Tuesday, February 28, 2012

എക്സിക്യൂട്ടീവ് " തറ "....

By : അര്‍ഷദ് പുളിക്കല്‍ (അബുഅന്‍സബ്)



വ്യാഴാഴ്ച ജോലി തീരുമ്പോള്‍ ഒരു വല്ലാത്ത ആശ്വാസമാണ്..
വെള്ളിയാഴ്ചയിലെ അവധി ആരംഭിച്ചിരിക്കുന്നു..
ഒരു മുഴുവാരത്തിന്റെ മുഴുവന്‍ അലച്ചിലിനും ബ്രെയ്ക്ക്..
വെള്ളിയാഴ്ച രാവിലെ നസ്തയാക്കാനുള്ളതടക്കം ബാകാലയില്‍ നിന്നും വാങ്ങി റൂമിലേക്ക്‌....

ഉറങ്ങണം.. നന്നായൊന്നുറങ്ങണം...

ഉച്ചക്കുണ്ടാക്കിവെച്ച കോഴിക്കറിയും രണ്ടു ഖുബ്ബൂസും... ടെലിവിഷനിലെ നമ്മളാവശ്യപ്പെടാത്ത എന്തൊക്കെയോ ചില പ്രോഗ്രാമ്മുകളും..

വയര്‍ നിറഞ്ഞു..

ഏമ്പക്കവും വിട്ടു  ഫേസ്‌ബുക്കിന്റെ താളുകള്‍ അലക്ഷ്യമായി മറിച്ചുകൊണ്ട് ഒന്നൊന്നര മണിക്കൂര്‍...

ഇന്നലെ പോസ്റ്റ്‌ ചെയ്ത ഫോട്ടോക്ക് ആരെങ്കിലും ലൈക്‌ അടിച്ചിട്ടുണ്ടോ എന്ന് തെല്ലൊരു ജിജ്ഞാസയോടെ നോക്കി. എവടെ....

ഫെയ്ക്ക് ഫോട്ടോ വെച്ച് പ്രോഫൈലുണ്ടാക്കിയവന്മാരുടെ പറുദീസയാണ് ഫെയിസ്ബുക്ക്...(ഫെയിക്ക്ബുക്ക്‌)

പിന്നെ വര്‍ഗീയവാദികളും....
ഇവര്‍ ലോകത്തെ നന്മയിലേക്കല്ല, മറിച്ച് അശാന്തിയിലേക്കല്ലെ കൂട്ടിക്കൊണ്ടു പോവുന്നത്..?

നാശം.. ക്ലോസ്...

രാവിലെ പതിനൊന്നുമണിക്ക് അലാറം ചീറിവിളിച്ചു
എണീറ്റോളാമെന്നു പറഞ്ഞില്ലേ..
ഈ അലാറം എന്നും പ്രാക്ക് കേള്‍ക്കുന്നതാ..... അതുകൊണ്ടുതന്നെയാവണം  ദിവസവും അത് ശബ്ദംകൂട്ടിക്കൊണ്ടു പ്രതിഷേധിക്കുകയാണ്.

ബാത്ത്റൂമിന്‍റെ മുന്നില്‍ അക്ഷമയോടെ കാത്തുനില്‍ക്കുമ്പോഴും ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.

ഇനി എന്റെ ഊഴം..
കാര്യം സാധിച്ചൊരു ജേതാവിനെപ്പോലെ പുറത്തേക്ക്...
കുറച്ചു സമയം കൂടിപ്പോയതിന്നു ഊഴം കാത്തുനിന്ന റൂംമെയിറ്റ്‌ എന്തോ ഒരു തെറി പറഞ്ഞുവോ..
ഏയ്...

നാസ്ത കഴിച്ചു...
പള്ളിയില്‍ പോണം..
ലോകത്തിലെ ഏറ്റവും ഭാരമുള്ള ജോലിയായ ഇസ്തിരിയിടല്‍ വളരെ പെട്ടെന്നുതന്നെ തീര്‍ത്തു...
എനിക്ക് തന്നെ വിശ്വസിക്കാനായില്ല.

നിസ്ക്കരിക്കാന്‍ നില്‍ക്കുമ്പോള്‍ മുഴുവന്‍ മെസ്സുകാരന്‍ കൊണ്ടുവരാറുള്ള  ബിരിയാണിയായിരുന്നു മനസ്സില്‍. (പാടില്ലാത്തതാണ്..)
പക്ഷെ നമ്മള്‍ പാവം മനുഷ്യരല്ലേ..?

ബിരിയാണി തിന്നതിന്നു ശേഷം നല്ലൊരു അഭിപ്രായവും പാസ്സാക്കി... "പോര..." .
വയറുനിറഞ്ഞാല്‍ പിന്നങ്ങിനെയാ..
നമ്മള്‍ പാവം മലയാളികളല്ലേ..?

കുപ്പായം മാറ്റി നുണ ബസാറിലേക്ക്എന്തിനാ..?
ഏതെങ്കിലും കാറിന്മേല്‍  ചാരിനിന്നു ആരുടെയെങ്കിലുമൊക്കെ പച്ചമാംസം കടിച്ചുപറിക്കാന്‍..
കുറെ പരദൂഷണം പറഞ്ഞുകഴിഞ്ഞാല്‍ എന്തെന്നില്ലാത്തൊരാശ്വാസമാണ്.
ബൂഫിയയിലെ ഒണക്കബോണ്ട വിഴുങ്ങി ഒരു ചായയും കുടിച്ചാല്‍ പിന്നെ തിരികെ റൂമിലേക്ക്‌....
ഇരുപത്തിനാല് മണിക്കൂര്‍ ഇവിടെ തീരുന്നു...

ഇനി ഒരു മുഴുവന്‍ ആഴ്ച...
നീണ്ട കാലം...ഒരു ദിവസം ഒരു മാസം പോലെ ....

തന്റെ സ്വന്തം സാമ്രാജ്യമായ കട്ടിലിലേക്ക്...
ഭൂതകാലം ഇരുളിന്റെ ഗോളമായി കണ്ണിലേക്ക്...
പ്രതീക്ഷയുടെ നേര്‍ത്ത നുറുങ്ങുവെട്ടം എവിടെയോ കണ്ടുവോ....? ഏയ്..തോന്നിയതാവും...
കിരു കിരാ രാഗത്തില്‍ കട്ടില്‍കാലുകളുടെ പതിവ്‌ ജുഗല്‍ബന്തി.... പിന്നെ ഞാനും....

അത്ര സുഖകരമല്ലാത്തതും ഓര്‍ക്കാനിഷ്ടമില്ലാത്തതുമായതുകൊണ്ട് നാളെ മുതലുള്ളത് വിടുന്നു..

അടുത്ത വ്യാഴാഴ്ച...
പതിവുപോലെ ബകാലയിലേക്ക് നടക്കാനൊരുങ്ങി..
"ഇന്ന് പാര്‍ട്ടിയുണ്ട്.. നമ്മുടെ അക്കൌണ്ടന്റിന്‍റെ വകയാ.." മുദീര്‍ പിറകില്‍ നിന്ന് വിളിച്ചു.
കുറച്ചു നേരം പകച്ചുനിന്നു...
നടക്കാന്‍ പാടില്ലാത്തതെന്തോ നടക്കാന്‍ പോകുന്ന പോലെ..
കേള്‍ക്കാന്‍ പാടില്ലാത്തതെന്തോ കേട്ടപോലെ..
"സത്യം..?".. ഒന്നുകൂടി ഉറപ്പു വരുത്തി..
ഇളയ മകളുടെ ബര്‍ത്ത്ഡേ പാര്‍ട്ടിയാണത്രേ..
സിറ്റിയുടെ പുറത്തു മരുഭൂമി തുടങ്ങുന്നേടത്തു എല്ലാവരും ചെന്നിരിക്കാറുള്ള ഒരു പാര്‍ക്കുണ്ട്.. ( പാര്‍ക്കോ..?)
ഏതായാലും അവിടെ വെച്ചാണ്..
ശരി.. ക്ഷണിച്ചതല്ലേ... പോകാ...ല്ലേ..?
വണ്ടിയില്‍ കയറാനൊരുങ്ങിയപ്പോ അടുത്ത കടയിലെ സുഹൃത്ത്‌ എന്താ പരിപാടി എന്നന്വേഷിച്ചു..
പാര്‍ട്ടിയുടെ കാര്യം പറഞ്ഞതും അവന്‍ തലയില്‍ കൈവെച്ചതും ഒരുമിച്ചായിരുന്നു...
കാര്യമറിഞ്ഞപ്പോ പാര്‍ട്ടി ക്യാന്‍സല്‍....

കാലങ്ങളോളമായി വൃത്തികേടായിക്കിടക്കുന്ന പബ്ലിക്‌ പൈപ്പില്‍ നിന്നാണത്രേ പാര്ട്ടിക്കാവശ്യമായ വെള്ളം കൊണ്ടുപോയിരിക്കുന്നത്...
കഴിഞ്ഞയാഴ്ച അതിലൊരു പൂച്ച ചത്തുകിടന്നിരുന്നു.

രണ്ടായിരത്തിപ്പന്ത്രണ്ടാമാണ്ടിലും  Windows 98 ല്‍ കണക്കപ്പിള്ള കളിക്കുകയും ഉന്തുവണ്ടിക്കാരന്‍ കച്ചവടം കഴിഞ്ഞതിനു ശേഷം ഒഴിവാക്കാന്‍ വെക്കുന്ന പച്ചക്കറികള്‍ പെറുക്കിയെടുത്തു മക്കള്‍ക്ക്‌ ഭക്ഷണമൊരുക്കുകയും ഖുമാമാപ്പെട്ടിയില്‍ കിടന്നു പരതുകയും ചെയ്യുന്ന ഈ എക്സിക്കുട്ടിവ്‌ തറയില്‍ നിന്ന് പാര്‍ട്ടി പ്രതീക്ഷിച്ച ഞങ്ങളല്ലേ യഥാര്‍ത്ഥ വിഡ്ഢികള്‍..?

നേരംപോയത് മിച്ചം...

ബകാലയടച്ചു....

നാളെ രാവിലത്തെ നാസ്ത ഗോവിന്ദ...

No comments:

Post a Comment