Thursday, March 29, 2012

റീഎന്‍ട്രി... (ചെറുകഥ)







“ ഒന്ന് വഴിമാറൂ....”


അക്ഷമരായി വാതിലിന്നു മുന്നില്‍ ഊഴവും കാത്തിരിക്കുന്ന രോഗികള്‍ക്കിടയില്‍ സിസ്റ്റര്‍ കാണിച്ച വഴിയിലൂടെ തെല്ലൊരഹങ്കാരത്തോടെ ഡോക്ടറുടെ മുറിയില്‍ പ്രവേശിച്ചു. കഴിഞ്ഞ തവണ കൊടുത്ത ഗിഫ്റ്റിന്‍റെ ബലത്തിലായിരുന്നു ഈ അനധികൃത പ്രവേശവും അഹങ്കാരവും. അഹങ്കരിക്കാന്‍ വകയുണ്ടല്ലോ. ഇരുനൂറു റിയാലാണ് പൊട്ടിച്ചത്. ആലോചിക്കുമ്പോള്‍ സഹിക്കുന്നില്ല. പക്ഷെ ഈ ഒരു സൗകര്യം.. മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറെ യാതൊരുവിധ കാത്തിരിപ്പുംകൂടാതെ സന്ദര്‍ശിക്കാന്‍ കഴിയുക. നല്ല പരിഗണന കിട്ടുക. ചില്ലറ കാര്യമൊന്നുമല്ല.

കയ്യിലെ ഫോറിന്‍ കവറുകണ്ടിട്ടാണോ അതോ ആദ്യത്തെ ഗിഫ്റ്റ്‌ ഓര്‍മ്മയുള്ളതുകൊണ്ടാണോ ആവോ, ഡോക്ടര്‍ നല്ല പരിചയമൂറുന്ന ചിരിയോടെ ഒരു ഷെയ്ക്ക്‌ ഹാന്‍ഡ്‌ തന്നു.

“ ഇരിക്കൂ... എന്തൊക്കെയുണ്ട് വിശേഷം”

എന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരിയിലൂടെ കുശലാന്വേഷണങ്ങള്‍ക്ക് വിരാമമിട്ടു.

“ ഓ.. വളരെ മാറ്റമുണ്ടല്ലോ....”
മകളുടെ മുഖത്തുള്ള ആ നശിച്ച പാടില്‍ സ്പര്‍ശിച്ചുകൊണ്ട് ഡോക്ടര്‍ കാര്യത്തിലേക്ക് കടന്നു.
“ഇങ്ങടുത്തുവാ...”

ജന്മനാ ഉള്ളതാണ്. വലിയ പ്രശ്നമൊന്നുമില്ല. എന്നാലും, പെണ്കുട്ടിയല്ലേ.... ആദ്യത്തെ മകന്‍ പിറന്നതിന്നുശേഷം കുറച്ചു കാത്തിരിക്കേണ്ടിവന്നു. അതിനിടയില്‍ വിധിയും ഒന്നുരണ്ടുതവണ നിരാശനാക്കി.. പിന്നെ ഇങ്ങനെയാണ് കിട്ടിയത്. ദൈവത്തിനു സ്തുതി. വേറെ കുഴപ്പങ്ങള്‍ ഒന്നുമില്ലല്ലോ.

ഡോക്ടര്‍ ഇത് മൂന്നാം തവണയാണ് ഓപറേഷന്‍ നടത്താന്‍ പോകുന്നത്. ഇനിയൊരു രണ്ടു തവണ കൂടി വേണമത്രേ.

കയ്യിലുള്ള ഫോറിന്കവര്‍ ഡോക്ടറെ ഒന്നുകൂടി സൗഹൃദത്തിലേയ്ക്കടുപ്പിച്ചു. ഓപ്പറേഷന്റെ ഡേറ്റ് വാങ്ങി പുറത്തിറങ്ങി. സിസ്റ്റര്‍ ചിരിച്ചുകൊണ്ട് പിന്നില്‍ തന്നെയുണ്ട്. ഭാര്യയോട് ഒരു സഹപാഠിയോടെന്നപോലെ നിര്‍ത്താതെ സംസാരിക്കുന്നുണ്ടായിരുന്നു.

“ എന്നാ ശരി.... “

സിസ്റ്റര്‍ മകളുടെ കവിളിലൊരുമ്മ വെച്ചു.

അടുത്തപ്രാവശ്യം രണ്ടു ഫോറിന്‍കവര്‍ ഉറപ്പായി...

പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ കൌണ്ടറിന്നുമുന്നിലൊരു പരിചിതമായ മുഖം, ഖമറുദ്ദീന്‍. അവന്‍റെ ഭാര്യയുമുണ്ട്..
“ അസ്സലാമു അലൈക്കും....”
“ വ അലൈക്കുമുസ്സലാം.... “
“ എന്തെ ഇവിടെ...? ആരെ കാണിക്കാനാ..?”
“ ഭാര്യക്ക്‌ കഴുത്തിന്റെ സൈഡിലൊരു ചെറിയ മുഴ.. നമ്മുടെ അവിടുത്തെ ഡോക്ടര്‍ ഇവിടെയൊന്നു കാണിക്കാന്‍ പറഞ്ഞു..”

പിന്നെ കാണാമെന്നുപറഞ്ഞു പിരിഞ്ഞു.

ഇങ്ങോട്ട് വരുമ്പോള്‍ നല്ല തിരക്കായിരുന്നു. വളരെ പാടുപെട്ടാണ് പാര്‍ക്കിംഗ് ഒപ്പിച്ചത്. പിന്നെ എന്റെ ഡ്രൈവിങ്ങും... ഇനിയിപ്പോ അതിനിടയില്‍നിന്നു കാറൊന്നു പുറത്തുചാടിക്കണം..
“ ബദ് രീങ്ങളെ........”

ഒരു ചീത്ത മനുഷ്യന്‍റെ ( തെറി വിളിച്ചതുകൊണ്ടങ്ങിനെ തോന്നിയതാവാം ) ബൈക്കിനിടിച്ചതൊഴിച്ചാല്‍ വലിയ കുഴപ്പമില്ലാതെ മെയിന്‍ റോഡിലെത്തി. എനിക്ക് ലൈസന്‍സ് തന്ന ഓഫീസറെങ്ങാനും ഈ ചുറ്റിത്തിരി കണ്ടാല്‍ എന്നെ തല്ലിക്കൊന്നു ജയിലില്‍പോകും.

ഒരുവിധം വീടെത്തി. വീണ്ടും ദൈവത്തിനു സ്തുതി..
പിന്നെയും ഒന്നുരണ്ടു തവണ ചെറിയ മുട്ടലും ഉരസലുമൊക്കെ ഉണ്ടായി. എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ് ഡ്രൈവിംഗ് പഠിച്ചത്.

അടുക്കളയില്‍ ഭാര്യയെ സഹായിച്ചു ( വെറുപ്പിച്ചു ) കൊണ്ടിരിക്കുന്നതിനിടയില്‍ ഹോസ്പിറ്റലില്‍ വെച്ച് കണ്ട ആ സ്നേഹിതന്റെയും ഭാര്യയുടെയും കാര്യം പെട്ടെന്ന് മനസ്സിലേക്കോടിവന്നു. അവന്‍റെ ഉപ്പ നാട്ടിലെ വലിയ പണക്കാരനാണ്. ഭാര്യവീട്ടുകാരും മോശക്കാരല്ല. എന്നിട്ടും അവനെന്തിനാ ഗള്‍ഫില്‍ കണ്ടവന്‍റെ ആട്ടും തുപ്പും കൊണ്ട് കാലം കഴിക്കുന്നത്‌?

എന്തിനാ അവനെ പറയുന്നത്...?. ഞാനെന്തിനാ മറുനാട്ടിലിങ്ങനെ.....!!

എന്‍റെ പ്രശ്നങ്ങള്‍ എനിക്കല്ലേ അറിയൂ... അവനെപ്പോലെത്തന്നെ എനിക്കും ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നു. ഇപ്പോഴത്തെ കാലത്ത് മറ്റെന്തെങ്കിലും കാരണം വേണോ എന്നെപ്പോലുള്ളവര്‍ക്ക് ബേജാറാവാന്‍..? എന്നാലും ഞാന്‍ ഒരു പരിധിവരെ ഭാഗ്യവാന്‍ തന്നെ. ഭാര്യയോടും കുട്ടികളോടുമൊന്നിച്ചുതന്നെയായിരുന്നില്ലേ ഗള്‍ഫിലും.

“ ഉപ്പാ... ഇതാ ഉമ്മറത്ത് ആരോ കാണാന്‍ വന്നിരിക്കുന്നു...”

ചിന്തകള്‍ക്ക് നിശ്വാസങ്ങളെ കൂട്ടിരുത്തി ഉമ്മറത്തേക്ക് നടന്നു.
കക്ഷത്തിലൊരു കറുത്ത ബാഗും കയ്യില്‍ റസിപ്റ്റ്‌ ബുക്കും പേനയും മൊട്ടത്തലയില്‍ പറ്റിക്കിടക്കുന്ന വെളുത്തതൊപ്പിയും... ശുഭ്രവസ്ത്രധാരിയായ മാന്യദേഹം നമ്മുടെയൊക്കെ വീടുകളിലെ സ്ഥിരം സന്ദര്‍ശകന്‍ തന്നെ. യത്തീംകുട്ടികളുടെ പുനരുദ്ധാരണത്തിന്നായി കഠിനാധ്വാനം ചെയ്യുന്നവര്‍. നൂറിനു നാല്‍പ്പതു കമ്മീഷന്‍......
നൂറിന്റെ നോട്ടു മടക്കി ബാഗിലുവെച്ചു.

“ പടച്ചോന്‍ നമുക്കിനിയും ഖൈറും ബറക്കത്തും നല്‍കട്ടെ....” ആമീന്‍...

പ്രാര്‍ത്ഥന അറുപതിനും നാല്പ്പതിന്നും കൂടിയാണ്... എന്നാലും ആരുടെയൊക്കെ പ്രാര്‍ത്ഥനയാണ് പടച്ചവന്‍ കേള്‍ക്കുക എന്നറിയില്ലല്ലോ..

ഈ വെക്കെഷന്‍ ആശുപത്രിയും പിരിവുകാരും വീതംവെച്ചെടുക്കും....

“ നല്ല കുറിയരിക്കഞ്ഞിയും കാന്താരിമുളകരച്ച ചമ്മന്തിയുമുണ്ട്... കുറച്ചു കുടിച്ചോ..വാ...” ഗള്‍ഫില്‍നിന്നു ഫോണ്‍ ചെയ്തപ്പോഴെപ്പോഴോ ഉമ്മയോട് പറഞ്ഞതായിരുന്നു കുറിയരിക്കഞ്ഞിയുടെയും ചമ്മന്തിയുടെയും കാര്യം.. ഉമ്മമാര്‍ക്കെപ്പോഴും അങ്ങിനെയാ.... മക്കളുടെ ഭക്ഷണക്കാര്യം കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെന്തും.... സ്നേഹത്തിന്റെ മാന്ത്രിക ചേരുവ പാകത്തിനു ചേര്‍ത്ത ആ ഭോജന സുഖം, അതിന്നു ഇവിടെ, എന്‍റെ ഉമ്മയുടെ അടുത്തുതന്നെ വരണം.

ഇന്ന് വിറകുപുര കെട്ടാന്‍ ആ രാമന്‍കുട്ടി വരാന്നു പറഞ്ഞിരുന്നു. പത്തരവരെ കാത്തിരുന്നു. വന്നില്ല. കൂലിപ്പണിക്കാരെ ഒന്ന് കിട്ടണമെങ്കില്‍ നേര്ച്ച നേര്‍ന്നു കാത്തിരിക്കണം.. വന്നുകാണാതായപ്പോള്‍ ഉമ്മയുടെ അടുത്തേക്ക്‌ പോന്നതാണ്. ഉപ്പയെ കാണണമെങ്കില്‍ അങ്ങ് താഴെ പള്ളിയാളി വരെ പോണം. എന്നും എന്തെങ്കിലും പണിയുണ്ടാവും. രാവിലെ കട്ടന്‍ചായയും കുടിച്ചൊരു പോക്കാ.. പത്തുമണിക്ക് വരും, കഞ്ഞികുടിക്കാനാണ് ഉപ്പക്കിഷ്ട്ടം. അതിന്നു പല്ലിന്റെ സഹായം വേണ്ടല്ലോ..
ഇന്നിപ്പോ ഇതുവരെ വന്നിട്ടില്ല. ഇനി ഉച്ചക്ക് നോക്കിയാല്‍മതി.

“ ഉപ്പയെവിടെ ഉമ്മാ... ഇന്നും പണിക്കാരുണ്ടോ..?”

“ ഇന്ന് അയമുട്ടിക്കാന്‍റെ മോന്‍റെ കുടിയിരുപ്പാണ്.. ഇപ്പൊ പോയിട്ടേ ഉള്ളൂ.. വൈകും”

വിറകുപുര കെട്ടാന്‍ അയമുട്ടിക്കാനെ കിട്ടിയാലും മതിയായിരുന്നു. അതിനു അയമുട്ടിക്കാക്ക് ഉപ്പയുടെ അടുത്തുനിന്നൊരു മോചനം കിട്ടിയിട്ട് വേണ്ടേ.. എനിക്കോര്‍മ്മവെച്ച കാലം മുതല്‍ അയമുട്ടിക്ക ഉപ്പാന്‍റെ വാലായി നടക്കുന്നുണ്ട്.

മഴതുടങ്ങുന്നതിന്നുമുമ്പു അതൊന്നു ഉണ്ടാക്കികിട്ടിയാല്‍ മതിയായിരുന്നു. ഒരാഴ്ചയിലേറെയായി വിറക്‌ കാര്‍പോര്ച്ചിനകത്ത്... കാര്‍ പുറത്തും. വളരെ നേരത്തെ ബുക്ക്‌ ചെയ്തിട്ട് കിട്ടിയ വിറകാ.... വീടുപണി തുടങ്ങുന്നതിനു മുന്‍പേ വിരകുപുരയാണ് ഉണ്ടാക്കേണ്ടതെന്ന തിരിച്ചറിവ് ഞാനിവിടെ വായനക്കാര്‍ക്കായി പങ്കുവെക്കുന്നു.

“ നിനക്കിനി ഇവിടെത്തന്നെ കൂടിക്കൂടെ..?”
ഉമ്മ ഉപദേശങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. അത് ആളിക്കത്തുന്നതിന്നു മുമ്പ് സ്ഥലംവിടാന്‍ തീരുമാനിച്ചു.

“ മുതലാളി വിടൂല ഉമ്മാ.... അവിടെ ഞാനില്ലാതെ പറ്റില്ല. ഇന്നലെയും വിളിച്ചിരുന്നു..”
“ ഇനി പിന്നെ വരാ ഉമ്മാ... ഒരു ചങ്ങാതി വരാന്നു പറഞ്ഞിരുന്നു.”

മാളുമ്മുവിന്‍റെ മിസ്സ്ഡ്‌ കോള്‍ രക്ഷക്കെത്തി.. അവള്‍ അറിഞ്ഞോ അറിയാതെയോ പലപ്രാവശ്യം എന്നെ ഇതുപോലെ രക്ഷപ്പെടുത്തിയിട്ടുണ്ട്.. ഇന്നവള്‍ക്കൊരു ഐസ്ക്രീം വാങ്ങിക്കൊടുക്കണം..

തിടുക്കത്തില്‍ സലാം പറഞ്ഞു പുറത്തിറങ്ങി. കാന്താരിമുളക് വല്ലാത്ത സാധനം തന്നെ. പൂതി തീര്‍ന്നുപോയി.  

രാമന്കുട്ടിയും മൊബൈലും പരിധിക്കുപുരത്ത്..... ഏതായാലും ഒരു താര്‍പ്പായ വാങ്ങിവെക്കാം.. കാറിന്‍റെ മുകളിലെങ്കിലുമിടാമല്ലോ....

പിന്നെയും ഒന്നൊന്നര മാസം കഴിയേണ്ടിവന്നു, രാമന്‍കുട്ടി പ്രത്യക്ഷപ്പെടാന്‍. ഏതായാലും മൂന്നാല് ദിവസം കൊണ്ട് വിറകുപുര റെഡി. എന്നാലും കാറിനു പോര്‍ച്ചില്‍ കിടക്കാന്‍ ഭാഗ്യം ഉണ്ടായില്ല. വാടകക്കാരന് പെട്ടെന്നുതന്നെ കാര്‍ വേണമത്രേ. ഇനിയൊരഞ്ചാറു ദിവസംകൂടിയുണ്ട് തിരിച്ചുപോവാന്‍. അതിനും ഒരു മാസത്തെ വാടക വേണമത്രേ.. വേണ്ട.. അല്ലെങ്കിലും പെട്രോളിനൊക്കെ എന്താ വില..!!

യാത്ര പറച്ചിലൊക്കെ നേരത്തെ തീര്‍ത്തത് നന്നായി.

വൈകിട്ട് അങ്ങാടിയിലേക്ക് നടക്കുമ്പോള്‍ ഖമറുദ്ദീനെ കണ്ടു.
“ എപ്പോഴാ ഫ്ലൈറ്റ്‌..”
“ അടുത്ത വെള്ളിയാഴ്ച. വൈകിട്ട് അഞ്ചു മണിക്ക്... നിനക്കിനി എത്രയുണ്ട് ലീവ്..?”
“ ലീവൊക്കെ ഇനിയും രണ്ടുമൂന്നു മാസം കൂടിയുണ്ട്.. പോരാന്‍ മനസ്സുണ്ടായിട്ടല്ല... എന്നാലും ഞാന്‍ കുറച്ചു നേരത്തെ പോരും...”
“ എന്തേ...” തെല്ലൊരാകാംക്ഷയോടെ ചോദിച്ചു.
“ അന്ന് നമ്മള്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് കണ്ടില്ലേ...?”
“ അതെ... ഭാര്യയുടെ കഴുത്തിന്‍റെ സൈഡിലെ മുഴ...”
“ അതെ.. അത് കാന്‍സെറാടാ..”

വല്ലാത്തൊരു ഞെട്ടലോടെയാണ്‌ ഞാനത് കേട്ടത്. എന്താ പറയേണ്ടതെന്നറിയാതെ ഞാനൊരു നിമിഷം സ്തബ്ധനായി നിന്നുപോയി.

“ ഇനി തിരുവനന്തപുരത്തു കൊണ്ടുപോവണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിനിടയില്‍ മോള്‍ക്കൊരു നല്ല കല്ല്യാണക്കാര്യവും ശരിയായിട്ടുണ്ട്.”

ജീവിതത്തിന്‍റെ വര്‍ണ്ണാഭമായ നിറക്കൂട്ടുകള്‍ക്ക് ഭ്രാന്തമായ ഭീകരതയുടെ ചട്ടക്കൂടു തീര്‍ക്കുന്നു ദൈവം. അതിനകത്ത് നിറങ്ങള്‍ക്ക് നിറമില്ലാതാകുന്നു. 
പരീക്ഷണങ്ങളില്‍ പരിക്ഷീണനാകുമ്പോള്‍ പിന്നെ പതുക്കെ ഇരുളിന്‍റെ അഗാധതയിലേക്ക്...

ഉറങ്ങാന്‍ കിടക്കുമ്പോള്‍ പഴയ കാര്യങ്ങളൊക്കെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഖമറുദ്ദീന്‍റെ കല്ല്യാണവും പടക്കം പൊട്ടിക്കലും എല്ലാം.. ഇങ്ങനെയൊരു ദുരന്തം അവന്‍റെ ജീവിതത്തിലുണ്ടാവുമെന്നാരോര്‍ത്തു...

എന്നെ യാത്രയയക്കാന്‍ എല്ലാവരും വന്നിരുന്നു. ഇങ്ങോട്ട് വന്നപ്പോള്‍ കൂടെയുണ്ടായിരുന്ന എന്‍റെ കുടുംബം തിരിച്ചങ്ങോട്ടില്ല. അവര്‍ക്ക്‌ ഒരു വര്‍ഷത്തെ റീഎന്‍ട്രി തരപ്പെടുത്തിയാണ് പോന്നത്. പറ്റിയാല്‍ അതിനുമുമ്പ് തന്നെ കൊണ്ടുപോവണം. 
എന്നാലും വേര്‍പ്പാടിന്‍റെ വേദനയ്ക്ക് എന്നും ഒരേ മുഖമാണ്... കരഞ്ഞുകലങ്ങിയ കണ്ണുകള്‍... ചുവന്നു തുടുത്ത കവിളുകള്‍.........,,,

വിമാനത്തിന്നകത്തു നന്നായൊന്നുറങ്ങി..
എയര്‍പോര്‍ട്ട് ഫോര്‍മാലിറ്റിസ് കഴിഞ്ഞ് പുറത്തേക്ക്..


പുറത്തു ചുട്ടുപൊള്ളുന്ന മരുഭൂമി.. അതുകഴിഞ്ഞ് കോണ്ഗ്രീറ്റ്‌ കാട്. അതിനകത്തെ ഒരിരുണ്ട മാളത്തിനകത്തേക്ക് ചക്കയും മാങ്ങയുമടങ്ങുന്ന കടലാസുപെട്ടി വലിച്ചുകയറ്റി കതകടച്ചു. ഇനി കഞ്ഞിയും കാന്താരിമുളക് ചമ്മന്തിയുമില്ലാത്ത, സ്നേഹ-വാല്‍സല്യങ്ങളില്ലാത്ത ഈ ചുമരുകള്‍ക്കുള്ളില്‍... എത്രനാള്‍....,.... അറിയില്ല..

ജോലിയും ജോലിത്തിരക്കുമായി വീണ്ടും.....

അതിനിടയിലെപ്പോഴോ ഭാര്യയുടെ ഫോണ്കോളിലൂടെ അറിഞ്ഞു, ഖമറുദ്ദീന്‍റെ ഭാര്യ മരിച്ചെന്ന്. മൂന്നാം നാള്‍ മകളുടെ കല്യാണം നേരത്തെ നിശ്ചയിച്ചപോലെ നടന്നു. ചെറുക്കനും വീട്ടുകാരുമാരൊക്കെയോ വന്നു കൂട്ടിക്കൊണ്ടുപോയി.

ഖമറുദ്ദീന്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ യാത്രപറഞ്ഞിറങ്ങി.....

റീഎന്‍ട്രി കാലാവധി തീരാറായത്രേ....

വേദനകളുടെ തീരത്തുനിന്നും വേദനകളുടെ മറുതീരത്തേക്ക് വീണ്ടുമൊരൊളിച്ചോട്ടം.....



Thursday, March 22, 2012

മഹാരാജാവ്‌ നഗ്നനാണ്...



ടിക്കറ്റും പാസ്സ്പോര്ട്ടും കയ്യിലുള്ള ചെറിയ ബാഗിലേക്ക് സസൂക്ഷ്മം വെച്ചു. ഹാന്‍ഡ്‌ബാഗ്‌ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ഗേറ്റിനോടു ചേര്‍ന്ന ഒരിപ്പിടത്തിനരികില്‍ ഒതുക്കി വെച്ചു. ഒന്ന് ചുറ്റും കണ്ണോടിച്ചു. പതുക്കെ ആ പതുപതുത്ത ഇരിപ്പിടത്തില്‍ അമര്‍ന്നു. ഹാവൂ...

എമിഗ്രെഷനിലെ ആ പോലീസുകാരന്‍.. വെറുതേ ശമ്പളം വാങ്ങുന്നവര്‍......,,,, പഹയന്മാര്‍...,, അയാള്‍ പിറുപിറുത്തു.. ഇവറ്റകളൊക്കെ കണക്കാ...
തന്റെ പാസ്പോര്‍ട്ട്‌ വാങ്ങിവെച്ചിട്ടു അടുത്ത കാബിനിലെ സഹപോലീസുകാരനോട് വെറുതേ എന്തൊക്കെയോ കത്തിവെച്ചതും പോര, കസേരയില്‍ നിന്നെണീറ്റു ഒരൊറ്റ പോക്കാണ്.. പിന്നെ കുറെ കഴിഞ്ഞു തിരിച്ചുവന്നുപവിഷ്ടനായപ്പോഴേക്കും കൂടെ വന്നവരൊക്കെ ലോഞ്ചില്‍ എത്തിയിരിന്നു.

സഹറൂമന്മാര്‍ രണ്ടു ദിവസം മുന്‍പേ തുടങ്ങിയതാണ് പെട്ടികെട്ടല്‍..
എയര്‍ലൈന്‍സിന്‍റെ നിയമമാണുപോലും, മുപ്പത്തഞ്ചു കിലോ രണ്ടു ചെറിയപെട്ടികളിലാക്കണമെന്നത്. അതിലൊന്നില്‍ നിറയെ കൂട്ടുകാര്‍ വക “പഞ്ഞി”ക്കെട്ടുകളാണ്. രണ്ടായിരത്തിപ്പന്ത്രണ്ടാമാണ്ടിലും പഞ്ഞിക്കെട്ടുള്‍ക്ക് മാത്രം യാതൊരു മാറ്റവുമില്ല. അതിനെന്നുമൊരു ഏകീകൃത രൂപമാണ്. അകത്തെ സാധനങ്ങള്‍ക്ക് മാത്രമേ മാറ്റമുണ്ടാവാറുള്ളൂ.

ബോര്‍ഡിംഗ് പാസ്സ് വാങ്ങാന്‍ ക്യുവില്‍ മുന്നില്‍ തന്നെ അയാളുണ്ടായിരുന്നു.. എന്നിട്ടും അയാള്‍ ഏറ്റവും ഒടുവിലാണ് ലോഞ്ചിലെത്തുന്നത്.

ആ നശിച്ച ജവാസാത്തു തെണ്ടി...

പതിനൊന്നു മണിയാണ് വിമാനത്തിന്റെ സമയം.. എയര്‍പോര്‍ട്ടിലേക്ക് പോരുന്നതിനു മുന്‍പ് രണ്ടു ഖുബ്ബൂസ്‌ കഴിച്ചതാ.. അതും സഹമുറിയന്മാര്‍ നിര്‍ബന്ധിച്ചിട്ട്.. വിശപ്പുണ്ടായിരുന്നില്ല.. പക്ഷെ എമിഗ്രെഷനിലെ കാത്തിരിപ്പിനിടയില്‍ അതും കാറ്റായിപ്പോയി.. ഇനിയേതായാലും ഫ്ലൈറ്റില്‍ നിന്ന് കഴിക്കാം.. കയ്യില്‍ കരുതിയ ബോട്ടിലില്‍നിന്നല്‍പ്പം വെള്ളം കുടിച്ചു. ഇനിയുമുണ്ട് ഒന്നൊന്നര മണിക്കൂര്‍..

പലതവണ യാത്ര ചെയ്തതൊക്കെത്തന്നെ.. എന്നാലും.. മുമ്പെങ്ങുമില്ലാത്തൊരാവലാതി.. ആ ജവാസാത്തുകാരന്‍ എല്ലാ മൂഡും കളഞ്ഞു.. ആ.. ഇനിയിപ്പോ ഒരാറുമാസത്തേക്ക് ഇവന്മാരുടെ മോന്ത കാണണ്ടല്ലോ..

സ്മോക്കെഴസ് കോര്‍ണര്‍ എവിടെയാണാവോ.. എയര്‍പോര്‍ട്ട്‌ പുതുക്കിപ്പണിതത്തില്‍ പിന്നെ ആദ്യമായാണ് നാട്ടിലേക്ക് പോകുന്നത്. മണംപിടിച്ചു കണ്ടുപിടിച്ചു.. ഒന്നാഞ്ഞു വലിച്ചതില്‍പിന്നെയാണൊരു ഉന്മേഷം കിട്ടിയത്.

തിരികെ കസേരയില്‍ വന്നിരുന്നു. ദൂരെ ഇരുളിന്നുമപ്പുറത്തു യന്ത്രപ്പക്ഷികള്‍ അക്ഷമയോടെ മൂളിയും മുരണ്ടും, നിന്നിടത്തുനിന്നു തിരിഞ്ഞും മറിഞ്ഞും, മിന്നിത്തിളങ്ങിയും......

ആ.....ഹ്.... ഉറക്കം കണ്പോളകളെ ബലമായി കീഴ്പ്പെടുത്തുന്നു.. തുറന്നു പിടിച്ചതാണ്.. പിന്നെ എപ്പോഴാണെന്നെനിക്കറിയില്ല...

വിമാനത്തിനകത്ത് നല്ല തണുപ്പാണ്... എയര്‍ ഇന്ത്യ തന്നെയല്ലേ..? മഹാരാജാവ് നേരിട്ട് സ്വാഗതം ചൊല്ലിയതാണല്ലോ..!! പാക്കിസ്ഥാനിയുടെ ഖല്ലാബ് കണക്കെ ചായം തേച്ചു മിനുക്കി, സാരിയുടുത്ത പേക്കോലങ്ങളുമുണ്ടായിരുന്നല്ലോ ഉമ്മറപ്പടിയില്‍.,..!!! 
അതെ, എയര്‍ ഇന്ത്യ തന്നെ.. എന്നാലും.. എന്തൊരു തണുപ്പ്...

ഭക്ഷണം (അങ്ങിനെ പറയാമോ ആവോ) കിട്ടി.. തൈരും മോരും എല്ലംകൂടിയായപ്പോള്‍ ഒരുവിധം വോള്‍ട്ടേജ് കൂടി.. 

തെളിഞ്ഞ മനസ്സിന്‍റെ തിരശ്ശീലയില്‍ ആദ്യം കണ്ടത്‌ പ്രിയതമയുടെ മൊഞ്ചുള്ള മുഖം തന്നെ. മകള്‍ ഒക്കത്തുതന്നെയുണ്ട്‌.. ഇക്കഴിഞ്ഞ മാസം അവള്‍ക്കു മൂന്ന്‍ വയസ്സായി.. എന്നാലും ഉമ്മയുടെ ഒരു അവയവം പോലെയാണിപ്പോഴും.. എപ്പോ നോക്കിയാലും അവളുടെ ഒക്കത്ത് തന്നെ.. ഈ പ്രാവശ്യം എന്തെങ്കിലുമൊരു വഴി കാണണം....

എയര്‍പോര്‍ട്ടില്‍ എല്ലാവരും വന്നിട്ടുണ്ട്.. ഉപ്പ കെട്ടിപ്പിടിച്ചൊരു മുത്തം തന്നു. ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു.. തന്‍റെ പൊന്നുമോള്‍,... വാരിയെടുത്തു കുറച്ചു ദൂരെ മാറി ഒരായിരം മുത്തങ്ങള്‍ കൊടുത്തു. കീശയില്‍ കരുതിയിരുന്ന ചോക്കലേറ്റ്‌ എടുത്തവള്‍ക്ക് കൊടുത്തു.. അവള്‍ സുന്ദരമായി ചിരിക്കുന്നു.. സമാധാനമായി.. തന്നെ മറന്നിട്ടില്ല... അയാളും ചിരിച്ചു..

“ഹലോ..” തൊട്ടടുത്തിരുന്നയാള്‍ തട്ടിവിളിച്ചപ്പോള്‍ ചെറിയൊരു ഞെട്ടലോടെ അയാള്‍ ചുറ്റും നോക്കി.. യൂണിഫോമിട്ട കുടവയറന്‍ ഗ്രൌണ്ട് സ്റ്റാഫിനു ചുറ്റും ആവലാതികളോടെ യാത്രക്കാര്‍,..
ജിദ്ദ എയര്‍പോര്‍ട്ടില്‍ തന്നെ.. മൂളിയും മുരണ്ടും ആകാശപ്പറവകള്‍ അവിടെത്തന്നെയുണ്ട്...

“കാലിക്കറ്റിലെക്കല്ലേ..?” അടുത്തിരുന്നയാള്‍ ചോദിച്ചു.

ആകാംക്ഷയോടെ “അതെ..”  

“ഫ്ലൈറ്റ് ഡിലെ ആണ്..”.

എയര്‍ ഇന്ത്യ അതിന്റെ പതിവ് തമാശകള്‍ ആരംഭിച്ചിരിക്കുന്നു.. 

അള്ളാ..ഇനിയെപ്പോഴാണാവോ?

“ഇനി പുലര്‍ച്ചെ മൂന്നുമണിക്കാണത്രേ”..

ഉറക്കം അനുഗ്രഹിച്ചാല്‍ മൂന്നുമണി എന്നത് കൂടുതലൊന്നുമല്ല.. അപ്പോഴെങ്കിലുമൊന്നു പോയാല്‍ മതിയായിരുന്നു..
എന്തോ ടെക്നിക്കല്‍ പ്രോബ്ലമാണത്രേ.. കോക്പിറ്റില്‍ എലി കയറിയതും ടയര്‍ പഞ്ചറായതും എല്ലാം സാങ്കേതിക തകരാറുകളായിരുന്നല്ലോ.. ഇപ്പോഴത്തെ ‘ടെക്നിക്‌’ എന്താണാവോ...

കുറേ നേരത്തേക്ക് മാറിനിന്ന വിശപ്പ്‌ പെട്ടെന്ന് ഓടിവന്ന് അയാളെ കീഴ്പ്പെടുത്തിക്കളഞ്ഞു.. തല്‍ക്കാലം ഒരു ചായയും ബെന്നും കഴിച്ചു ഒന്നുകൂടി മയങ്ങാന്‍ പറ്റുമോന്നു നോക്കാം.. പതിനെട്ടു റിയാലിന് ശമിപ്പിക്കാന്‍ പോന്നതായിരുന്നില്ല അപ്പോഴത്തെ വിശപ്പ്‌.. എന്നാലും അത്രയും മതി..

ഉറക്കം തീരെ കനിഞ്ഞില്ല.. അപ്പൊ പിന്നെ നേരത്തെ എന്തായിരുന്നു.. തന്നെ നാട്ടില്‍വരെ എത്തിച്ച ആ മയക്കം?.

പിഞ്ചുകുഞ്ഞുങ്ങളുടെ കരച്ചില്‍ അവിടവിടെ ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ട്. യാത്രക്കാര്‍ ചെറിയ കൂട്ടംകൂടി എയര്‍ ഇന്ത്യയെ 
പഴിച്ചുകൊണ്ടേയിരിക്കുന്നു....

കാത്തിരിപ്പിനു വിരാമം.. ഹാവൂ... ഫ്ലൈറ്റിനടുത്തെക്കുള്ള ഷട്ടില്‍ സര്‍വിസില്‍ നിന്നും ദൂരെ മഹാരാജാവ് തലയെടുപ്പോടെ മിന്നിത്തിളങ്ങുന്നതു കണ്ടു. 

ജിദ്ദ കിംഗ്‌ അബ്ദുല്‍ അസീസ്‌ ഇന്റര്‍നാഷണല്‍ എയര്പോര്ട്ടില്‍ എലികള്‍ ഉണ്ടാകുമോ.. അവയ്ക്ക് ഈ ഫ്ലൈറ്റില്‍ കയറാന്‍ കഴിയാതിരിക്കട്ടെ....

വിന്‍ഡോ സൈഡ് അയാള്‍ക്കേറെ പ്രിയപ്പെട്ടതാണ്..

കഴിഞ്ഞ രാവിന്റെ ക്രൂരതയില്‍നിന്നും സ്നേഹത്തിന്റെ 
പൊന്‍പുലരിയിലേക്കൊരു പ്രയാണം..

ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്.

നല്ല മധുരമൂറുന്ന സ്വരത്തിലുള്ള കൊലവിളി...
“പ്രതികൂല കാലാവസ്ഥ കാരണം വിമാനം ചെന്നൈയിലാണ് ഇറങ്ങുന്നത്. എമിഗ്രേഷന്‍ ചെന്നൈയിലായിരിക്കും.”

നാട്ടില്‍ നല്ല മഴയാണെന്നു കേട്ടിരുന്നു. പാടത്തെ കുളത്തില്‍ ചാടിക്കുളിക്കുന്നതും തോട്ടില്‍ മീന്പിടിക്കുന്നതും ഒക്കെ കുറച്ചുനാളായി പകല്‍ക്കിനാവ് കാണാറുണ്ടായിരുന്നു. എന്തിനാണിങ്ങനെ ക്രൂരമായൊരു മഴ?

എമിഗ്രേഷന്‍ എന്ന കടമ്പ കടക്കാന്‍ ക്യുവില്‍ നില്‍ക്കുമ്പോള്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ തന്നെ കാത്തിരിക്കുന്ന വീട്ടുകാരെക്കുറിച്ചായിരുന്നു ചിന്ത. ഒന്ന് വിളിച്ചുപറയാന്‍..... പുറത്തിറങ്ങിയാലുടനെ വിളിക്കണം..

പാസ്പോര്‍ട്ട്‌ വാങ്ങിയ ഉദ്യോഗസ്ഥന്‍ തമിഴില്‍ എന്തോ ചോദിച്ചു... അയാള്‍ മലയാളത്തില്‍ “എന്ത്..?” എന്ന് ചോദിച്ചു.
ആ ഹാളിന്റെ മൂലയിലേക്കു ചൂണ്ടി അങ്ങോട്ട്‌ പോകാന്‍ പറഞ്ഞു..
സ്യുട്കെയ്സും തൂക്കി അങ്ങോട്ട്‌ ചെന്നു. കമ്പ്യുട്ടറിന്റെ മുന്നിലിരിക്കുന്ന കൊമ്പന്‍മീശക്കാരന്‍ പോലിസ്‌ പേരു ചോദിച്ചു.

“തെക്കേവീട്ടില്‍ അഷ്റഫ്‌”. പെട്ടെന്നുതന്നെ പറഞ്ഞു തീര്‍ത്തു.

പുറത്തിറങ്ങിയിട്ടുവേണം വീട്ടുകാര്‍ക്ക് വിളിക്കാന്‍. അവരവിടെ വിഷമിച്ചിരിക്കുകയാവും...

“മലയാളി താനേ....”? അടുത്ത ചോദ്യം.
“അതെ..”

ട്രിച്ചിയിലാരാണെന്നും അവിടുത്തെ വീടും മേല്‍വിലാസവും എല്ലാം അന്വേഷിച്ചപ്പോള്‍ അയാള്‍, ഭൂമിയിലേക്ക്‌ ആണ്ടുപോവുകയാണോ..അതോ ഭൂമി തന്‍റെ മേല്‍ കനല്‍മഴ ചോരിയുകയാണോ...

കണ്ണില്‍ ഇരുള്‍ മൂടുന്നുവോ...

ബോധം വീണപ്പോള്‍, വ്യാജ മേല്‍വിലാസത്തിലുള്ള പാസ്പോര്‍ട്ടാണ് തന്നെ അഴികല്‍ക്കുള്ളിലാക്കിയതെന്നു അയാള്‍ തിരിച്ചറിഞ്ഞു.. ഉറക്കെ കരഞ്ഞു..

പോലീസുകാരന്‍ നീട്ടിയ മൊബൈല്‍ഫോണില്‍ വീട്ടിലേക്കു വിളിച്ചു...

അയാളുടെ കീശയില്‍നിന്നും എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ്പാസ്സ് പുറത്തേക്ക് തലനീട്ടി അപ്പോഴും അയാളെ കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നു.

മഹാരാജാവ്‌ നഗ്നനാണ്... ക്രൂരനാണ്... കോമാളിയാണ്..

Thursday, March 15, 2012

മാഷേ.....മാപ്പ്....


ഇന്ന് ഞങ്ങളുടെ സംഗമമാണ്...

സന്തോഷിക്കേണ്ടതാണ്...അതിനു പറ്റുന്നില്ല...
ഓര്‍മ്മകള്‍ പങ്കുവേക്കേണ്ടതാണ്.... കഴിയുന്നില്ല...

പഴയകാലത്തെക്കുറിച്ചു മുനീറാണ് ആദ്യം ഓര്‍മ്മിപ്പിച്ചത്...
അപ്പോള്‍ തൊട്ടു തുടങ്ങിയ ഇരിപ്പാണ്....

ഓരോരുത്തരുടെയും ഹൃത്തടങ്ങളില്‍ ഓര്‍മ്മകളുടെ കടലിരമ്പം...
നിശ്ശബ്ദദയുടെ മേളപ്പെരുക്കം....

ഷാഫി, സലിം, നാസര്‍, ശമ്മൂര്‍, ഇഖ്ബാല്‍, ഫൈസല്‍, കുട്ടാന്‍, ഹനീഫ്‌, ഇര്‍ഷാദ്‌, നാസര്‍, ജാഫര്‍, മുനീര്‍ തുടങ്ങിയ വീരന്മാരും
റുബീന, ഷാക്കിറ, മുനീറ, ബീവി, ജുമൈറ, സുബൈദ തുടങ്ങിയ വീരത്തികളും..... ഈ ഞാനുമടക്കം എല്ലാവരുമുണ്ട്..

“ നമുക്ക് പോയി മാപ്പുചോദിക്കാം.. ”

കഥാപ്രസംഗത്തിനിടക്ക് സിംബലടിച്ചപോലെയുള്ള ആ ചോദ്യം കുറ്റബോധത്തിന്റെ ഉച്ചസ്ഥായിയില്‍നിന്ന് അതിശീഘ്രം ഞങ്ങളെ നിലംപൊത്തിച്ചു.
മറിച്ചോരഭിപ്രായം ആര്‍ക്കുമുണ്ടായിരുന്നില്ല..
ഉണ്ടാവാനിടയുമില്ല.... അത്രകണ്ട് ക്രൂശിച്ചിട്ടുണ്ടാ പാവത്തിനെ..

ഓരോദിവസവും അതിനൂതന പീഡനമുറകള്‍ തയ്യാറാക്കിക്കൊണ്ടുവന്നു നടപ്പിലാക്കുന്നതില്‍ ഇവിടെ കൂടിയവരിലാരും പിറകിലല്ലായിരുന്നല്ലോ..
അവയൊക്കെ ഏറ്റുവാങ്ങുന്നതില്‍ മാഷും യാതൊരമാന്തവും കാണിച്ചിരുന്നുമില്ല..

കളരിയാണോ അതോ കരാട്ടെയാണോ.. അറിയില്ല.. അതിന്‍റെകൂടി ആശാനായിരുന്നു മാഷ്‌,

ചാരക്കുഴിയില്‍നിന്നും എണീട്ടുവന്ന പൂച്ചയെപ്പോലെ അവിടവിടെ മണ്ണും പൊടിയുമായിട്ടാണ് മാഷിന്‍റെ അധികദിവസത്തെയും രംഗപ്രവേശം. ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ..?

ഫസ്റ്റ്‌ബെല്ലടിച്ചു...പ്രാര്‍ത്ഥനാഗീതം ആരംഭിച്ചു...
അതാ ഞങ്ങളുടെ ക്ലാസ്മുറിയുടെ എതിര്‍വരാന്തയിലൂടെ മുണ്ട് നെഞ്ചോളം മടക്കിക്കുത്തി ശരവേഗം ഓഫീസ്‌ റൂം ലക്ഷ്യമാക്കിയുള്ള മാഷിന്റെ ആ കുതിപ്പ് ഇന്നും മായാതെ കണ്ണില്തന്നെയുണ്ട്‌.

പരിസരം മറന്നു “ മൂസ്സാക്കാ....” എന്നുറക്കെ വിളിച്ചുകൂവിപ്പോയ മുനീറിനെ എനിക്ക് കുറ്റപ്പെടുത്താന്‍ കഴിയുന്നില്ല.. അങ്ങാടിയില്‍ സ്റ്റെഷനറി കച്ചവടം നടത്തുന്ന മൂസ്സാക്കക്കും മാഷിനും ഒരേപോലെയുള്ള കഷണ്ടിയായിരുന്നു... മാഷിനും മൂസ്സാക്കയെ നന്നായറിയാം..

അന്നുപിന്നെ മുനീറിന് പകല്‍വെളിച്ചത്തില്‍ കാറ്റുംകൊണ്ടുള്ള വി ഐ പി പഠനത്തിനു അവസരമൊരുങ്ങി..
മാഷത് കേട്ടിരിക്കുമോ...കേട്ടിരിക്കാന്‍ വഴിയില്ല. മുനീര്‍ പുറത്തുനില്‍ക്കുന്നത് അവന്റെ സ്ഥിരം വികൃതി കൊണ്ടായിരിക്കുമെന്നു കരുതിക്കാണും മാഷ്‌. കാരണമറിഞ്ഞാല്‍ മാഷുതന്നെ മുന്‍കയ്യെടുത്തു ശിക്ഷയില്‍നിന്നും ഒഴിവാക്കാന്‍ ശിപാര്‍ശ ചെയ്തേനെ.

മഷിപ്പെന്നുകൊണ്ട് മാഷിന്റെ വെള്ളകുപ്പായത്തില്‍ പുള്ളികളിട്ട ഫായിദക്ക് അര്‍ഹിക്കുന്ന ശിക്ഷതന്നെ വാങ്ങിക്കൊടുക്കണമെന്നു ഉറച്ചുതന്നെയാണ് തേങ്ങുന്ന മനസ്സുമായി ഞങ്ങള്‍ സ്റ്റാഫ്‌റൂമിലേക്ക്‌ ചെന്ന് മാഷിനെ കണ്ടത്. അപ്പോള്‍ മാത്രം ആ പുള്ളികളിലേക്ക് നോക്കിയ മാഷില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത “ സാരമില്ല...” എന്നവാക്ക് കേട്ടപ്പോള്‍ തേങ്ങല്‍ കണ്ണുനീരായി വാര്‍ന്നിറങ്ങിയത് ഇപ്പോഴും ഒരു നീറ്റലോടെയേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ.. 

അവള്‍ക്കിന്നും കുറ്റബോധമുണ്ട്.. അന്ന് എല്ലാവരും ദൃഡപ്പ്രതിജ്ഞ എടുത്തതായിരുന്നില്ലേ, ഇനി ആരും മാഷിനെ കളിയാക്കുകയില്ലെന്ന്..?

പിറ്റേന്ന് തന്നെ ക്ലാസ്സിലെ ബോര്ഡിലെഴുതിക്കൊണ്ട് ആ പ്രതിജ്ഞ കാറ്റില്‍ പറത്തിയതും ഈ നമ്മള്‍ തന്നെയായിരുന്നില്ലേ....

മാഷങ്ങിനെയായിരുന്നു... എന്നും എന്തെങ്കിലുമൊരു കാരണം മാഷായിട്ടുതന്നെ ഉണ്ടാക്കിവെക്കും.

ഭൂമി ഉരുണ്ടതാണെന്ന് അതിബുദ്ധികളായ ഞങ്ങള്‍ക്ക് മാഷ്‌ ഉദാഹരണസഹിതം പറഞ്ഞുതരേണ്ടിയിരുന്നില്ലല്ലോ... 
നമ്മുടെ ഇന്ത്യയില്‍ മണ്ണുമാന്തി കുഴിച്ചു, തുരന്നു തുരന്നു താഴേക്കു പോയാല്‍ അമേരിക്കയിലെത്താമെന്നതായിരുന്നു ആ അതുല്യമായ ഉദാഹരണം. 
പ്രകോപിതരില്‍ പ്രകോപിതരായ തുരപ്പന്മാര്‍ക്ക് ഇതില്‍പ്പരം എന്ത് കാരണമാണ് വേണ്ടത്?
മാഷിനു അപാരമായ ക്ഷമയുണ്ടെന്നു ഞങ്ങള്‍ക്ക് ബോധ്യപ്പെട്ട ദിവസം. രണ്ടു കയ്യും തമ്മിലടിച്ചാലല്ലേ ഒച്ചയുണ്ടാവൂ...

പുതിയ അഭ്യാസങ്ങള്‍ സ്വായത്തമാക്കാന്‍ പിന്നെയും കുറച്ചു ദിവസമെടുത്തു.
ഏതു ക്ഷമയ്ക്കും ഒരതിരുണ്ടല്ലോ.. അണമുട്ടിയാല്‍ ഏതു നീര്‍ക്കോലിയും കടിക്കും എന്ന ചൊല്ല് സാര്‍ത്ഥകമാക്കിക്കൊണ്ട് അന്നാദ്യമായി മാഷ്‌ പ്രതികരിച്ചു. 
തറയില്‍ ചെരിപ്പുകൊണ്ട് ഉരസിയാല്‍ ഒരുതരം വെറുപ്പിക്കുന്ന ശബ്ദമുണ്ടാകുമെന്നും അത് എല്ലാവരുംകൂടി ഒന്നിച്ചുചെയ്താല്‍ വളരെ വിജയകരമായി മാഷിനെ ചൂടാക്കാം എന്നും കണ്ടുപിടിച്ചു അത് നടപ്പില്‍വരുത്താന്‍ അഹോരാത്രം അധ്വാനിച്ച ജബ്ബാറിന്റെ ശ്രമം വിജയം കണ്ട ദിവസം. മാഷ്‌ പതിവുപോലെ ശങ്കിച്ച് ശങ്കിച്ച് ക്ലാസ്സിനകത്തേക്ക്... 
മാഷുതന്നെ ഒന്നമ്പരന്നുവോ.. പതിവ് സ്വീകരണങ്ങളൊന്നും ഇന്ന് കാണാനില്ല.. അമ്പരപ്പ് പുറത്തുകാണിക്കാതെ ക്ലാസ്സ്‌ തുടങ്ങി.. വിസ്ഫോടനത്തിന്നു തൊട്ടുമുന്‍പുള്ള പേടിപ്പെടുത്തുന്ന നിശ്ശബ്ദത.. ബോര്‍ഡിലേക്ക് എന്തോ എഴുതാനായി മാഷ്‌ തിരിഞ്ഞുനിന്നതും ചുഴലിക്കാറ്റടിക്കുന്നപോലെയുള്ള ഉരസല്‍ ശബ്ദം... മാഷൊന്നു ഞെട്ടി.. തിരിഞ്ഞുനോക്കിയപ്പോള്‍ എല്ലാം നിശ്ശബ്ദം. ആ മുഖത്തെ ഭാവമൊന്നു കാണേണ്ടത് തന്നെയായിരുന്നു. എല്ലാവരും ഒന്നുമറിഞ്ഞില്ലേ എന്നപോലെയുള്ള ഇരിപ്പ്... മാഷ്‌ വീണ്ടും ബോര്‍ഡിനടുത്തേക്ക്.. വീണ്ടും ചുഴലി.. പെട്ടെന്നായിരുന്നു മാഷ്‌ തിരിഞ്ഞുനോക്കിയത്.. പൊടുന്നനെ ചുഴലിയും നിന്നു. പല്ലുന്തിയ കുഞ്ഞിമുഹമ്മദിന്നു തന്റെ പല്ല് വിനയായി.. അവനു ചിരി നിയന്ത്രിക്കാനായില്ല.. മാഷ്‌ പൊട്ടിത്തെറിച്ചു.. അതൊട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. ഒരു വടിയെടുത്തുകൊണ്ടുവരാന്‍ മുജീബിനോട് കല്പ്പിക്കുകയായിരുനു മാഷ്‌.,. ഏതോരടിയന്തിര ഘട്ടത്തിലും സമചിത്തത കൈവെടിയാത്ത മുജീബ്‌ അന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വേലിക്കരികില്‍പോയി ഒരു നേര്‍ത്ത അപ്പയുടെ കമ്പും വണ്ണമുള്ള ഒരു സീമക്കൊന്നത്തണ്ടും കൊണ്ടുവന്നു. ഇതുകൂടി കണ്ടപ്പോള്‍ മാഷൊരു ചെകുത്താനായി മാറി. പിന്നെ ക്ലാസ്സ്‌ ലീഡറോട് ഹെഡ്‌മാസ്റ്ററുടെ ഷെല്‍ഫില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള അണ്വായുധമായ ചൂരല്‍ കൊണ്ടുവരാന്‍ ആക്രോശിക്കുകയായിരുന്നു. ചൂരല്‍ കയ്യില്‍ കിട്ടിയതും ആദ്യത്തെ അടി മുജീബിനായിരുന്നു കിട്ടിയത്. പിന്നെ കുഞ്ഞിമുഹമ്മദിന്നും. വികൃതിയുടെ ആള്‍രൂപമായ കുഞ്ഞിമുഹമ്മദ്‌ ബോധംകെട്ടപോലെ ഡസ്ക്കിലേക്ക് വീണു. ഇത് മാഷും തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. മാഷിന്റെ കലി ഇതോടെ തണുത്തു. കേസ്‌ ഹെഡ്‌മാസ്റ്ററുടെ അടുത്തെത്തി. ഹെഡ്‌മാസ്റ്റര്‍ മാഷിനെ ചോദ്യം ചെയ്തു. മാഷിനു തന്റെ നിരപരാധിത്വം സമര്‍ഥിക്കാന്‍ സംഭവം വിശദീകരിക്കേണ്ടിവന്നു. കുഞ്ഞിമുഹമ്മദിന്ന്‍ ബോധക്ഷയത്തിന്റെ ആനുകൂല്യം കിട്ടി. കുറച്ചുനേരത്തിനകം കുഞ്ഞിമുഹമ്മദിന്ന്‍ ബോധോദയമുണ്ടായി.

അതില്‍പിന്നെ മാഷാരെയും തല്ലിയിട്ടില്ല.

“ നമുക്കൊന്നവിടെ വരെ പോയാലോ..”

“ വേണം, പോണം..”

ഞങ്ങള്‍ അങ്ങോട്ടു ചെല്ലുമ്പോള്‍ മാഷ്‌ ഉമ്മറത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളെയൊക്കെ കണ്ടപ്പോള്‍ തന്നെ മാഷിനു മനസിലായി.

“ ആ..ആരായിതൊക്കെ.. കയറി വാ.. എല്ലാര്ക്കുംകൂടി ഇരിക്കാനുള്ള സൌകര്യമൊന്നുമിവിടെയില്ല..... കേറിവാ..കേറിവാ...”

കോലായിലെ സിമന്റു തറയില്‍ എല്ലാവരുമിരുന്നു. അനുസരണയുള്ള നഴ്സറിക്കുട്ടികളെപ്പോലെ.

ഒരേറ്റുപറച്ചിലിന്റെ ആരവം ഞങ്ങളുടെ നിശ്വാസങ്ങളില്‍നിന്നു മാഷിനു കേള്‍ക്കാമായിരുന്നിരിക്കണം. ഒന്നും പറയാനനുവദിച്ചില്ല.

മാഷിന്റെ തൊടിയില്‍ തന്നെയുണ്ടായ ഞാലിപ്പൂവന്‍പഴവും ചായയും കഴിച്ചു. ഞങ്ങള്‍ പടിയിറങ്ങുമ്പോള്‍ മാഷിന്റെ കണ്ണ് നനഞ്ഞിരുന്നു. ഞങ്ങളുടെ കണ്ണുനീരിന് ഞാലിപ്പൂവന്റെ മധുരവും.

മാഷേ.....മാപ്പ്....

Friday, March 9, 2012

സ്വസ്ഥി....

ഞാന്‍ തമാശ പറയുകയല്ല...

 സത്യമായിട്ടും..
 ഞാനെന്റെയീ സുന്ദര ഭവനം വില്‍ക്കാന്‍ പോകുകയാണ്..
എന്നും എനിക്കീ വീട് വളരെ പ്രിയപ്പെട്ടതായിരുന്നു. ഇനിയും അങ്ങിനെതന്നെയായിരിക്കും.
 എന്റെ ജനനവും, പിന്നെ കുസൃതി നിറഞ്ഞ ബാല്യവും, രക്തം തിളച്ചുതുളുമ്പിത്തുടങ്ങിയ കൌമാരവും, പ്രണയിനിയുമായുള്ള വസന്തകാലവും, പിന്നെ ഒരു നിയോഗംപോലെ എന്നിലേക്ക് വന്നുചേര്‍ന്ന സ്നേഹസാന്ത്വനത്തിന്റെ തെളിനീര്പ്രവാഹമായ എന്റെ പ്രിയ സഖിയും, ഞങ്ങളുടെ ജീവിതത്തിന്നു അര്‍ത്ഥവും അനക്കവും സമ്മാനിച്ച്‌ ഒന്നല്ല, മൂന്നു കുരുന്നുകളും.
 പിന്നീടെന്റെ ജീവിതചക്രം അവരിലും തുടര്‍ന്നു. തെളിനീര്പ്രവാഹമായ പ്രിയസഖിമാരിലെത്തിയപ്പോഴേക്കും അര്‍ത്ഥവും അനക്കവും അതിന്റെ ഊര്ധശ്വാസം വലിച്ചു തുടങ്ങിയിരിന്നു.
 എന്റെ പ്രിയസഖി എന്നില്‍നിന്നും എന്നെന്നേക്കുമായി പിരിഞ്ഞുപോയിരിക്കുന്നു, ദൈവം ക്രൂരനാനെന്നു തോന്നിപ്പോയ നിമിഷം. അല്ലെങ്കില്‍ ആ തൊട്ടാവാടി എന്തു തെറ്റ് ചെയ്തിട്ടാ...?
എന്നെ ഇവിടെ കരയാന്‍ വിട്ടിട്ട്...

 പ്രിയസഖിമാര്‍ വീതം വെച്ച എന്റെ സന്താനങ്ങളെ, ആ സന്തോഷങ്ങളെ ഇനിയെനിക്ക് തിരിച്ചുകിട്ടുമോ ആവോ.. അറിയില്ല..

 എന്റെയീ വീട് വാങ്ങാമെന്നുപറഞ്ഞ മുതലാളി ഇന്ന് വരാമെന്നാണ് പറഞ്ഞത്. അവര്‍ ഈ സ്വപ്നസൌധത്തെ നല്ലപോലെ സൂക്ഷിക്കുമോ ആവോ.. അവര്‍ ഇതെന്തായാലും പുതുതായി പെയിന്റ് ചെയ്യും. അതുറപ്പാ.. പുതിയ ചായങ്ങള്‍ക്ക് പിന്നില്‍ ഞാനും എന്റെ ഓര്‍മ്മകളും മാഞ്ഞുമാഞ്ഞു ഇല്ലാതാവും. അതിനകത്ത് അവ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കും..

 "ഇത് ഞാനാര്‍ക്കും വിട്ടുകൊടുക്കില്ല"...

 എന്തൊരു ഗാംഭീര്യമായിരുന്നു എന്റെ ശബ്ദത്തിന്നു.. മറ്റെല്ലാ സ്വത്തുക്കളും എന്റെ കുഞ്ഞുങ്ങള്‍ക്ക് വീതം വെച്ച് നല്‍കുമ്പോള്‍ ഇതെന്റേതു മാത്രമാവാന്‍ ഞാനാഗ്രഹിച്ചു..
ഈ മാഞ്ചുവട്ടിലിരുന്നു നോക്കുമ്പോള്‍, എന്തൊരു പ്രൌഡി..!

 എനിക്കോഫീസില്‍ പോകാനും, അവള്‍ക്കു പള്ളിയില്‍ പോയി വരാനുമൊക്കെ നല്ല സൗകര്യമായിരുന്നു..

 ഇനിയിപ്പോ ഓഫീസ്സുമില്ല .. കൈകൂപ്പിനില്‍ക്കാനെന്റെ പ്രിയതമയുമില്ല...

 എന്റെ മക്കള്‍ക്കിപ്പോള്‍ അര്‍ത്ഥവും അനക്കവുമുണ്ട്... എനിക്ക് നല്ലരീതിയില്‍ മുഴുമിപ്പിക്കാന്‍ കഴിയാതെപോയ ജീവിതചക്രം അവര്‍ അത്യാവശ്യം ഭംഗിയായിത്തന്നെ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

" അപ്പനിനി വിശ്രമമാണ് വേണ്ടത്. ഒരു ഹോം നേഴ്സിനെ ഏര്‍പ്പാടാക്കിത്തരാം."

 അവര്‍ക്ക് വലിയ തിരക്കാണ്. ബാങ്കിലെജോലി മൂത്തയാള്‍ക്ക് വലിയ ബുദ്ധിമുട്ടല്ലെങ്കിലും തന്റെ പ്രിയ സഖിയുടെ ജോലിത്തിരക്കുകാരണം കുഞ്ഞിനെ നോക്കുന്നത് മുതല്‍ വീട്ടുജോലികള്‍ വരെ അവന്‍ തന്നെ നോക്കണം.
രണ്ടാമന് ചെറിയതോതിലെങ്കിലും നല്ലനിലയില്‍ നടക്കുന്ന ഒരു ബിസ്സിനസ്സുണ്ട്. പലപ്പോഴും ദൂരസ്ഥലങ്ങളിലായിരിക്കും.
അവര്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണ്. കുസൃതികള്‍. അവരെ കാണുമ്പോള്‍ എന്റെ കുഞ്ഞുങ്ങളുടെ കുട്ടിക്കാലം ഓര്‍മ്മവരും.
ഇളയവളുടെ ഭര്‍ത്താവിനു വിദേശത്താണ് ജോലി. വര്‍ഷത്തിലൊരിക്കല്‍ വരും. അവര്‍ക്ക് ദൈവം കുഞ്ഞുങ്ങളെ കൊടുത്തിട്ടില്ല. കൊടുക്കുമായിരിക്കും.
അവനോടു ഞാന്‍ പലകുറി സംസാരിച്ചിട്ടുണ്ട്,
നാട്ടില്‍ത്തന്നെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാന്‍.
ശ്രമിക്കുന്നുണ്ടത്രെ.
എന്തോ, അവള്‍ക്കൊരു കുഞ്ഞുണ്ടായിക്കാണാന്‍ വല്ലാതെ കൊതിയാവുന്നു.

" അതൊന്നും ശരിയാവുകേല.. വെറുതെ ശമ്പളം കൊടുക്കാമെന്നല്ലാതെ...."
അവരതൊന്നും ചെവിക്കൊണ്ടില്ല.

 ഒരു മദ്ധ്യവയസ്ക്ക. എന്റെ അന്നാമയുടെ അത്രയും പൊക്കമില്ല. കാണാന്‍ വലിയ കുഴപ്പമില്ല. ഭര്‍ത്താവ് മരിച്ചിട്ടു മൂന്നാല് വര്‍ഷമായത്രേ.

" വേറെ കല്യാണമൊന്നും നോക്കിയില്ലേ? "
" ഇല്ല. മകനെ പഠിപ്പിക്കണം. അതിനാ ഈ ജോലിക്ക് വന്നത്."

 എന്നെക്കുറിച്ച് അടുത്തുള്ളവരോടൊക്കെ നന്നായിട്ട് അന്വേഷിചിട്ടുണ്ടെന്നു പാല്‍ക്കാരന്‍ വന്നപ്പോള്‍ മനസ്സിലായി.
എനിക്ക് എന്നെക്കുറിച്ചുതന്നെ അഭിമാനം തോന്നിപ്പോയി.

 എത്രയാണ് ശമ്പളമെന്നൊന്നും തിരക്കാന്‍ പോയില്ല.
ഒരു മാസം തികഞ്ഞപ്പോള്‍ ആറായിരം രൂപയാണ് അവരുടെ ശമ്പളമെന്നു മനസ്സിലായി. ഹോം നേഴ്സിനെ ഏര്‍പ്പാടാക്കിത്തന്നതില്‍പിന്നെ മക്കളാരും രണ്ടുമൂന്നു മാസത്തേക്ക് ഈ വീട്ടില്‍ വന്നിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്നു തോന്നിക്കാണില്ല.

" ഭയങ്കര തിരക്കായിരുന്നു. ലീവാണെങ്കില്‍ ആകെപ്പാടെ ഒന്നര മാസവും. അപ്പന് സുഖം തന്നെയല്ലേ.."

 മകളുടെ മുഖത്തൊരു തെളിച്ചം കാണുന്നുണ്ട്.
ഭര്‍ത്താവിന്റെ സാന്നിധ്യം ഏതൊരു പെണ്ണിനെയും അതീവ സുന്ദരിയാക്കും. അന്നാമ എന്നും സുന്ദരിയായിരുന്നു, ആ സൗന്ദര്യം എനിക്കൊരു ഹരവും."

 മറ്റന്നാള്‍ തിരിക്കണം. അവിടുന്ന് ഇപ്പോള്‍തന്നെ ഒരു സ്വൈര്യവും തരുന്നില്ല. വിളിയോടുവിളി".

" ആ പെണ്ണിനെ പറഞ്ഞുവിട്ടു. അല്ലെ?"
പടിയിറങ്ങുമ്പോള്‍ മകള്‍ ചോദിച്ചു.

"ഞാന്‍ അപ്പഴേ പറഞ്ഞില്ലേ.. അതൊന്നും ശരിയാവുകേലെന്നു..."

കാരണമൊന്നും അവളും അന്വേഷിച്ചില്ല. അവരിറങ്ങി.

 എന്റെ പെന്‍ഷന്‍ വട്ടച്ചിലവിന്നു തന്നെ തികയില്ല.
ഹോംനേഴ്സിനെ പറഞ്ഞുവിട്ടതില്‍പ്പിന്നെയാ ശ്വാസം നേരെവീണത്.

 രാവിലെ മുതല്‍ കാത്തിരിക്കുന്നതാ. അയാളെയും കൂട്ടി വരാമെന്നു പറഞ്ഞ ഔസേപ്പിനെയും കാണാനില്ല.
അവനു മറ്റേതെങ്കിലും വസ്തു കച്ചവടം ഉറപ്പിക്കാനോ മറ്റോ ഉണ്ടായിക്കാണും. അവനിപ്പോ നല്ലകാലമാ. പണമെറിഞ്ഞ് പണം കൊയ്യുന്ന ഈ റിയല്‍ എസ്റേറ്റ് പരിപാടി ഒരു കാന്‍സര്‍ കണക്കെ വ്യാപിച്ചുകൊണ്ടിരിക്കുന്നു.

വരുമായിരിക്കും.

 അസ്തമനസൂര്യന്റെ പൊന്‍വെളിച്ചം എന്റെ സ്വപ്നസൌധത്തെ അക്ഷരാര്‍ഥത്തില്‍ സുന്ദരിയാക്കിയിരിക്കുന്നു. ഈ മാഞ്ചുവട്ടിലിരുന്നു നോക്കുമ്പോള്‍ ഏതോ മായാപ്രപഞ്ചത്തിലെ പോലെ..

 അകലെയെതോ മുസ്ലിംപള്ളിയില്‍നിന്നും ബാങ്കുവിളി കേള്‍ക്കുന്നു. ഭൂമിക്കുമേല്‍ ഇരുളും വെളിച്ചവും അധികാരക്കൈമാറ്റം നടത്തുന്ന നേരം.
ഇനിയങ്ങോട്ട് പുലരും വരെ...

ബാങ്കുവിളി നേര്‍ത്തുനേര്‍ത്തില്ലാതെയായി. ദൈവം തന്റെ കര്‍മ്മങ്ങള്‍ വളരെ കണിശമായി നിവര്‍ത്തിച്ചുപോരുന്നു..
മനുഷ്യമനസ്സുകളിലേക്ക് ചെകുത്താനെ മേയാന്‍ വിട്ടതില്‍ ദൈവത്തിന്നു തെറ്റുപറ്റിയോ..
ഇനിയേതായാലും ചെകുത്താനെ അവരവരുടെ മനസ്സുകളില്‍നിന്നും ഇറക്കിവിടാന്‍ വേണ്ടത് ചെയ്യുക. അത്രതന്നെ.

 ഇനിയിപ്പോ പ്രതീക്ഷിക്കേണ്ട. നാളെനോക്കാം.

ചാരുകസേര മടക്കി അകത്തേക്കുനടന്നു.

 വല്ലാത്ത ക്ഷീണം.
കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടന്നു.
അന്നാമയുടെ തണുത്ത കരങ്ങള്‍ എന്നെ തലോടിയോ..
ഇല്ല... തോന്നിയതാവും..
അല്ല..അവള്‍ എന്റെ ചാരെതന്നെയുണ്ട്‌.. എന്റെ മുടികളില്‍ അലക്ഷ്യമായി വിരലുകളോടിച്ചുകൊണ്ട്..

 വല്ലാത്തൊരാശ്വാസം..
അസ്തമയപ്പ്രഭയില്‍ മുങ്ങിനില്‍ക്കുന്ന സ്വപ്നസൗധത്തിന്‍റെ ചാരുതയാര്‍ന്ന ചിത്രം മനസ്സില്‍ നിറഞ്ഞു.
വല്ലാത്ത വെളിച്ചം...
വെളിച്ചം കൂടിക്കൂടി വരുന്നു..
വെളുത്തനിറം..
നിറങ്ങളില്ലാത്ത, തീര്‍ത്തും ശൂന്യമായ അവസ്ഥ.
അന്നാമയുടെ നനുത്ത തലോടല്‍ മാത്രം.
അവളും ഞാനും മാത്രം...

സ്വസ്ഥി....


Tuesday, February 28, 2012

"ഇവര്‍ക്കൊന്നും അമ്മപെങ്ങന്മാരില്ലേ..?".

By :  അബൂഅന്‍സബ്
  വലയിലെ സ്റ്റാന്റില്‍ ഓട്ടവും കാത്തു കിടക്കുന്ന കാറുകളിലൊന്നിന്റെ നേര്‍ക്ക്‌ നടന്നടുത്ത യുവമിഥുനങ്ങളുടെ മുഖം ആഹ്ലാദഭരിതമായിരുന്നു…. വിനോദയാത്രയ്ക്കെന്നപോലെ....
കളിപറഞ്ഞും ചിരിച്ചുകൊണ്ടുമാണവരുടെ വരവ്..കാറിനകത്ത് ഇന്നത്തെ പത്രത്തിലെ ഏതോ ഒരു പീഡനക്കഥ വായിച്ചിരിക്കുകയായിരുന്നു സന്തോഷ്‌. "ഇവര്‍ക്കൊന്നും അമ്മപെങ്ങന്മാരില്ലേ..?".
ആരോടെന്നില്ലാതെ പിറുപിറുത്തു...

അങ്ങ് ദുബായിയിലെ സാമ്പത്തിക മാന്ദ്യം ഇവിടെ കേരളക്കരയെ എങ്ങിനെയാണ് ബാധിക്കുന്നതെന്ന് സന്തോഷിനു നന്നായറിയാം. അതിനോരുപാട് എക്കണോമിക്സ്‌ ഒന്നും അറിയണമെന്നില്ല... വണ്ടിയുടെ ഓട്ടത്തിന്റെ കണക്കറിഞ്ഞാല്‍ മാത്രം മതി.. മാന്ദ്യം നെടുവീര്‍പ്പായി പിന്നെ കണ്ണുനീരായി ഭൂമിയിലേക്ക്.. ഇനിയെന്തെല്ലാം ഏറ്റുവാങ്ങാനിരിക്കുന്നു ഈ ഭൂമീദേവി...

"ഒരോട്ടം പോവണമായിരുന്നല്ലോ..."
പരിദേവനത്തിന്റെ പടുകുഴിയില്‍നിന്നും അയാള്‍ തലയുയര്‍ത്തി നോക്കി..
തിളക്കമാര്‍ന്ന കണ്ണുകളോടെ പറഞ്ഞു " പോവാലോ..."
എങ്ങോട്ടാ.... എന്തിനാ.. ഇതൊന്നും ചോദിച്ചില്ല.
 വൈകിട്ട് വീട്ടിലേക്കു ചെല്ലുമ്പോള്‍ തന്നെ കാത്തിരിക്കുന്ന മക്കളെ ഓര്‍ത്തു. പ്രാരാബ്ധത്തിലും സ്നേഹംകൊണ്ട് മൂടുന്ന സഹധര്‍മ്മിണിയെ ഓര്‍ത്തു. സാമ്പത്തിക മാന്ദ്യം ഓര്‍ത്തു. തന്റെ കുത്തഴിഞ്ഞ എക്കണോമിക്സിനെക്കുറിച്ചോര്‍ത്തു.

"കിഴക്കോട്ട് വിട്ടോളൂ..."
അപ്പോഴാണ്‌ സ്ഥലകാലബോധം ഉണ്ടായത്‌.
"എങ്ങോട്ടാ പോവേണ്ടത്..?"
"പറയാം.."
അവര്‍ പിന്സീറ്റിലിരുന്നു ഗൌരവമായി എന്തൊക്കെയോ ചര്‍ച്ച ചെയ്യുകയാണ്.
"എന്തേ.., തീരുമാനമായില്ലേ?.."
ഒരു ചെറുചിരിയോടെ അയാള്‍ ചോദിച്ചു.
അവരൊന്നും പറഞ്ഞില്ല..

ഇടയ്ക്കിടെ ലെഫ്റ്റ്..റൈറ്റ്..എന്നൊക്കെ നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു.
അതിര്‍ത്തിയെത്താറായപ്പോള്‍ അടുത്തുകണ്ട ഒരു പെട്രോല്‍ബങ്കില്‍ വണ്ടി നിര്‍ത്തി. പെട്രോളടിച്ചു.

"മൂത്രമോഴിക്കാനോ മറ്റോ ഉണ്ടെങ്കില്‍ ഇവിടെ അതിനുള്ള സൗകര്യമുണ്ട്..."

അവര്‍ ഇറങ്ങി...
പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു... കരഞ്ഞതാ...
എന്താണാവോ..?

മൊബൈലില്‍ ഒരു മിസ്സ്ഡ് കാള്‍.. ഭാര്യയാണ്..
"കുറച്ചു വൈകും..കുറച്ചു ദൂരെയാണ്..".

അവള്‍ ഉച്ചഭക്ഷണത്തിന്നു കാണാഞ്ഞപ്പോള്‍ തിരക്കിയതാണ്.
ഇന്ന് മീന്കറിയാണ്. ഹോട്ടല്‍ ഭക്ഷണം ശീലമായ അയാള്‍ക്ക്‌ വീട്ടിലുണ്ടാക്കുന്ന ശരാശരി കറികളെല്ലാം രുചിയില്ലാത്തതാണ്. എന്നാലും ഭാര്യയോടും കുട്ടികളോടുമൊന്നിച്ചു ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ലതാനും. കരളിനെ ബാധിച്ച അസുഖം അയാള്‍ കാര്യമായെടുത്തിട്ടില്ല. ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും റോഡില്‍ തന്നെയല്ലേ. ഡോക്ടറെ അനുസരിച്ചാല്‍ തന്റെ മക്കള്‍ പട്ടിണിയാകും.

" ന്നാ..പോവാം.."
അവരെത്തി.
യാത്ര തുടര്‍ന്നു.

ചെന്ന് നിന്നത് മസിനഗുടിയിലെ ഒരു ലോഡ്ജിന് മുന്നിലായിരുന്നു.

പെട്ടിയും സാധനങ്ങളുമൊക്കെ എടുത്തു അവര്‍ക്ക് പിന്നാലെ റിസപ്ഷന്‍ വരെ ചെന്നു. കൃഷ്ണനും രാധയും എന്ന് പേരു പറയുന്നതൊക്കെ കേട്ടു.
"കുറച്ചുനേരം വെയിറ്റ്‌ ചെയ്യണേ...."

അയാള്‍ തിരികെ വണ്ടിയില്‍ ചെന്നിരുന്നു.
അടുത്തുള്ള ഒരു ചായക്കടയില്‍ കയറിയൊരു ചായ കുടിച്ചു..
വെയിറ്റ് ചെയ്യാന്‍ പറഞ്ഞത് കൊണ്ടാണ്.. ഇല്ലെങ്കില്‍ തിരിച്ചു പോവാമായിരുന്നു..

"എവിടുന്നാ..?"
കടക്കാരന്‍ മലയാളിയാണ്..

"കോഴിക്കോട്ടുനിന്നാ.."
പിന്നെന്തോക്കെയോ ചോദിച്ചു.

അയാള്‍ വണ്ടിയില്‍ ചെന്ന്‍ ഇരുന്നു.
മൊബൈല്‍ ഫോണില്‍ പാമ്പും കോണിയും കളിച്ചുകൊണ്ടിരുന്നു കുറച്ചു നേരം..
രാജാവിനെപ്പോലെ ചിലപ്പോള്‍.. ഞൊടിയിടയില്‍ പാമ്പിന്‍റെ വായില്‍.
രസമുള്ള കളിയാ...

ഇവരെവിടെപ്പോയി..?

ബീഡിപ്പുകച്ചുരുളിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് ലോഡ്ജിന്റെ ഗോവണിപ്പടികളിലേക്ക് നോക്കിയിരുന്നു...

അവര്‍ തിരിച്ചു വരാനുള്ള സമയമൊക്കെ കഴിഞ്ഞല്ലോ...

ജനാലകളിലേക്ക് നോക്കി...

തന്റെ മനോവ്യാപാരം അറിഞ്ഞിട്ടെന്നപോലെ യുവാവ് ജനവാതിലില്‍ പ്രത്യക്ഷനായി..... ഇപ്പൊ വരാമെന്നു മനസ്സിലാവുന്ന തരത്തിലൊരു ആംഗ്യവും കാണിച്ചു..

ശരിയെന്ന മട്ടില്‍ തല കുലുക്കി കാണിച്ചു..

വീണ്ടും പാമ്പും കോണിയും…. നേരമിരുട്ടി തുടങ്ങി... മണി 8..9…10..11… ഹേയ്... ഇവരെവിടെപ്പോയി..?

 മക്കളുറങ്ങിയോ ആവോ..
മൊബൈല്‍ഫോണ്‍ കയ്യിലെടുത്തു... നാശം.. ബാറ്ററിയൊക്കെ പാമ്പും കോണിയും തിന്നു തീര്‍ത്തിരിക്കുന്നു...

ചായക്കടക്കാരന്‍ കടയടക്കാന്‍ തുടങ്ങുന്നു.... എന്നെയിവിടെ കയറില്ലാതെ കെട്ടിയിട്ടപോലെയായല്ലോ.. അവര്‍ ഇനിയും വന്നില്ല.... മണി 12..  ഹമ്മേ...1…2….
കാത്തിരിപ്പിനിടയിലെപ്പോഴോ ഉറങ്ങിപ്പോയി....

ജീവിതത്തിന്നും മരണത്തിന്നുമിടക്കുള്ള ശൂന്യത.

നേരം പരപരാ വെളുത്തു തുടങ്ങി....ചായക്കടക്കാരന്‍ കട തുറന്നു... ഇന്നലെ രാത്രിയില്‍ കണ്ട കാര്‍ ഇപ്പോഴും അവിടെ തന്നെ കിടക്കുന്നു... ആ ഡ്രൈവര്‍ എവിടെപ്പോയി...?

കടയില്‍ തിരക്ക് കൂടിക്കൂടിവന്നു. കടക്കാരന്‍ ഇടയ്ക്കിടെ കാറിലേക്ക് ശ്രദ്ധിക്കുന്നുണ്ട്. ഒന്ന് ചെന്നുനോക്കാന്‍...

തിരക്ക് തെല്ലൊന്നടങ്ങിയപ്പോള്‍ കടക്കാരന്‍ ഇറങ്ങി കാറിനടുത്തേക്ക് ചെന്നു...
ഉറക്കത്തിലാണ്.

"ഏയ്... ഇന്നലെ ഇവിടെ തന്നെ കിടന്നുറങ്ങിപ്പോയോ...? "

"ഏയ്....ഏയ്...."
ഒന്നുകൂടി കനപ്പിച്ചു വിളിച്ചു...
മിണ്ടാട്ടമില്ല....
തോളത്തു തട്ടി വിളിച്ചു..
അനക്കമില്ല..


തണുത്തു വിറങ്ങലിച്ച ആ ശരീരത്തില്‍ അപ്പോള്‍ ഉറുമ്പരിക്കുന്നുണ്ടായിരുന്നു....

പിറ്റേന്നത്തെ പത്രത്തിലും ഉണ്ടായിരുന്നു, പുതിയൊരു പീഡനവാര്‍ത്ത.