്തിന്റെ സമയം.. എയര്‍പോര്‍ട്ടിലേക്ക് പോരുന്നതിനു മുന്‍പ് രണ്ടു ഖുബ്ബൂസ് കഴിച്ചതാ.. അതും സഹമുറിയന്മാര് നിര്‍ബന്ധിച്ചിട്ട്.. വിശപ്പുണ്ടായിരുന്നില്ല.. പക്ഷെ എമിഗ്രെഷനിലെ കാത്തിരിപ്പിനിടയില്‍ അതും കാറ്റായിപ്പോയി.. ഇനിയേതായാലും ഫ്ലൈറ്റില്‍ നിന്ന് കഴിക്കാം.. കയ്യില്‍ കരുതിയ ബോട്ടിലില്‍നിന്നല്‍പ്പം വെള്ളം കുടിച്ചു. ഇനിയുമുണ്ട് ഒന്നൊന്നര മണിക്കൂര്‍..
പലതവണ യാത്ര ചെയ്തതൊക്കെത്തന്നെ.. എന്നാലും.. മുമ്പെങ്ങുമില്ലാത്തൊരാവലാതി.. ആ ജവാസാത്തുകാരന്‍ എല്ലാ മൂഡും കളഞ്ഞു.. ആ.. ഇനിയിപ്പോ ഒരാറുമാസത്തേക്ക് ഇവന്മാരുടെ മോന്ത കാണണ്ടല്ലോ..
സ്മോക്കെഴസ് കോര്‍ണര്‍ എവിടെയാണാവോ.. എയര്‍പോര്‍ട്ട് പുതുക്കിപ്പണിതത്തില്‍ പിന്നെ ആദ്യമായാണ് നാട്ടിലേക്ക് പോകുന്നത്. മണംപിടിച്ചു കണ്ടുപിടിച്ചു.. ഒന്നാഞ്ഞു വലിച്ചതില്‍പിന്നെയാണൊരു ഉന്മേഷം കിട്ടിയത്.
തിരികെ കസേരയില്‍ വന്നിരുന്നു. ദൂരെ ഇരുളിന്നുമപ്പുറത്തു യന്ത്രപ്പക്ഷികള്‍ അക്ഷമയോടെ മൂളിയും മുരണ്ടും, നിന്നിടത്തുനിന്നു തിരിഞ്ഞും മറിഞ്ഞും, മിന്നിത്തിളങ്ങിയും......
ആ.....ഹ്.... ഉറക്കം കണ്പോളകളെ ബലമായി കീഴ്പ്പെടുത്തുന്നു.. തുറന്നു പിടിച്ചതാണ്.. പിന്നെ എപ്പോഴാണെന്നെനിക്കറിയില്ല...
വിമാനത്തിനകത്ത് നല്ല തണുപ്പാണ്... എയര്‍ ഇന്ത്യ തന്നെയല്ലേ..? മഹാരാജാവ് നേരിട്ട് സ്വാഗതം ചൊല്ലിയതാണല്ലോ..!! പാക്കിസ്ഥാനിയുടെ ഖല്ലാബ് കണക്കെ ചായം തേച്ചു മിനുക്കി, സാരിയുടുത്ത പേക്കോലങ്ങളുമുണ്ടായിരുന്നല്ലോ ഉമ്മറപ്പടിയില്‍.,..!!!
അതെ, എയര്‍ ഇന്ത്യ തന്നെ.. എന്നാലും.. എന്തൊരു തണുപ്പ്...
അതെ, എയര്‍ ഇന്ത്യ തന്നെ.. എന്നാലും.. എന്തൊരു തണുപ്പ്...
ഭക്ഷണം (അങ്ങിനെ പറയാമോ ആവോ) കിട്ടി.. തൈരും മോരും എല്ലംകൂടിയായപ്പോള്‍ ഒരുവിധം വോള്‍ട്ടേജ് കൂടി..
തെളിഞ്ഞ മനസ്സിന്റെ തിരശ്ശീലയില്‍ ആദ്യം കണ്ടത് പ്രിയതമയുടെ മൊഞ്ചുള്ള മുഖം തന്നെ. മകള്‍ ഒക്കത്തുതന്നെയുണ്ട്.. ഇക്കഴിഞ്ഞ മാസം അവള്‍ക്കു മൂന്ന് വയസ്സായി.. എന്നാലും ഉമ്മയുടെ ഒരു അവയവം പോലെയാണിപ്പോഴും.. എപ്പോ നോക്കിയാലും അവളുടെ ഒക്കത്ത് തന്നെ.. ഈ പ്രാവശ്യം എന്തെങ്കിലുമൊരു വഴി കാണണം....
എയര്‍പോര്‍ട്ടില്‍ എല്ലാവരും വന്നിട്ടുണ്ട്.. ഉപ്പ കെട്ടിപ്പിടിച്ചൊരു മുത്തം തന്നു. ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു.. തന്റെ പൊന്നുമോള്,... വാരിയെടുത്തു കുറച്ചു ദൂരെ മാറി ഒരായിരം മുത്തങ്ങള്‍ കൊടുത്തു. കീശയില്‍ കരുതിയിരുന്ന ചോക്കലേറ്റ് എടുത്തവള്‍ക്ക് കൊടുത്തു.. അവള് സുന്ദരമായി ചിരിക്കുന്നു.. സമാധാനമായി.. തന്നെ മറന്നിട്ടില്ല... അയാളും ചിരിച്ചു..
“ഹലോ..” തൊട്ടടുത്തിരുന്നയാള്‍ തട്ടിവിളിച്ചപ്പോള്‍ ചെറിയൊരു ഞെട്ടലോടെ അയാള്‍ ചുറ്റും നോക്കി.. യൂണിഫോമിട്ട കുടവയറന്‍ ഗ്രൌണ്ട് സ്റ്റാഫിനു ചുറ്റും ആവലാതികളോടെ യാത്രക്കാര്‍,..
ജിദ്ദ എയര്‍പോര്‍ട്ടില്‍ തന്നെ.. മൂളിയും മുരണ്ടും ആകാശപ്പറവകള്‍ അവിടെത്തന്നെയുണ്ട്...
“കാലിക്കറ്റിലെക്കല്ലേ..?” അടുത്തിരുന്നയാള്‍ ചോദിച്ചു.
ആകാംക്ഷയോടെ “അതെ..”
“ഫ്ലൈറ്റ് ഡിലെ ആണ്..”.
എയര്‍ ഇന്ത്യ അതിന്റെ പതിവ് തമാശകള്‍ ആരംഭിച്ചിരിക്കുന്നു..
അള്ളാ..ഇനിയെപ്പോഴാണാവോ?
“ഇനി പുലര്‍ച്ചെ മൂന്നുമണിക്കാണത്രേ”..
ഉറക്കം അനുഗ്രഹിച്ചാല്‍ മൂന്നുമണി എന്നത് കൂടുതലൊന്നുമല്ല.. അപ്പോഴെങ്കിലുമൊന്നു പോയാല്‍ മതിയായിരുന്നു..
എന്തോ ടെക്നിക്കല്‍ പ്രോബ്ലമാണത്രേ.. കോക്പിറ്റില്‍ എലി കയറിയതും ടയര്‍ പഞ്ചറായതും എല്ലാം സാങ്കേതിക തകരാറുകളായിരുന്നല്ലോ.. ഇപ്പോഴത്തെ ‘ടെക്നിക്’ എന്താണാവോ...
കുറേ നേരത്തേക്ക് മാറിനിന്ന വിശപ്പ് പെട്ടെന്ന് ഓടിവന്ന് അയാളെ കീഴ്പ്പെടുത്തിക്കളഞ്ഞു.. തല്ക്കാലം ഒരു ചായയും ബെന്നും കഴിച്ചു ഒന്നുകൂടി മയങ്ങാന്‍ പറ്റുമോന്നു നോക്കാം.. പതിനെട്ടു റിയാലിന് ശമിപ്പിക്കാന്‍ പോന്നതായിരുന്നില്ല അപ്പോഴത്തെ വിശപ്പ്.. എന്നാലും അത്രയും മതി..
ഉറക്കം തീരെ കനിഞ്ഞില്ല.. അപ്പൊ പിന്നെ നേരത്തെ എന്തായിരുന്നു.. തന്നെ നാട്ടില്‍വരെ എത്തിച്ച ആ മയക്കം?.
പിഞ്ചുകുഞ്ഞുങ്ങളുടെ കരച്ചില് അവിടവിടെ ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ട്. യാത്രക്കാര്‍ ചെറിയ കൂട്ടംകൂടി എയര്‍ ഇന്ത്യയെ
പഴിച്ചുകൊണ്ടേയിരിക്കുന്നു....
കാത്തിരിപ്പിനു വിരാമം.. ഹാവൂ... ഫ്ലൈറ്റിനടുത്തെക്കുള്ള ഷട്ടില്‍ സര്‍വിസില്‍ നിന്നും ദൂരെ മഹാരാജാവ് തലയെടുപ്പോടെ മിന്നിത്തിളങ്ങുന്നതു കണ്ടു.
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എലികള്‍ ഉണ്ടാകുമോ.. അവയ്ക്ക് ഈ ഫ്ലൈറ്റില്‍ കയറാന്‍ കഴിയാതിരിക്കട്ടെ....
വിന്‍ഡോ സൈഡ് അയാള്‍ക്കേറെ പ്രിയപ്പെട്ടതാണ്..
കഴിഞ്ഞ രാവിന്റെ ക്രൂരതയില്‍നിന്നും സ്നേഹത്തിന്റെ
പൊന്‍പുലരിയിലേക്കൊരു പ്രയാണം..
ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്.
നല്ല മധുരമൂറുന്ന സ്വരത്തിലുള്ള കൊലവിളി...
“പ്രതികൂല കാലാവസ്ഥ കാരണം വിമാനം ചെന്നൈയിലാണ് ഇറങ്ങുന്നത്. എമിഗ്രേഷന്‍ ചെന്നൈയിലായിരിക്കും.”
നാട്ടില്‍ നല്ല മഴയാണെന്നു കേട്ടിരുന്നു. പാടത്തെ കുളത്തില്‍ ചാടിക്കുളിക്കുന്നതും തോട്ടില്‍ മീന്‍പിടിക്കുന്നതും ഒക്കെ കുറച്ചുനാളായി പകല്‍ക്കിനാവ് കാണാറുണ്ടായിരുന്നു. എന്തിനാണിങ്ങനെ ക്രൂരമായൊരു മഴ?
എമിഗ്രേഷന്‍ എന്ന കടമ്പ കടക്കാന്‍ ക്യുവില്‍ നില്ക്കുമ്പോള് കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ തന്നെ കാത്തിരിക്കുന്ന വീട്ടുകാരെക്കുറിച്ചായിരുന്നു ചിന്ത. ഒന്ന് വിളിച്ചുപറയാന്‍..... പുറത്തിറങ്ങിയാലുടനെ വിളിക്കണം..
പാസ്പോര്‍ട്ട് വാങ്ങിയ ഉദ്യോഗസ്ഥന് തമിഴില്‍ എന്തോ ചോദിച്ചു... അയാള്‍ മലയാളത്തില്‍ “എന്ത്..?” എന്ന് ചോദിച്ചു.
ആ ഹാളിന്റെ മൂലയിലേക്കു ചൂണ്ടി അങ്ങോട്ട് പോകാന്‍ പറഞ്ഞു..
സ്യുട്കെയ്സും തൂക്കി അങ്ങോട്ട് ചെന്നു. കമ്പ്യുട്ടറിന്റെ മുന്നിലിരിക്കുന്ന കൊമ്പന്മീശക്കാരന് പോലിസ് പേരു ചോദിച്ചു.
“തെക്കേവീട്ടില്‍ അഷ്റഫ്”. പെട്ടെന്നുതന്നെ പറഞ്ഞു തീര്‍ത്തു.
പുറത്തിറങ്ങിയിട്ടുവേണം വീട്ടുകാര്‍ക്ക് വിളിക്കാന്‍. അവരവിടെ വിഷമിച്ചിരിക്കുകയാവും...
“മലയാളി താനേ....”? അടുത്ത ചോദ്യം.
“അതെ..”
ട്രിച്ചിയിലാരാണെന്നും അവിടുത്തെ വീടും മേല്‍വിലാസവും എല്ലാം അന്വേഷിച്ചപ്പോള്‍ അയാള്‍, ഭൂമിയിലേക്ക് ആണ്ടുപോവുകയാണോ..അതോ ഭൂമി തന്റെ മേല്‍ കനല്‍മഴ ചോരിയുകയാണോ...
കണ്ണില്‍ ഇരുള് മൂടുന്നുവോ...
ബോധം വീണപ്പോള്‍, വ്യാജ മേല്‍വിലാസത്തിലുള്ള പാസ്പോര്‍ട്ടാണ് തന്നെ അഴികല്‍ക്കുള്ളിലാക്കിയതെന്നു അയാള്‍ തിരിച്ചറിഞ്ഞു.. ഉറക്കെ കരഞ്ഞു..
പോലീസുകാരന് നീട്ടിയ മൊബൈല്‍ഫോണില്‍ വീട്ടിലേക്കു വിളിച്ചു...
അയാളുടെ കീശയില്‍നിന്നും എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ്പാസ്സ് പുറത്തേക്ക് തലനീട്ടി അപ്പോഴും അയാളെ കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നു.
മഹാരാജാവ് നഗ്നനാണ്... ക്രൂരനാണ്... കോമാളിയാണ്..


നന്നായിരുന്നുട്ടോ....
ReplyDeleteശ്രമിക്കാം..നാസര്‍....
ReplyDeleteതാങ്കളുടെ വിലയേറിയ ആശംസകള്‍ക്ക് നന്ദി....