ഇന്ന് ഞങ്ങളുടെ സംഗമമാണ്...
സന്തോഷിക്കേണ്ടതാണ്...അതിനു പറ്റുന്നില്ല...
ഓര്‍മ്മകള്‍ പങ്കുവേക്കേണ്ടതാണ്.... കഴിയുന്നില്ല...
പഴയകാലത്തെക്കുറിച്ചു മുനീറാണ് ആദ്യം ഓര്‍മ്മിപ്പിച്ചത്...
അപ്പോള്‍ തൊട്ടു തുടങ്ങിയ ഇരിപ്പാണ്....
ഓരോരുത്തരുടെയും ഹൃത്തടങ്ങളില്‍ ഓര്‍മ്മകളുടെ കടലിരമ്പം...
നിശ്ശബ്ദദയുടെ മേളപ്പെരുക്കം....
ഷാഫി, സലിം, നാസര്‍, ശമ്മൂര്, ഇഖ്ബാല്‍, ഫൈസല്‍, കുട്ടാന്‍, ഹനീഫ്, ഇര്‍ഷാദ്, നാസര്‍, ജാഫര്‍, മുനീര്‍ തുടങ്ങിയ വീരന്മാരും
റുബീന, ഷാക്കിറ, മുനീറ, ബീവി, ജുമൈറ, സുബൈദ തുടങ്ങിയ വീരത്തികളും..... ഈ ഞാനുമടക്കം എല്ലാവരുമുണ്ട്..
“ നമുക്ക് പോയി മാപ്പുചോദിക്കാം.. ”
കഥാപ്രസംഗത്തിനിടക്ക് സിംബലടിച്ചപോലെയുള്ള ആ ചോദ്യം കുറ്റബോധത്തിന്റെ ഉച്ചസ്ഥായിയില്‍നിന്ന് അതിശീഘ്രം ഞങ്ങളെ നിലംപൊത്തിച്ചു.
മറിച്ചോരഭിപ്രായം ആര്‍ക്കുമുണ്ടായിരുന്നില്ല..
ഉണ്ടാവാനിടയുമില്ല.... അത്രകണ്ട് ക്രൂശിച്ചിട്ടുണ്ടാ പാവത്തിനെ..
ഓരോദിവസവും അതിനൂതന പീഡനമുറകള്‍ തയ്യാറാക്കിക്കൊണ്ടുവന്നു നടപ്പിലാക്കുന്നതില്‍ ഇവിടെ കൂടിയവരിലാരും പിറകിലല്ലായിരുന്നല്ലോ..
അവയൊക്കെ ഏറ്റുവാങ്ങുന്നതില്‍ മാഷും യാതൊരമാന്തവും കാണിച്ചിരുന്നുമില്ല..
കളരിയാണോ അതോ കരാട്ടെയാണോ.. അറിയില്ല.. അതിന്റെകൂടി ആശാനായിരുന്നു മാഷ്,
ചാരക്കുഴിയില്നിന്നും എണീട്ടുവന്ന പൂച്ചയെപ്പോലെ അവിടവിടെ മണ്ണും പൊടിയുമായിട്ടാണ് മാഷിന്റെ അധികദിവസത്തെയും രംഗപ്രവേശം. ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ..?
ഫസ്റ്റ്ബെല്ലടിച്ചു...പ്രാര്‍ത്ഥനാഗീതം ആരംഭിച്ചു...
അതാ ഞങ്ങളുടെ ക്ലാസ്മുറിയുടെ എതിര്വരാന്തയിലൂടെ മുണ്ട് നെഞ്ചോളം മടക്കിക്കുത്തി ശരവേഗം ഓഫീസ് റൂം ലക്ഷ്യമാക്കിയുള്ള മാഷിന്റെ ആ കുതിപ്പ് ഇന്നും മായാതെ കണ്ണില്തന്നെയുണ്ട്.
പരിസരം മറന്നു “ മൂസ്സാക്കാ....” എന്നുറക്കെ വിളിച്ചുകൂവിപ്പോയ മുനീറിനെ എനിക്ക് കുറ്റപ്പെടുത്താന്‍ കഴിയുന്നില്ല.. അങ്ങാടിയില്‍ സ്റ്റെഷനറി കച്ചവടം നടത്തുന്ന മൂസ്സാക്കക്കും മാഷിനും ഒരേപോലെയുള്ള കഷണ്ടിയായിരുന്നു... മാഷിനും മൂസ്സാക്കയെ നന്നായറിയാം..
അന്നുപിന്നെ മുനീറിന് പകല്‍വെളിച്ചത്തില്‍ കാറ്റുംകൊണ്ടുള്ള വി ഐ പി പഠനത്തിനു അവസരമൊരുങ്ങി..
മാഷത് കേട്ടിരിക്കുമോ...കേട്ടിരിക്കാന്‍ വഴിയില്ല. മുനീര്‍ പുറത്തുനില്‍ക്കുന്നത് അവന്റെ സ്ഥിരം വികൃതി കൊണ്ടായിരിക്കുമെന്നു കരുതിക്കാണും മാഷ്. കാരണമറിഞ്ഞാല്‍ മാഷുതന്നെ മുന്‍കയ്യെടുത്തു ശിക്ഷയില്‍നിന്നും ഒഴിവാക്കാന്‍ ശിപാര്‍ശ ചെയ്തേനെ.
മഷിപ്പെന്നുകൊണ്ട് മാഷിന്റെ വെള്ളകുപ്പായത്തില്‍ പുള്ളികളിട്ട ഫായിദക്ക് അര്‍ഹിക്കുന്ന ശിക്ഷതന്നെ വാങ്ങിക്കൊടുക്കണമെന്നു ഉറച്ചുതന്നെയാണ് തേങ്ങുന്ന മനസ്സുമായി ഞങ്ങള്‍ സ്റ്റാഫ്റൂമിലേക്ക് ചെന്ന് മാഷിനെ കണ്ടത്. അപ്പോള്‍ മാത്രം ആ പുള്ളികളിലേക്ക് നോക്കിയ മാഷില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത “ സാരമില്ല...” എന്നവാക്ക് കേട്ടപ്പോള്‍ തേങ്ങല്‍ കണ്ണുനീരായി വാര്‍ന്നിറങ്ങിയത് ഇപ്പോഴും ഒരു നീറ്റലോടെയേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ..
അവള്‍ക്കിന്നും കുറ്റബോധമുണ്ട്.. അന്ന് എല്ലാവരും ദൃഡപ്പ്രതിജ്ഞ എടുത്തതായിരുന്നില്ലേ, ഇനി ആരും മാഷിനെ കളിയാക്കുകയില്ലെന്ന്..?
പിറ്റേന്ന് തന്നെ ക്ലാസ്സിലെ ബോര്ഡിലെഴുതിക്കൊണ്ട് ആ പ്രതിജ്ഞ കാറ്റില്‍ പറത്തിയതും ഈ നമ്മള് തന്നെയായിരുന്നില്ലേ....
മാഷങ്ങിനെയായിരുന്നു... എന്നും എന്തെങ്കിലുമൊരു കാരണം മാഷായിട്ടുതന്നെ ഉണ്ടാക്കിവെക്കും.
ഭൂമി ഉരുണ്ടതാണെന്ന് അതിബുദ്ധികളായ ഞങ്ങള്‍ക്ക് മാഷ് ഉദാഹരണസഹിതം പറഞ്ഞുതരേണ്ടിയിരുന്നില്ലല്ലോ...
നമ്മുടെ ഇന്ത്യയില്‍ മണ്ണുമാന്തി കുഴിച്ചു, തുരന്നു തുരന്നു താഴേക്കു പോയാല്‍ അമേരിക്കയിലെത്താമെന്നതായിരുന്നു ആ അതുല്യമായ ഉദാഹരണം.
പ്രകോപിതരില് പ്രകോപിതരായ തുരപ്പന്മാര്ക്ക് ഇതില്‍പ്പരം എന്ത് കാരണമാണ് വേണ്ടത്?
മാഷിനു അപാരമായ ക്ഷമയുണ്ടെന്നു ഞങ്ങള്‍ക്ക് ബോധ്യപ്പെട്ട ദിവസം. രണ്ടു കയ്യും തമ്മിലടിച്ചാലല്ലേ ഒച്ചയുണ്ടാവൂ...
ഏതു ക്ഷമയ്ക്കും ഒരതിരുണ്ടല്ലോ.. അണമുട്ടിയാല്‍ ഏതു നീര്‍ക്കോലിയും കടിക്കും എന്ന ചൊല്ല് സാര്‍ത്ഥകമാക്കിക്കൊണ്ട് അന്നാദ്യമായി മാഷ് പ്രതികരിച്ചു.
തറയില്‍ ചെരിപ്പുകൊണ്ട് ഉരസിയാല്‍ ഒരുതരം വെറുപ്പിക്കുന്ന ശബ്ദമുണ്ടാകുമെന്നും അത് എല്ലാവരുംകൂടി ഒന്നിച്ചുചെയ്താല്‍ വളരെ വിജയകരമായി മാഷിനെ ചൂടാക്കാം എന്നും കണ്ടുപിടിച്ചു അത് നടപ്പില്‍വരുത്താന്‍ അഹോരാത്രം അധ്വാനിച്ച ജബ്ബാറിന്റെ ശ്രമം വിജയം കണ്ട ദിവസം. മാഷ് പതിവുപോലെ ശങ്കിച്ച് ശങ്കിച്ച് ക്ലാസ്സിനകത്തേക്ക്...
മാഷുതന്നെ ഒന്നമ്പരന്നുവോ.. പതിവ് സ്വീകരണങ്ങളൊന്നും ഇന്ന് കാണാനില്ല.. അമ്പരപ്പ് പുറത്തുകാണിക്കാതെ ക്ലാസ്സ് തുടങ്ങി.. വിസ്ഫോടനത്തിന്നു തൊട്ടുമുന്‍പുള്ള പേടിപ്പെടുത്തുന്ന നിശ്ശബ്ദത.. ബോര്‍ഡിലേക്ക് എന്തോ എഴുതാനായി മാഷ് തിരിഞ്ഞുനിന്നതും ചുഴലിക്കാറ്റടിക്കുന്നപോലെയുള്ള ഉരസല്‍ ശബ്ദം... മാഷൊന്നു ഞെട്ടി.. തിരിഞ്ഞുനോക്കിയപ്പോള്‍ എല്ലാം നിശ്ശബ്ദം. ആ മുഖത്തെ ഭാവമൊന്നു കാണേണ്ടത് തന്നെയായിരുന്നു. എല്ലാവരും ഒന്നുമറിഞ്ഞില്ലേ എന്നപോലെയുള്ള ഇരിപ്പ്... മാഷ് വീണ്ടും ബോര്‍ഡിനടുത്തേക്ക്.. വീണ്ടും ചുഴലി.. പെട്ടെന്നായിരുന്നു മാഷ് തിരിഞ്ഞുനോക്കിയത്.. പൊടുന്നനെ ചുഴലിയും നിന്നു. പല്ലുന്തിയ കുഞ്ഞിമുഹമ്മദിന്നു തന്റെ പല്ല് വിനയായി.. അവനു ചിരി നിയന്ത്രിക്കാനായില്ല.. മാഷ് പൊട്ടിത്തെറിച്ചു.. അതൊട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. ഒരു വടിയെടുത്തുകൊണ്ടുവരാന് മുജീബിനോട് കല്പ്പിക്കുകയായിരുനു മാഷ്.,. ഏതോരടിയന്തിര ഘട്ടത്തിലും സമചിത്തത കൈവെടിയാത്ത മുജീബ് അന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വേലിക്കരികില്പോയി ഒരു നേര്‍ത്ത അപ്പയുടെ കമ്പും വണ്ണമുള്ള ഒരു സീമക്കൊന്നത്തണ്ടും കൊണ്ടുവന്നു. ഇതുകൂടി കണ്ടപ്പോള്‍ മാഷൊരു ചെകുത്താനായി മാറി. പിന്നെ ക്ലാസ്സ് ലീഡറോട് ഹെഡ്മാസ്റ്ററുടെ ഷെല്‍ഫില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള അണ്വായുധമായ ചൂരല്‍ കൊണ്ടുവരാന്‍ ആക്രോശിക്കുകയായിരുന്നു. ചൂരല്‍ കയ്യില്‍ കിട്ടിയതും ആദ്യത്തെ അടി മുജീബിനായിരുന്നു കിട്ടിയത്. പിന്നെ കുഞ്ഞിമുഹമ്മദിന്നും. വികൃതിയുടെ ആള്‍രൂപമായ കുഞ്ഞിമുഹമ്മദ് ബോധംകെട്ടപോലെ ഡസ്ക്കിലേക്ക് വീണു. ഇത് മാഷും തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. മാഷിന്റെ കലി ഇതോടെ തണുത്തു. കേസ് ഹെഡ്മാസ്റ്ററുടെ അടുത്തെത്തി. ഹെഡ്മാസ്റ്റര് മാഷിനെ ചോദ്യം ചെയ്തു. മാഷിനു തന്റെ നിരപരാധിത്വം സമര്‍ഥിക്കാന്‍ സംഭവം വിശദീകരിക്കേണ്ടിവന്നു. കുഞ്ഞിമുഹമ്മദിന്ന്‍ ബോധക്ഷയത്തിന്റെ ആനുകൂല്യം കിട്ടി. കുറച്ചുനേരത്തിനകം കുഞ്ഞിമുഹമ്മദിന്ന്‍ ബോധോദയമുണ്ടായി.
അതില്പിന്നെ മാഷാരെയും തല്ലിയിട്ടില്ല.
“ നമുക്കൊന്നവിടെ വരെ പോയാലോ..”
“ വേണം, പോണം..”
ഞങ്ങള്‍ അങ്ങോട്ടു ചെല്ലുമ്പോള്‍ മാഷ് ഉമ്മറത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളെയൊക്കെ കണ്ടപ്പോള്‍ തന്നെ മാഷിനു മനസിലായി.
“ ആ..ആരായിതൊക്കെ.. കയറി വാ.. എല്ലാര്ക്കുംകൂടി ഇരിക്കാനുള്ള സൌകര്യമൊന്നുമിവിടെയില്ല..... കേറിവാ..കേറിവാ...”
ഒരേറ്റുപറച്ചിലിന്റെ ആരവം ഞങ്ങളുടെ നിശ്വാസങ്ങളില്നിന്നു മാഷിനു കേള്ക്കാമായിരുന്നിരിക്കണം. ഒന്നും പറയാനനുവദിച്ചില്ല.
മാഷിന്റെ തൊടിയില്‍ തന്നെയുണ്ടായ ഞാലിപ്പൂവന്‍പഴവും ചായയും കഴിച്ചു. ഞങ്ങള്‍ പടിയിറങ്ങുമ്പോള്‍ മാഷിന്റെ കണ്ണ് നനഞ്ഞിരുന്നു. ഞങ്ങളുടെ കണ്ണുനീരിന് ഞാലിപ്പൂവന്റെ മധുരവും.
മാഷേ.....മാപ്പ്....


very nice... nammude swantham.. balakrishnan sir... nammude schoolile ettavum nalla adhyapakaril oral.. orikkalum marakkatha orupadu anubhavangal veendum ormichedutha ee avatharanam valare nannayi...
ReplyDeleteമനസ്സറിഞ്ഞു വായിച്ചു. കുറച്ചു നേരത്തേക്കെങ്കിലും പഴയ സ്കൂളില്‍ എത്തിയ പോലെ തോന്നി :) പലരും എഴുതിയത് വായിക്കുന്നുന്ടെങ്കിലും നമ്മുടെ നാടിനെ കുറിച്ചും പരിചയമുള്ളവരെ കുറിച്ചും വായിക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ഇനിയും കൂടുതല്‍ വായിക്കാം എന്ന പ്രതീക്ഷയോടെ..
ReplyDeleteസ്കൂള്‍ കാലഘട്ടത്തിലെ വികൃതികളും അതിലെ വിഷമങ്ങളും ...പിന്നീട് നന്മയായ്..ഒരേറ്റുപറച്ചിലായ് ആ നിശ്വാസങ്ങളും..നന്നായി അവതരിപ്പിച്ചു...എഴുത്ത് തുടരുക..
ReplyDeleteSuper...... Keep Writing
ReplyDeleteSahad. KC
Pulikkal
thanks
Delete