Monday, May 26, 2014

പവര്‍കട്ട്


സിയുടെ മുരള്‍ച്ച നിലച്ചപ്പോഴാണ് ഉറക്കമുണര്‍ന്നുപോയത്.

കരണ്ട് പോയതാ.. 

ഈയിടെയായി ഇടയ്ക്കിടെയുണ്ടീ ഒളിച്ചുകളി.
ഇന്നെന്താണാവോ കാരണം.


മൂന്നാല് ദിവസം മുന്‍പ് സിഗ്നലിനടുത്തുള്ള ട്രാന്‍സ്ഫോര്‍മര്‍ യൂനിറ്റിലേക്ക് ഏതോ ഒരു മൂഖ്മാഫി (വിവര ദോഷി) പയ്യന്‍ വണ്ടിയോടിച്ചു കയറ്റി. അവനവിടെത്തന്നെ അന്ത്യശ്വാസം വലിച്ചു. അന്ന് കരണ്ടുപോയതുകൊണ്ട് ഒന്നുരണ്ടു മണിക്കൂര്‍ ഫേസ്ബുക്കില്‍ കിടന്നുരുണ്ടു. വണ്ടിയിടിച്ചതിന്റെ ഫോട്ടോ പോസ്റ്റുകള്‍ക്ക് കുറെയേറെ ലൈക്കുകള്‍ കിട്ടി. 

പിന്നൊരുപ്രാവശ്യം കഹറുബായി പച്ച (പാക്കിസ്ഥാനി ഇലക്ട്രീഷ്യന്‍) ക്ക് പറ്റിയ കൈപ്പിഴ.. സെക്ഷന്‍ ഓഫീസിലെ ഫ്യൂസാണു അന്ന് അടിച്ചുപോയത്. ബില്ലടക്കാന്‍ വൈകിയതിനു ഇലക്ട്രിസിറ്റിക്കാര്‍ ഫ്യൂസ് ഊരിയതടക്കം പലതവണ കരണ്ടുപോയിട്ടുള്ളതാണ്. അന്നൊക്കെ പകല്‍സമയങ്ങളിലായതുകൊണ്ട് ഇങ്ങനെ ഉറക്കം നഷ്ട്ടപ്പെട്ടിട്ടില്ല.

മലയാള സിനിമാചരിത്രത്തിലെ പൗരുഷത്തിന്റെ നിത്യപ്രതീകം ജയന്‍ തകര്‍ത്തഭിനയിച്ച ശരപഞ്ജരം ഒരാവര്‍ത്തികൂടി കണ്ട് വളരെ വൈകിയാണ് ഇന്നലെ ഉറങ്ങാന്‍ കിടന്നത്.. ഒരാഴ്ചയിലെ അലച്ചിലുകള്‍ക്കൊടുവില്‍ വാരാന്ത്യത്തില്‍ വന്നുചേരുന്ന അവധി. അല്‍ബെയ്ക്ക്‌ (സൌദിഅറേബ്യയില്‍ വളരെ പേരുകേട്ട ബ്രോസ്റ്റഡ്‌ ചിക്കന്‍) അടിച്ചുകൊണ്ടാണ്‌ പതിവായി അവധി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. ഒരു കോഴിയുടെ പകുതി ഒരാള്‍.. ഒരുനേരം.

മുന്‍പൊക്കെ വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ ഒരു കോഴിയെ അറുക്കും. വളരെ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ഒരു കറി വെയ്ക്കും. കോഴിയുടെ രണ്ടു കാലുകള്‍ക്ക്മാത്രം ഒരു പോറല്‍ പോലുമേല്‍ക്കില്ല. അതാണെങ്കില്‍ ഞങ്ങള്‍ക്കാര്‍ക്കും കിട്ടുകയുമില്ല. എന്തൊക്കെയോ പോരിശ കല്പ്പിച്ചുകൊടുക്കപ്പെട്ട ചിലര്‍ എല്ലാ തീന്മേശകള്‍ക്ക് ചുറ്റിലും ഉണ്ടാവും. അതവര്‍ക്കുള്ളതാണ്.

പിന്നെയും കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്കതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.

ഭാര്യവീട്ടിലെ ആദ്യത്തെ സല്‍ക്കാരം. അവിടുത്തെ ഉപ്പ എന്‍റെ പ്ലെയിറ്റിലേക്ക് ഒരു മുഴുത്ത കോഴിക്കാല് ഇട്ടുതന്നിട്ടു “തിന്നോളി” എന്ന് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണ്നിറഞ്ഞുപോയി. അരികില്‍തന്നെ ഇരിപ്പുറപ്പിച്ചിരുന്ന അളിയന്‍ ചെക്കന്‍റെ കണ്ണുകളില്‍ എന്‍റെ ഭൂതകാലം ഒന്ന് വിളറിച്ചിരിച്ചു. ആ കോഴിക്കാല്‍ ഞാനവന്‍റെ പ്ലെയിറ്റിലേക്ക് വെച്ചുകൊടുത്തു. ആ കണ്ണുകളിലെ തിളക്കം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

തോല്‍ക്കാന്‍ തയ്യാറല്ലാത്ത കീഴ്‌വഴക്കങ്ങള്‍ രണ്ടാമത്തെ കോഴിക്കാലിന്‍റെ രൂപത്തില്‍ വീണ്ടും എന്‍റെ പ്ലെയിറ്റില്‍.

ഇന്നും കോഴിക്കാലുകളോട് എനിക്കത്ര അഭിനിവേശമില്ല. അത് കിട്ടേണ്ട കാലത്ത് കിട്ടണമായിരുന്നു. കുഞ്ഞുകണ്ണുകളിലെ നിര്‍മ്മലമായ ആ തിളക്കങ്ങള്‍ക്കുവേണ്ടി.

ഇന്നലെ രാത്രിയിലും പതിവ് തെറ്റിച്ചില്ല. അല്‍ബെയ്ക്കും ഫ്രഞ്ച് ഫ്രൈസും സെവനപ്പും..അതിന്‍റെയൊരസ്ക്ക്യത വയറ്റില്‍ താളം കൊട്ടിത്തുടങ്ങിയിരിക്കുന്നു.. കലാശക്കൊട്ടും കിടക്കപ്പായയില്‍ തന്നെയാവുമോന്നു ഭയന്ന്‍ ഉരുണ്ടുമറിയുമ്പോഴാണ് ഈ നശിച്ച പവര്‍കട്ട്.

സഹമുറിയന്‍റെ ശയനസുഖ നിര്‍വൃതിയിലാണ്ട ആ കര്‍ണ്ണകഠോരഗര്‍ജ്ജനനാദം ഏ സിയുടെ മുരള്‍ച്ചയില്‍ കേള്‍ക്കാറില്ല. ഇന്ന് ഞാനത് ശരിക്കും അനുഭവിച്ചു.

ഇനിയേതായാലും എണീക്കുക തന്നെ.

ശബ്ദേശ്ശി സ്ലോമോഷനില്‍ കട്ടിലില്‍നിന്നെഴുന്നേറ്റു... എന്‍റെ കട്ടിലില്‍ നിന്നുയരുന്ന കരകരാ രാഗം ഇപ്പോള്‍ ശരിക്കും കേള്‍ക്കാം.. അവനെ ഉണര്‍ത്താന്‍ ഈ രാഗമൊന്നും പോര.. എന്നാലും ഇനി ഞാനായിട്ട് അവനെ ഉണര്‍ത്തേണ്ട... വാതില്‍ പതുക്കെ തുറന്നു.. ഒരു കള്ളനെപോലെ...


പുറത്തിറങ്ങി വരാന്തയിലെ ജനല്‍പാളികള്‍ മെല്ലെ തുറന്നു. രാത്രി നന്നായി മഴപെയ്തിരിക്കുന്നു.. അസഹ്യമായ വേനല്‍ച്ചൂടില്‍ ആശ്വാസമായൊരു മഴ. തുറന്നിട്ട ജനാലയിലൂടെ പുതുമണ്ണിന്‍റെ ഗന്ധം പേറി വന്ന ഇളംതെന്നല്‍ എന്നെ ഒരുനിമിഷം എന്‍റെ പഴയ തറവാട്ടുമുറ്റത്തെത്തിച്ചു.. കണ്ണുകളിറുക്കിയടച്ചു. ആ മാസ്മരഗന്ധം ആവോളം നുകര്‍ന്നു. ഈ ജനവാതിലുകള്‍ ഇന്ന് തുറന്നുതന്നെ കിടക്കട്ടെ..

വയറ്റിലെ കലാശക്കൊട്ട് അതിന്‍റെ ആരോഹണഘട്ടത്തിലാണ്. ധൃതിപ്പെട്ടു പൂരപ്പറമ്പിലേക്കോടി.. പൂരപ്പറമ്പു വിജനം.. ഞാനവിടെ മേളപ്പെരുമ്പറതന്നെ കൊട്ടിത്തിമിര്‍ത്തു.. ഹാവൂ.. സമാധാനമായി.

തിരികെ തുറന്നിട്ട ജാലകത്തിനടുത്തേക്ക് തന്നെ നടന്നു.. മെല്ലെ തഴുകിയൊഴുകുന്ന ഈ മന്ദമാരുതന്‍ ഒന്നുകൂടി ഹൃദ്യമായി തോന്നി.

ഉറക്കം വീണ്ടും കീഴ്പ്പെടുത്തുന്നുവോ... 

നേരത്തെ എണീറ്റുപോന്നത് ക്രമമായി റിവേര്‍സ് ചെയ്തു.

ഈ നശിച്ച കരകരാ രാഗം.

ഇല്ല, അവനുണര്‍ന്നിട്ടില്ല. പഹയനോട് വല്ലാത്തൊരസൂയ തോന്നി.
കരണ്ട് ഇനിയും വന്നിട്ടില്ല.

പുറത്തുനിന്നു വെളിച്ചംപോലും കടക്കാത്തവിധം അടച്ചുപൂട്ടിയ മുറിയില്‍ നേരിയ വിങ്ങല്‍ അനുഭവപ്പെട്ടു. ഒരു ജനവാതിലുണ്ടായിരുന്നത് ഹറാമികളുടെ (കള്ളന്മാരുടെ) ശല്യം മൂലം പൊളിച്ചുമാറ്റി അവിടെ ഭിത്തി പണിതു. പരുക്കന്‍ സിമെന്റിട്ട അത്രയും ഭാഗം അന്ന് നഷ്ട്ടപെട്ട എന്റെ ലാപ്ടോപ്പിന്‍റെ സ്മാരകം കണക്കെ ഇന്നും...

അല്ലെങ്കിലും മതിലുകളും വാതിലുകളും മാന്യന്മാരെ നമ്മില്‍നിന്നകറ്റാന്‍ ഉപകരിക്കുമെന്നല്ലാതെ....!! കള്ളന്മാര്‍ക്കെന്തു മതില്‍... എന്തു വാതില്‍..!!?

ഇനിയുമേറെ വൈകുമോ ആവോ... അതോ ഇന്നിനി വരില്ലേ...

പവര്‍കട്ട് ഒരു സാധാരണ പ്രതിഭാസമായ നമ്മുടെ നാട്ടില്‍ ഇത്തരം ചിന്തകള്‍ക്കെന്തു പ്രസക്തി..

ഒരുകണക്കിന് നോക്കിയാല്‍ പവര്‍കട്ട് നമ്മുടെയൊക്കെ വീടുകളില്‍ സന്തോഷപ്രദമായ ചില നിമിഷങ്ങള്‍ പ്രദാനം ചെയ്യാറുണ്ട്.
ആ നേരത്താണ് കുടുംബാംഗങ്ങള്‍ പരസ്പരം മുഖത്തോടുമുഖം കാണുന്നതും എന്തെങ്കിലുമൊക്കെ മനസ്സുതുറന്നു സംസാരിക്കുന്നതും.

മാതാപിതാക്കളുടെ നര വീണുതുടങ്ങിയ മുടിയിഴകള്‍.... അവരുടെ ഗതാകാലസ്മരണകളുണര്‍ത്തുന്ന  പഴമ്പുരാണങ്ങള്‍.. നമുക്കിടയില്‍നിന്നു വേര്‍പിരിഞ്ഞുപോയവരെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍.. പിഞ്ചോമനയുടെ പുഞ്ചിരിയിലിറ്റുവീഴുന്ന തേന്‍തുള്ളികള്‍.. കൊഞ്ചലുകള്‍..

കോലായില്‍ ചാരുകസേരയില്‍ ചാരുപടിയിലേക്ക് കാലുകയറ്റിവെച്ചിരുന്നുകൊണ്ട് പ്രിയതമയോടും മക്കളോടുമുള്ള വെടിപറച്ചില്‍...

കൂട്ടച്ചിരികള്‍...പരിഭവങ്ങള്‍....പിണക്കങ്ങള്‍...ഇണക്കങ്ങള്‍............

“കരണ്ടുവന്നു...കരണ്ടുവന്നു...”

ആദ്യം എണീറ്റോടിയത് മകന്‍ തന്നെ... നേരത്തെ റിമോട്ട് അവന്‍റെ കൈയ്യിലായില്ലെങ്കില്‍ പിന്നെ എല്ലാവരുടെയും സമാധാനം നഷ്ടപ്പെടും.
എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പ്രിയതമയും അടുക്കള ലക്ഷ്യമാക്കി നടന്നു..

അവള്‍ പാചകവാതകപ്രതിസന്ധിയെ ഒരു പരിധിവരെ ഇന്ടക്ഷന്‍ കുക്കര്‍ വെച്ചു തരണം ചെയ്യും. വാട്ടര്‍ ടാങ്ക് എപ്പോഴും നിറഞ്ഞിരിക്കണം അവള്‍ക്ക്. എന്തായാലും നമ്മുടെ സമാധാനം പോയാല്‍ മതിയല്ലോ.. 

മനസ്സമാധാനം കളയുന്ന മോട്ടോര്‍പമ്പിന്റെ മുരള്‍ച്ച..

അല്ല...

ഏ സിയുടെ മുരള്‍ച്ച... 

കരണ്ടുവന്നു...

സഹമുറിയന്റെ കര്‍ണ്ണകഠോരഗര്‍ജ്ജനനാദം ഏ സിയുടെ മുരള്‍ച്ചയില്‍ അലിഞ്ഞലിഞ്ഞില്ലാതെയായി..

പതുക്കെ ബ്ലാങ്കെറ്റിനുള്ളിലേക്ക് നുഴഞ്ഞുകയറി..

നിദ്രാദേവി എന്നെ തലോടിക്കൊണ്ടെന്‍റെ ചാരെ..


ഇനിയൊരു അലാറദൂരം മാത്രം.... 

*************

Tuesday, April 15, 2014

ഒരു മുള്‍ക്കഥ....


തൊണ്ടയിലൊരു മുള്ള് കുടുങ്ങി... മീന്‍ മുള്ളാ... മത്തിയുടെതാ...
ഹൌ... വല്ലാത്തൊരു കഷ്ടം തന്നെ...
ഉച്ചയ്ക്ക് പറ്റിയതാ... 

രണ്ടു മുട്ടന്‍ മത്തി...
ചട്ടിയില്‍ വെച്ചുതന്നെ തീറ്റ തുടങ്ങിയതാ...
ഏകദേശം അര മത്തി തീന്മേശയിലെത്തുമ്പോഴേക്കും അകത്താക്കി...

ചോറിന്റെ കൂടെ അടിക്കുമ്പോള്‍ മത്തിക്കൊരു വല്ലാത്ത സ്വാദാ...
പരിസരം മറന്നുപോവും
ചോറും മത്തിയും ഞാനും....

ഒരു സാധാരണ മലയാളി പ്രവാസിയായതിനാല്‍  മത്തിയുടെ മുള്ള് തൊണ്ടയില്‍ കുടുങ്ങാതെ കഴിക്കാനൊക്കെ അറിയാം...
എന്ത് ഫലം.... കുടുങ്ങാനുള്ളത് വഴിയില്‍ തന്നെ കുടുങ്ങും....

ഇന്ന് കറിയുണ്ടായിരുന്നില്ല...
സ്നേഹക്കൂട്ടു ( ക്രെഡിറ്റ് അവള്‍ക്കിരിക്കട്ടെ )  കൊണ്ടുണ്ടാക്കിയ തേങ്ങാ വറുത്തു പൊടിച്ചതും കൂട്ടിയാണ് ചോറുണ്ണുന്നത്...
അതിനെ ഒരനുഭവമാക്കി മാറ്റാനായിരുന്നു  മത്തി പൊരിച്ചത്..
നല്ലൊരനുഭവം തന്നെ.... ഹാവൂ....

എന്നാലും ഞാനോര്‍ത്തുപോയത് മറ്റൊന്നാണ്...

ചെറുപ്പത്തില്‍ ഞാനടങ്ങുന്ന നാല്‍വര്‍ സംഘത്തിന്നു ചോറൂണ് നടത്തിയിരുന്ന എന്റുമ്മ..
ഒരൊറ്റ മുള്ള്പോലും ഞങ്ങളുടെ തൊണ്ടയില്‍ കുടുങ്ങാതെ എത്ര വിദഗ്ദ്ധമായിട്ടായിരിക്കും ഓരോ ഉരുളയും വായിലേക്ക് വച്ചുതന്നിട്ടുണ്ടാവുക..
ചോറില്‍ വെളിച്ചെണ്ണയുറ്റിച്ചു ലേശം ഉപ്പുവിതറി കുഴച്ചു ചെറിയ ചെറിയ ഉരുളകളുണ്ടാക്കി അതിന്റെ മുകളില്‍ കുറച്ചു മത്തിയുടെ കാമ്പ് മാത്രം വെച്ച് സ്നേഹത്തോടെ അതിലേറെ ക്ഷമയോടെ ഓരോ കഥകള്‍ (നുണകള്‍) പറഞ്ഞു വായിലേക്ക് വെച്ചുതരുമ്പോള്‍ ഞാനൊരിക്കല്‍ പോലും ഒരു മുള്ളിനെക്കുറിച്ചോ അത് തൊണ്ടയില്‍ തടഞ്ഞാലുണ്ടാവുന്ന അസ്വസ്തതയെക്കുറിച്ചോ ഓര്‍ത്തിട്ടു പോലുമുണ്ടായിരുന്നില്ല..
മൂന്നാലുരുള വയറ്റിലെത്തിയെന്നുറപ്പായെങ്കിലെ എന്‍റെ ഉമ്മയുടെ ആവലാതി മാറിയിരുന്നുള്ളൂ... ഞാനോ...? ഒരു പുതിയാപ്ല സല്ക്കാരത്തിലെന്നപോലെ മതി..മതി... എന്ന് പറഞ്ഞുകൊണ്ട് എന്തോ ഒരു ത്യാഗം ചെയ്തപോലെ..

വാരിയെല്ലുകള്‍ എണ്ണിനോക്കാന്‍ പാകത്തില്‍ എന്‍റെ നെഞ്ചിന്‍കൂട് വളരെ വ്യക്തമായിരുന്നു ആ നാളുകളില്‍... അത് കാണുമ്പോള്‍ എന്റുമ്മ സങ്കടപ്പെട്ടിരിക്കാം.. അതുകൊണ്ടായിരിക്കും ഞാനറിയാതെ തഞ്ചത്തില്‍ ചിലപ്പോള്‍ ആ ഉരുളകള്‍ വലുതാക്കി വലുതാക്കി നുണക്കഥകള്‍ ചേര്‍ത്തു വായിലേക്ക് വെച്ചുതന്നുകൊണ്ടിരുന്നത്.

ഇന്ന്, വര്‍ഷങ്ങള്‍ക്കു ശേഷം ഉമ്മാന്‍റെ പൊന്നുമോന് തൊണ്ടയില്‍ മുള്ള് കൊണ്ടിരിക്കുന്നു.. 
ഫോണ്‍ചെയ്തപ്പോള്‍ ഉമ്മയോടിക്കാര്യം പറഞ്ഞിട്ടില്ല... 
വേണ്ട..പറയണ്ട.. അതെന്റെ ഉമ്മയുടെ മനസ്സില്‍ ചെറുതെങ്കിലുമൊരു നീറ്റല്‍ ഉണ്ടാക്കും... ഭാര്യയോടും ഉമ്മയോട് പറയണ്ട എന്ന് പറഞ്ഞിട്ടുണ്ട്... പരിഹാസചിരിക്കിടയില്‍ അവളതു കേട്ടുകാണുമോ ആവോ...


പിന്‍കുറിപ്പ്‌ :
“ ഇജ്ജായിട്ടാണ് കദീജാ ഈറ്റങ്ങളെ ഞെരിച്ച് കളയാത്തത്.....”
( വല്ലിമ്മ ഉമ്മാന്‍റെ കഷ്ടപ്പാട് കണ്ടിട്ട് പറഞ്ഞുപോയത്‌.. )

ശ്ശോ...അത്രക്കും കച്ചറകളായിരുന്നോ ഞങ്ങള്‍...

ഞങ്ങളില്‍ നിന്ന് മരണപ്പെട്ടുപോയവരെയും ഞങ്ങളെയും സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടേണമേ..... ആമീന്‍ 

Friday, November 22, 2013

ഡ്രോപ്പൌട്ട്.....

ഒരിറ്റ് നിണമണിയാതെ......
ഒരു ചെറു നാളമേല്‍ക്കാതെ......
ഒരുതുള്ളി കണ്ണുനീര്‍ മധുരം നുണയാതെ.....
മഴയേല്‍ക്കാതെ....നനയാതെ.....
ദിശയറിയാതെ....നേരറിയാതെ....
എന്തിനായ് നീ എങ്ങോട്ട്.......

Friday, August 30, 2013

നിഴലുകള്‍ ചിരിക്കുന്നു

ഇരിക്കുന്ന കൊമ്പ് മുറിച്ചു താഴെയിട്ടു,
അതിന്റെ കൂടെ വീഴുകയും എല്ലൊടിയുകയും ചെയ്തു.
പിന്നെ അത് മറ്റുള്ളോര്‍ക്ക് ഉപദേശിച്ചു...
കേട്ടവര്‍ കേട്ടവര്‍ ഊറി ഊറി ചിരിച്ചു.
ഇവരൊക്കെ എന്തിനാണ് ചിരിക്കുന്നതെന്നോര്‍ത്തു.
അവര്‍ക്കൊക്കെ ചിരിക്കാം. വീണത്‌ ഞാനാണല്ലോ.
എന്നാലും എന്റെ എല്ലൊടിഞ്ഞതില്‍ അവര്‍ക്കൊരു സഹതാപവുമില്ലേ?
മുഖത്തൊരു കൃത്രിമ വിഷാദമെങ്കിലും വരുത്തി എന്നെയൊന്നാശ്വസിപ്പിചൂടെ?
അവര്‍ വീണ്ടും വീണ്ടും ചിരിക്കുകയാണ്..
ഇനി മുറിവില്‍ വെച്ചുകെട്ടിയ തുണിക്കഷ്ണവും മരുന്നും കണ്ടിട്ടാവുമോ...?!
അതിലെന്തായിപ്പോ ഇത്രകണ്ട് ചിരിക്കാന്‍...?!
ഞാനവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു....
എന്നോട് മരത്തില്‍ കയറാനും പിന്നെ കൊമ്പ് മുറിക്കാനും പറഞ്ഞവര്‍ എവിടെ ?
അവരെന്റെ കയ്യില്‍ തന്ന കയറും മഴുവും എവിടെ ?
ഓരോ വെട്ടിലും ആ കൊമ്പില്‍നിന്നുതിര്‍ന്ന കായ്ക്കാനികള്‍ എവിടെ ?
ഒന്നുപോലും ഒന്നാസ്വദിച്ചു കഴിക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല....
കൊമ്പ് മുറിക്കുന്നതിലായിരുന്നു മുഴുവന്‍ ശ്രദ്ധ...
കൂടുതല്‍ ആയാസപ്പെടാതെ തന്നെ വിജയം കണ്ടു..
എന്നെയും കൊണ്ട് കൊമ്പ് ഭൂമിയില്‍ പതിക്കുമ്പോള്‍
അവിടം വിജനം ശൂന്യം.
വളരെ പണിപ്പെട്ടു ആശുപത്രിയിലെത്തിയപ്പോള്‍
അവിടെയുള്ളവരും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
എന്റെ നാട്ടുകാരും സമീപവാസികളും എല്ലാരും ചിരിക്കുന്നു...
മുറിഞ്ഞ കൈ ഇളക്കാതെ ആയാസപ്പെട്ട്‌ ഒന്ന് നിവര്‍ന്നിരുന്നു...
ചുറ്റും കൂടിയവരെയൊക്കെ ഒന്ന് നന്നായി ശ്രദ്ധിച്ചുനോക്കി...
ചിലര്‍ കൈയ്യൊടിഞ്ഞവര്‍.... ചിലരുടെ കാലുകള്‍...
നടുവൊടിഞ്ഞവര്‍........ വികൃതരൂപികള്‍...
ഇവരെന്റെ മുന്‍ഗാമികള്‍.......
ഞാനും ഒന്ന് ഊറിച്ചിരിച്ചു......


Thursday, March 29, 2012

റീഎന്‍ട്രി... (ചെറുകഥ)







“ ഒന്ന് വഴിമാറൂ....”


അക്ഷമരായി വാതിലിന്നു മുന്നില്‍ ഊഴവും കാത്തിരിക്കുന്ന രോഗികള്‍ക്കിടയില്‍ സിസ്റ്റര്‍ കാണിച്ച വഴിയിലൂടെ തെല്ലൊരഹങ്കാരത്തോടെ ഡോക്ടറുടെ മുറിയില്‍ പ്രവേശിച്ചു. കഴിഞ്ഞ തവണ കൊടുത്ത ഗിഫ്റ്റിന്‍റെ ബലത്തിലായിരുന്നു ഈ അനധികൃത പ്രവേശവും അഹങ്കാരവും. അഹങ്കരിക്കാന്‍ വകയുണ്ടല്ലോ. ഇരുനൂറു റിയാലാണ് പൊട്ടിച്ചത്. ആലോചിക്കുമ്പോള്‍ സഹിക്കുന്നില്ല. പക്ഷെ ഈ ഒരു സൗകര്യം.. മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറെ യാതൊരുവിധ കാത്തിരിപ്പുംകൂടാതെ സന്ദര്‍ശിക്കാന്‍ കഴിയുക. നല്ല പരിഗണന കിട്ടുക. ചില്ലറ കാര്യമൊന്നുമല്ല.

കയ്യിലെ ഫോറിന്‍ കവറുകണ്ടിട്ടാണോ അതോ ആദ്യത്തെ ഗിഫ്റ്റ്‌ ഓര്‍മ്മയുള്ളതുകൊണ്ടാണോ ആവോ, ഡോക്ടര്‍ നല്ല പരിചയമൂറുന്ന ചിരിയോടെ ഒരു ഷെയ്ക്ക്‌ ഹാന്‍ഡ്‌ തന്നു.

“ ഇരിക്കൂ... എന്തൊക്കെയുണ്ട് വിശേഷം”

എന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരിയിലൂടെ കുശലാന്വേഷണങ്ങള്‍ക്ക് വിരാമമിട്ടു.

“ ഓ.. വളരെ മാറ്റമുണ്ടല്ലോ....”
മകളുടെ മുഖത്തുള്ള ആ നശിച്ച പാടില്‍ സ്പര്‍ശിച്ചുകൊണ്ട് ഡോക്ടര്‍ കാര്യത്തിലേക്ക് കടന്നു.
“ഇങ്ങടുത്തുവാ...”

ജന്മനാ ഉള്ളതാണ്. വലിയ പ്രശ്നമൊന്നുമില്ല. എന്നാലും, പെണ്കുട്ടിയല്ലേ.... ആദ്യത്തെ മകന്‍ പിറന്നതിന്നുശേഷം കുറച്ചു കാത്തിരിക്കേണ്ടിവന്നു. അതിനിടയില്‍ വിധിയും ഒന്നുരണ്ടുതവണ നിരാശനാക്കി.. പിന്നെ ഇങ്ങനെയാണ് കിട്ടിയത്. ദൈവത്തിനു സ്തുതി. വേറെ കുഴപ്പങ്ങള്‍ ഒന്നുമില്ലല്ലോ.

ഡോക്ടര്‍ ഇത് മൂന്നാം തവണയാണ് ഓപറേഷന്‍ നടത്താന്‍ പോകുന്നത്. ഇനിയൊരു രണ്ടു തവണ കൂടി വേണമത്രേ.

കയ്യിലുള്ള ഫോറിന്കവര്‍ ഡോക്ടറെ ഒന്നുകൂടി സൗഹൃദത്തിലേയ്ക്കടുപ്പിച്ചു. ഓപ്പറേഷന്റെ ഡേറ്റ് വാങ്ങി പുറത്തിറങ്ങി. സിസ്റ്റര്‍ ചിരിച്ചുകൊണ്ട് പിന്നില്‍ തന്നെയുണ്ട്. ഭാര്യയോട് ഒരു സഹപാഠിയോടെന്നപോലെ നിര്‍ത്താതെ സംസാരിക്കുന്നുണ്ടായിരുന്നു.

“ എന്നാ ശരി.... “

സിസ്റ്റര്‍ മകളുടെ കവിളിലൊരുമ്മ വെച്ചു.

അടുത്തപ്രാവശ്യം രണ്ടു ഫോറിന്‍കവര്‍ ഉറപ്പായി...

പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ കൌണ്ടറിന്നുമുന്നിലൊരു പരിചിതമായ മുഖം, ഖമറുദ്ദീന്‍. അവന്‍റെ ഭാര്യയുമുണ്ട്..
“ അസ്സലാമു അലൈക്കും....”
“ വ അലൈക്കുമുസ്സലാം.... “
“ എന്തെ ഇവിടെ...? ആരെ കാണിക്കാനാ..?”
“ ഭാര്യക്ക്‌ കഴുത്തിന്റെ സൈഡിലൊരു ചെറിയ മുഴ.. നമ്മുടെ അവിടുത്തെ ഡോക്ടര്‍ ഇവിടെയൊന്നു കാണിക്കാന്‍ പറഞ്ഞു..”

പിന്നെ കാണാമെന്നുപറഞ്ഞു പിരിഞ്ഞു.

ഇങ്ങോട്ട് വരുമ്പോള്‍ നല്ല തിരക്കായിരുന്നു. വളരെ പാടുപെട്ടാണ് പാര്‍ക്കിംഗ് ഒപ്പിച്ചത്. പിന്നെ എന്റെ ഡ്രൈവിങ്ങും... ഇനിയിപ്പോ അതിനിടയില്‍നിന്നു കാറൊന്നു പുറത്തുചാടിക്കണം..
“ ബദ് രീങ്ങളെ........”

ഒരു ചീത്ത മനുഷ്യന്‍റെ ( തെറി വിളിച്ചതുകൊണ്ടങ്ങിനെ തോന്നിയതാവാം ) ബൈക്കിനിടിച്ചതൊഴിച്ചാല്‍ വലിയ കുഴപ്പമില്ലാതെ മെയിന്‍ റോഡിലെത്തി. എനിക്ക് ലൈസന്‍സ് തന്ന ഓഫീസറെങ്ങാനും ഈ ചുറ്റിത്തിരി കണ്ടാല്‍ എന്നെ തല്ലിക്കൊന്നു ജയിലില്‍പോകും.

ഒരുവിധം വീടെത്തി. വീണ്ടും ദൈവത്തിനു സ്തുതി..
പിന്നെയും ഒന്നുരണ്ടു തവണ ചെറിയ മുട്ടലും ഉരസലുമൊക്കെ ഉണ്ടായി. എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ് ഡ്രൈവിംഗ് പഠിച്ചത്.

അടുക്കളയില്‍ ഭാര്യയെ സഹായിച്ചു ( വെറുപ്പിച്ചു ) കൊണ്ടിരിക്കുന്നതിനിടയില്‍ ഹോസ്പിറ്റലില്‍ വെച്ച് കണ്ട ആ സ്നേഹിതന്റെയും ഭാര്യയുടെയും കാര്യം പെട്ടെന്ന് മനസ്സിലേക്കോടിവന്നു. അവന്‍റെ ഉപ്പ നാട്ടിലെ വലിയ പണക്കാരനാണ്. ഭാര്യവീട്ടുകാരും മോശക്കാരല്ല. എന്നിട്ടും അവനെന്തിനാ ഗള്‍ഫില്‍ കണ്ടവന്‍റെ ആട്ടും തുപ്പും കൊണ്ട് കാലം കഴിക്കുന്നത്‌?

എന്തിനാ അവനെ പറയുന്നത്...?. ഞാനെന്തിനാ മറുനാട്ടിലിങ്ങനെ.....!!

എന്‍റെ പ്രശ്നങ്ങള്‍ എനിക്കല്ലേ അറിയൂ... അവനെപ്പോലെത്തന്നെ എനിക്കും ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നു. ഇപ്പോഴത്തെ കാലത്ത് മറ്റെന്തെങ്കിലും കാരണം വേണോ എന്നെപ്പോലുള്ളവര്‍ക്ക് ബേജാറാവാന്‍..? എന്നാലും ഞാന്‍ ഒരു പരിധിവരെ ഭാഗ്യവാന്‍ തന്നെ. ഭാര്യയോടും കുട്ടികളോടുമൊന്നിച്ചുതന്നെയായിരുന്നില്ലേ ഗള്‍ഫിലും.

“ ഉപ്പാ... ഇതാ ഉമ്മറത്ത് ആരോ കാണാന്‍ വന്നിരിക്കുന്നു...”

ചിന്തകള്‍ക്ക് നിശ്വാസങ്ങളെ കൂട്ടിരുത്തി ഉമ്മറത്തേക്ക് നടന്നു.
കക്ഷത്തിലൊരു കറുത്ത ബാഗും കയ്യില്‍ റസിപ്റ്റ്‌ ബുക്കും പേനയും മൊട്ടത്തലയില്‍ പറ്റിക്കിടക്കുന്ന വെളുത്തതൊപ്പിയും... ശുഭ്രവസ്ത്രധാരിയായ മാന്യദേഹം നമ്മുടെയൊക്കെ വീടുകളിലെ സ്ഥിരം സന്ദര്‍ശകന്‍ തന്നെ. യത്തീംകുട്ടികളുടെ പുനരുദ്ധാരണത്തിന്നായി കഠിനാധ്വാനം ചെയ്യുന്നവര്‍. നൂറിനു നാല്‍പ്പതു കമ്മീഷന്‍......
നൂറിന്റെ നോട്ടു മടക്കി ബാഗിലുവെച്ചു.

“ പടച്ചോന്‍ നമുക്കിനിയും ഖൈറും ബറക്കത്തും നല്‍കട്ടെ....” ആമീന്‍...

പ്രാര്‍ത്ഥന അറുപതിനും നാല്പ്പതിന്നും കൂടിയാണ്... എന്നാലും ആരുടെയൊക്കെ പ്രാര്‍ത്ഥനയാണ് പടച്ചവന്‍ കേള്‍ക്കുക എന്നറിയില്ലല്ലോ..

ഈ വെക്കെഷന്‍ ആശുപത്രിയും പിരിവുകാരും വീതംവെച്ചെടുക്കും....

“ നല്ല കുറിയരിക്കഞ്ഞിയും കാന്താരിമുളകരച്ച ചമ്മന്തിയുമുണ്ട്... കുറച്ചു കുടിച്ചോ..വാ...” ഗള്‍ഫില്‍നിന്നു ഫോണ്‍ ചെയ്തപ്പോഴെപ്പോഴോ ഉമ്മയോട് പറഞ്ഞതായിരുന്നു കുറിയരിക്കഞ്ഞിയുടെയും ചമ്മന്തിയുടെയും കാര്യം.. ഉമ്മമാര്‍ക്കെപ്പോഴും അങ്ങിനെയാ.... മക്കളുടെ ഭക്ഷണക്കാര്യം കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെന്തും.... സ്നേഹത്തിന്റെ മാന്ത്രിക ചേരുവ പാകത്തിനു ചേര്‍ത്ത ആ ഭോജന സുഖം, അതിന്നു ഇവിടെ, എന്‍റെ ഉമ്മയുടെ അടുത്തുതന്നെ വരണം.

ഇന്ന് വിറകുപുര കെട്ടാന്‍ ആ രാമന്‍കുട്ടി വരാന്നു പറഞ്ഞിരുന്നു. പത്തരവരെ കാത്തിരുന്നു. വന്നില്ല. കൂലിപ്പണിക്കാരെ ഒന്ന് കിട്ടണമെങ്കില്‍ നേര്ച്ച നേര്‍ന്നു കാത്തിരിക്കണം.. വന്നുകാണാതായപ്പോള്‍ ഉമ്മയുടെ അടുത്തേക്ക്‌ പോന്നതാണ്. ഉപ്പയെ കാണണമെങ്കില്‍ അങ്ങ് താഴെ പള്ളിയാളി വരെ പോണം. എന്നും എന്തെങ്കിലും പണിയുണ്ടാവും. രാവിലെ കട്ടന്‍ചായയും കുടിച്ചൊരു പോക്കാ.. പത്തുമണിക്ക് വരും, കഞ്ഞികുടിക്കാനാണ് ഉപ്പക്കിഷ്ട്ടം. അതിന്നു പല്ലിന്റെ സഹായം വേണ്ടല്ലോ..
ഇന്നിപ്പോ ഇതുവരെ വന്നിട്ടില്ല. ഇനി ഉച്ചക്ക് നോക്കിയാല്‍മതി.

“ ഉപ്പയെവിടെ ഉമ്മാ... ഇന്നും പണിക്കാരുണ്ടോ..?”

“ ഇന്ന് അയമുട്ടിക്കാന്‍റെ മോന്‍റെ കുടിയിരുപ്പാണ്.. ഇപ്പൊ പോയിട്ടേ ഉള്ളൂ.. വൈകും”

വിറകുപുര കെട്ടാന്‍ അയമുട്ടിക്കാനെ കിട്ടിയാലും മതിയായിരുന്നു. അതിനു അയമുട്ടിക്കാക്ക് ഉപ്പയുടെ അടുത്തുനിന്നൊരു മോചനം കിട്ടിയിട്ട് വേണ്ടേ.. എനിക്കോര്‍മ്മവെച്ച കാലം മുതല്‍ അയമുട്ടിക്ക ഉപ്പാന്‍റെ വാലായി നടക്കുന്നുണ്ട്.

മഴതുടങ്ങുന്നതിന്നുമുമ്പു അതൊന്നു ഉണ്ടാക്കികിട്ടിയാല്‍ മതിയായിരുന്നു. ഒരാഴ്ചയിലേറെയായി വിറക്‌ കാര്‍പോര്ച്ചിനകത്ത്... കാര്‍ പുറത്തും. വളരെ നേരത്തെ ബുക്ക്‌ ചെയ്തിട്ട് കിട്ടിയ വിറകാ.... വീടുപണി തുടങ്ങുന്നതിനു മുന്‍പേ വിരകുപുരയാണ് ഉണ്ടാക്കേണ്ടതെന്ന തിരിച്ചറിവ് ഞാനിവിടെ വായനക്കാര്‍ക്കായി പങ്കുവെക്കുന്നു.

“ നിനക്കിനി ഇവിടെത്തന്നെ കൂടിക്കൂടെ..?”
ഉമ്മ ഉപദേശങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. അത് ആളിക്കത്തുന്നതിന്നു മുമ്പ് സ്ഥലംവിടാന്‍ തീരുമാനിച്ചു.

“ മുതലാളി വിടൂല ഉമ്മാ.... അവിടെ ഞാനില്ലാതെ പറ്റില്ല. ഇന്നലെയും വിളിച്ചിരുന്നു..”
“ ഇനി പിന്നെ വരാ ഉമ്മാ... ഒരു ചങ്ങാതി വരാന്നു പറഞ്ഞിരുന്നു.”

മാളുമ്മുവിന്‍റെ മിസ്സ്ഡ്‌ കോള്‍ രക്ഷക്കെത്തി.. അവള്‍ അറിഞ്ഞോ അറിയാതെയോ പലപ്രാവശ്യം എന്നെ ഇതുപോലെ രക്ഷപ്പെടുത്തിയിട്ടുണ്ട്.. ഇന്നവള്‍ക്കൊരു ഐസ്ക്രീം വാങ്ങിക്കൊടുക്കണം..

തിടുക്കത്തില്‍ സലാം പറഞ്ഞു പുറത്തിറങ്ങി. കാന്താരിമുളക് വല്ലാത്ത സാധനം തന്നെ. പൂതി തീര്‍ന്നുപോയി.  

രാമന്കുട്ടിയും മൊബൈലും പരിധിക്കുപുരത്ത്..... ഏതായാലും ഒരു താര്‍പ്പായ വാങ്ങിവെക്കാം.. കാറിന്‍റെ മുകളിലെങ്കിലുമിടാമല്ലോ....

പിന്നെയും ഒന്നൊന്നര മാസം കഴിയേണ്ടിവന്നു, രാമന്‍കുട്ടി പ്രത്യക്ഷപ്പെടാന്‍. ഏതായാലും മൂന്നാല് ദിവസം കൊണ്ട് വിറകുപുര റെഡി. എന്നാലും കാറിനു പോര്‍ച്ചില്‍ കിടക്കാന്‍ ഭാഗ്യം ഉണ്ടായില്ല. വാടകക്കാരന് പെട്ടെന്നുതന്നെ കാര്‍ വേണമത്രേ. ഇനിയൊരഞ്ചാറു ദിവസംകൂടിയുണ്ട് തിരിച്ചുപോവാന്‍. അതിനും ഒരു മാസത്തെ വാടക വേണമത്രേ.. വേണ്ട.. അല്ലെങ്കിലും പെട്രോളിനൊക്കെ എന്താ വില..!!

യാത്ര പറച്ചിലൊക്കെ നേരത്തെ തീര്‍ത്തത് നന്നായി.

വൈകിട്ട് അങ്ങാടിയിലേക്ക് നടക്കുമ്പോള്‍ ഖമറുദ്ദീനെ കണ്ടു.
“ എപ്പോഴാ ഫ്ലൈറ്റ്‌..”
“ അടുത്ത വെള്ളിയാഴ്ച. വൈകിട്ട് അഞ്ചു മണിക്ക്... നിനക്കിനി എത്രയുണ്ട് ലീവ്..?”
“ ലീവൊക്കെ ഇനിയും രണ്ടുമൂന്നു മാസം കൂടിയുണ്ട്.. പോരാന്‍ മനസ്സുണ്ടായിട്ടല്ല... എന്നാലും ഞാന്‍ കുറച്ചു നേരത്തെ പോരും...”
“ എന്തേ...” തെല്ലൊരാകാംക്ഷയോടെ ചോദിച്ചു.
“ അന്ന് നമ്മള്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് കണ്ടില്ലേ...?”
“ അതെ... ഭാര്യയുടെ കഴുത്തിന്‍റെ സൈഡിലെ മുഴ...”
“ അതെ.. അത് കാന്‍സെറാടാ..”

വല്ലാത്തൊരു ഞെട്ടലോടെയാണ്‌ ഞാനത് കേട്ടത്. എന്താ പറയേണ്ടതെന്നറിയാതെ ഞാനൊരു നിമിഷം സ്തബ്ധനായി നിന്നുപോയി.

“ ഇനി തിരുവനന്തപുരത്തു കൊണ്ടുപോവണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിനിടയില്‍ മോള്‍ക്കൊരു നല്ല കല്ല്യാണക്കാര്യവും ശരിയായിട്ടുണ്ട്.”

ജീവിതത്തിന്‍റെ വര്‍ണ്ണാഭമായ നിറക്കൂട്ടുകള്‍ക്ക് ഭ്രാന്തമായ ഭീകരതയുടെ ചട്ടക്കൂടു തീര്‍ക്കുന്നു ദൈവം. അതിനകത്ത് നിറങ്ങള്‍ക്ക് നിറമില്ലാതാകുന്നു. 
പരീക്ഷണങ്ങളില്‍ പരിക്ഷീണനാകുമ്പോള്‍ പിന്നെ പതുക്കെ ഇരുളിന്‍റെ അഗാധതയിലേക്ക്...

ഉറങ്ങാന്‍ കിടക്കുമ്പോള്‍ പഴയ കാര്യങ്ങളൊക്കെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഖമറുദ്ദീന്‍റെ കല്ല്യാണവും പടക്കം പൊട്ടിക്കലും എല്ലാം.. ഇങ്ങനെയൊരു ദുരന്തം അവന്‍റെ ജീവിതത്തിലുണ്ടാവുമെന്നാരോര്‍ത്തു...

എന്നെ യാത്രയയക്കാന്‍ എല്ലാവരും വന്നിരുന്നു. ഇങ്ങോട്ട് വന്നപ്പോള്‍ കൂടെയുണ്ടായിരുന്ന എന്‍റെ കുടുംബം തിരിച്ചങ്ങോട്ടില്ല. അവര്‍ക്ക്‌ ഒരു വര്‍ഷത്തെ റീഎന്‍ട്രി തരപ്പെടുത്തിയാണ് പോന്നത്. പറ്റിയാല്‍ അതിനുമുമ്പ് തന്നെ കൊണ്ടുപോവണം. 
എന്നാലും വേര്‍പ്പാടിന്‍റെ വേദനയ്ക്ക് എന്നും ഒരേ മുഖമാണ്... കരഞ്ഞുകലങ്ങിയ കണ്ണുകള്‍... ചുവന്നു തുടുത്ത കവിളുകള്‍.........,,,

വിമാനത്തിന്നകത്തു നന്നായൊന്നുറങ്ങി..
എയര്‍പോര്‍ട്ട് ഫോര്‍മാലിറ്റിസ് കഴിഞ്ഞ് പുറത്തേക്ക്..


പുറത്തു ചുട്ടുപൊള്ളുന്ന മരുഭൂമി.. അതുകഴിഞ്ഞ് കോണ്ഗ്രീറ്റ്‌ കാട്. അതിനകത്തെ ഒരിരുണ്ട മാളത്തിനകത്തേക്ക് ചക്കയും മാങ്ങയുമടങ്ങുന്ന കടലാസുപെട്ടി വലിച്ചുകയറ്റി കതകടച്ചു. ഇനി കഞ്ഞിയും കാന്താരിമുളക് ചമ്മന്തിയുമില്ലാത്ത, സ്നേഹ-വാല്‍സല്യങ്ങളില്ലാത്ത ഈ ചുമരുകള്‍ക്കുള്ളില്‍... എത്രനാള്‍....,.... അറിയില്ല..

ജോലിയും ജോലിത്തിരക്കുമായി വീണ്ടും.....

അതിനിടയിലെപ്പോഴോ ഭാര്യയുടെ ഫോണ്കോളിലൂടെ അറിഞ്ഞു, ഖമറുദ്ദീന്‍റെ ഭാര്യ മരിച്ചെന്ന്. മൂന്നാം നാള്‍ മകളുടെ കല്യാണം നേരത്തെ നിശ്ചയിച്ചപോലെ നടന്നു. ചെറുക്കനും വീട്ടുകാരുമാരൊക്കെയോ വന്നു കൂട്ടിക്കൊണ്ടുപോയി.

ഖമറുദ്ദീന്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ യാത്രപറഞ്ഞിറങ്ങി.....

റീഎന്‍ട്രി കാലാവധി തീരാറായത്രേ....

വേദനകളുടെ തീരത്തുനിന്നും വേദനകളുടെ മറുതീരത്തേക്ക് വീണ്ടുമൊരൊളിച്ചോട്ടം.....



Thursday, March 22, 2012

മഹാരാജാവ്‌ നഗ്നനാണ്...



ടിക്കറ്റും പാസ്സ്പോര്ട്ടും കയ്യിലുള്ള ചെറിയ ബാഗിലേക്ക് സസൂക്ഷ്മം വെച്ചു. ഹാന്‍ഡ്‌ബാഗ്‌ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ഗേറ്റിനോടു ചേര്‍ന്ന ഒരിപ്പിടത്തിനരികില്‍ ഒതുക്കി വെച്ചു. ഒന്ന് ചുറ്റും കണ്ണോടിച്ചു. പതുക്കെ ആ പതുപതുത്ത ഇരിപ്പിടത്തില്‍ അമര്‍ന്നു. ഹാവൂ...

എമിഗ്രെഷനിലെ ആ പോലീസുകാരന്‍.. വെറുതേ ശമ്പളം വാങ്ങുന്നവര്‍......,,,, പഹയന്മാര്‍...,, അയാള്‍ പിറുപിറുത്തു.. ഇവറ്റകളൊക്കെ കണക്കാ...
തന്റെ പാസ്പോര്‍ട്ട്‌ വാങ്ങിവെച്ചിട്ടു അടുത്ത കാബിനിലെ സഹപോലീസുകാരനോട് വെറുതേ എന്തൊക്കെയോ കത്തിവെച്ചതും പോര, കസേരയില്‍ നിന്നെണീറ്റു ഒരൊറ്റ പോക്കാണ്.. പിന്നെ കുറെ കഴിഞ്ഞു തിരിച്ചുവന്നുപവിഷ്ടനായപ്പോഴേക്കും കൂടെ വന്നവരൊക്കെ ലോഞ്ചില്‍ എത്തിയിരിന്നു.

സഹറൂമന്മാര്‍ രണ്ടു ദിവസം മുന്‍പേ തുടങ്ങിയതാണ് പെട്ടികെട്ടല്‍..
എയര്‍ലൈന്‍സിന്‍റെ നിയമമാണുപോലും, മുപ്പത്തഞ്ചു കിലോ രണ്ടു ചെറിയപെട്ടികളിലാക്കണമെന്നത്. അതിലൊന്നില്‍ നിറയെ കൂട്ടുകാര്‍ വക “പഞ്ഞി”ക്കെട്ടുകളാണ്. രണ്ടായിരത്തിപ്പന്ത്രണ്ടാമാണ്ടിലും പഞ്ഞിക്കെട്ടുള്‍ക്ക് മാത്രം യാതൊരു മാറ്റവുമില്ല. അതിനെന്നുമൊരു ഏകീകൃത രൂപമാണ്. അകത്തെ സാധനങ്ങള്‍ക്ക് മാത്രമേ മാറ്റമുണ്ടാവാറുള്ളൂ.

ബോര്‍ഡിംഗ് പാസ്സ് വാങ്ങാന്‍ ക്യുവില്‍ മുന്നില്‍ തന്നെ അയാളുണ്ടായിരുന്നു.. എന്നിട്ടും അയാള്‍ ഏറ്റവും ഒടുവിലാണ് ലോഞ്ചിലെത്തുന്നത്.

ആ നശിച്ച ജവാസാത്തു തെണ്ടി...

പതിനൊന്നു മണിയാണ് വിമാനത്തിന്റെ സമയം.. എയര്‍പോര്‍ട്ടിലേക്ക് പോരുന്നതിനു മുന്‍പ് രണ്ടു ഖുബ്ബൂസ്‌ കഴിച്ചതാ.. അതും സഹമുറിയന്മാര്‍ നിര്‍ബന്ധിച്ചിട്ട്.. വിശപ്പുണ്ടായിരുന്നില്ല.. പക്ഷെ എമിഗ്രെഷനിലെ കാത്തിരിപ്പിനിടയില്‍ അതും കാറ്റായിപ്പോയി.. ഇനിയേതായാലും ഫ്ലൈറ്റില്‍ നിന്ന് കഴിക്കാം.. കയ്യില്‍ കരുതിയ ബോട്ടിലില്‍നിന്നല്‍പ്പം വെള്ളം കുടിച്ചു. ഇനിയുമുണ്ട് ഒന്നൊന്നര മണിക്കൂര്‍..

പലതവണ യാത്ര ചെയ്തതൊക്കെത്തന്നെ.. എന്നാലും.. മുമ്പെങ്ങുമില്ലാത്തൊരാവലാതി.. ആ ജവാസാത്തുകാരന്‍ എല്ലാ മൂഡും കളഞ്ഞു.. ആ.. ഇനിയിപ്പോ ഒരാറുമാസത്തേക്ക് ഇവന്മാരുടെ മോന്ത കാണണ്ടല്ലോ..

സ്മോക്കെഴസ് കോര്‍ണര്‍ എവിടെയാണാവോ.. എയര്‍പോര്‍ട്ട്‌ പുതുക്കിപ്പണിതത്തില്‍ പിന്നെ ആദ്യമായാണ് നാട്ടിലേക്ക് പോകുന്നത്. മണംപിടിച്ചു കണ്ടുപിടിച്ചു.. ഒന്നാഞ്ഞു വലിച്ചതില്‍പിന്നെയാണൊരു ഉന്മേഷം കിട്ടിയത്.

തിരികെ കസേരയില്‍ വന്നിരുന്നു. ദൂരെ ഇരുളിന്നുമപ്പുറത്തു യന്ത്രപ്പക്ഷികള്‍ അക്ഷമയോടെ മൂളിയും മുരണ്ടും, നിന്നിടത്തുനിന്നു തിരിഞ്ഞും മറിഞ്ഞും, മിന്നിത്തിളങ്ങിയും......

ആ.....ഹ്.... ഉറക്കം കണ്പോളകളെ ബലമായി കീഴ്പ്പെടുത്തുന്നു.. തുറന്നു പിടിച്ചതാണ്.. പിന്നെ എപ്പോഴാണെന്നെനിക്കറിയില്ല...

വിമാനത്തിനകത്ത് നല്ല തണുപ്പാണ്... എയര്‍ ഇന്ത്യ തന്നെയല്ലേ..? മഹാരാജാവ് നേരിട്ട് സ്വാഗതം ചൊല്ലിയതാണല്ലോ..!! പാക്കിസ്ഥാനിയുടെ ഖല്ലാബ് കണക്കെ ചായം തേച്ചു മിനുക്കി, സാരിയുടുത്ത പേക്കോലങ്ങളുമുണ്ടായിരുന്നല്ലോ ഉമ്മറപ്പടിയില്‍.,..!!! 
അതെ, എയര്‍ ഇന്ത്യ തന്നെ.. എന്നാലും.. എന്തൊരു തണുപ്പ്...

ഭക്ഷണം (അങ്ങിനെ പറയാമോ ആവോ) കിട്ടി.. തൈരും മോരും എല്ലംകൂടിയായപ്പോള്‍ ഒരുവിധം വോള്‍ട്ടേജ് കൂടി.. 

തെളിഞ്ഞ മനസ്സിന്‍റെ തിരശ്ശീലയില്‍ ആദ്യം കണ്ടത്‌ പ്രിയതമയുടെ മൊഞ്ചുള്ള മുഖം തന്നെ. മകള്‍ ഒക്കത്തുതന്നെയുണ്ട്‌.. ഇക്കഴിഞ്ഞ മാസം അവള്‍ക്കു മൂന്ന്‍ വയസ്സായി.. എന്നാലും ഉമ്മയുടെ ഒരു അവയവം പോലെയാണിപ്പോഴും.. എപ്പോ നോക്കിയാലും അവളുടെ ഒക്കത്ത് തന്നെ.. ഈ പ്രാവശ്യം എന്തെങ്കിലുമൊരു വഴി കാണണം....

എയര്‍പോര്‍ട്ടില്‍ എല്ലാവരും വന്നിട്ടുണ്ട്.. ഉപ്പ കെട്ടിപ്പിടിച്ചൊരു മുത്തം തന്നു. ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു.. തന്‍റെ പൊന്നുമോള്‍,... വാരിയെടുത്തു കുറച്ചു ദൂരെ മാറി ഒരായിരം മുത്തങ്ങള്‍ കൊടുത്തു. കീശയില്‍ കരുതിയിരുന്ന ചോക്കലേറ്റ്‌ എടുത്തവള്‍ക്ക് കൊടുത്തു.. അവള്‍ സുന്ദരമായി ചിരിക്കുന്നു.. സമാധാനമായി.. തന്നെ മറന്നിട്ടില്ല... അയാളും ചിരിച്ചു..

“ഹലോ..” തൊട്ടടുത്തിരുന്നയാള്‍ തട്ടിവിളിച്ചപ്പോള്‍ ചെറിയൊരു ഞെട്ടലോടെ അയാള്‍ ചുറ്റും നോക്കി.. യൂണിഫോമിട്ട കുടവയറന്‍ ഗ്രൌണ്ട് സ്റ്റാഫിനു ചുറ്റും ആവലാതികളോടെ യാത്രക്കാര്‍,..
ജിദ്ദ എയര്‍പോര്‍ട്ടില്‍ തന്നെ.. മൂളിയും മുരണ്ടും ആകാശപ്പറവകള്‍ അവിടെത്തന്നെയുണ്ട്...

“കാലിക്കറ്റിലെക്കല്ലേ..?” അടുത്തിരുന്നയാള്‍ ചോദിച്ചു.

ആകാംക്ഷയോടെ “അതെ..”  

“ഫ്ലൈറ്റ് ഡിലെ ആണ്..”.

എയര്‍ ഇന്ത്യ അതിന്റെ പതിവ് തമാശകള്‍ ആരംഭിച്ചിരിക്കുന്നു.. 

അള്ളാ..ഇനിയെപ്പോഴാണാവോ?

“ഇനി പുലര്‍ച്ചെ മൂന്നുമണിക്കാണത്രേ”..

ഉറക്കം അനുഗ്രഹിച്ചാല്‍ മൂന്നുമണി എന്നത് കൂടുതലൊന്നുമല്ല.. അപ്പോഴെങ്കിലുമൊന്നു പോയാല്‍ മതിയായിരുന്നു..
എന്തോ ടെക്നിക്കല്‍ പ്രോബ്ലമാണത്രേ.. കോക്പിറ്റില്‍ എലി കയറിയതും ടയര്‍ പഞ്ചറായതും എല്ലാം സാങ്കേതിക തകരാറുകളായിരുന്നല്ലോ.. ഇപ്പോഴത്തെ ‘ടെക്നിക്‌’ എന്താണാവോ...

കുറേ നേരത്തേക്ക് മാറിനിന്ന വിശപ്പ്‌ പെട്ടെന്ന് ഓടിവന്ന് അയാളെ കീഴ്പ്പെടുത്തിക്കളഞ്ഞു.. തല്‍ക്കാലം ഒരു ചായയും ബെന്നും കഴിച്ചു ഒന്നുകൂടി മയങ്ങാന്‍ പറ്റുമോന്നു നോക്കാം.. പതിനെട്ടു റിയാലിന് ശമിപ്പിക്കാന്‍ പോന്നതായിരുന്നില്ല അപ്പോഴത്തെ വിശപ്പ്‌.. എന്നാലും അത്രയും മതി..

ഉറക്കം തീരെ കനിഞ്ഞില്ല.. അപ്പൊ പിന്നെ നേരത്തെ എന്തായിരുന്നു.. തന്നെ നാട്ടില്‍വരെ എത്തിച്ച ആ മയക്കം?.

പിഞ്ചുകുഞ്ഞുങ്ങളുടെ കരച്ചില്‍ അവിടവിടെ ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ട്. യാത്രക്കാര്‍ ചെറിയ കൂട്ടംകൂടി എയര്‍ ഇന്ത്യയെ 
പഴിച്ചുകൊണ്ടേയിരിക്കുന്നു....

കാത്തിരിപ്പിനു വിരാമം.. ഹാവൂ... ഫ്ലൈറ്റിനടുത്തെക്കുള്ള ഷട്ടില്‍ സര്‍വിസില്‍ നിന്നും ദൂരെ മഹാരാജാവ് തലയെടുപ്പോടെ മിന്നിത്തിളങ്ങുന്നതു കണ്ടു. 

ജിദ്ദ കിംഗ്‌ അബ്ദുല്‍ അസീസ്‌ ഇന്റര്‍നാഷണല്‍ എയര്പോര്ട്ടില്‍ എലികള്‍ ഉണ്ടാകുമോ.. അവയ്ക്ക് ഈ ഫ്ലൈറ്റില്‍ കയറാന്‍ കഴിയാതിരിക്കട്ടെ....

വിന്‍ഡോ സൈഡ് അയാള്‍ക്കേറെ പ്രിയപ്പെട്ടതാണ്..

കഴിഞ്ഞ രാവിന്റെ ക്രൂരതയില്‍നിന്നും സ്നേഹത്തിന്റെ 
പൊന്‍പുലരിയിലേക്കൊരു പ്രയാണം..

ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്.

നല്ല മധുരമൂറുന്ന സ്വരത്തിലുള്ള കൊലവിളി...
“പ്രതികൂല കാലാവസ്ഥ കാരണം വിമാനം ചെന്നൈയിലാണ് ഇറങ്ങുന്നത്. എമിഗ്രേഷന്‍ ചെന്നൈയിലായിരിക്കും.”

നാട്ടില്‍ നല്ല മഴയാണെന്നു കേട്ടിരുന്നു. പാടത്തെ കുളത്തില്‍ ചാടിക്കുളിക്കുന്നതും തോട്ടില്‍ മീന്പിടിക്കുന്നതും ഒക്കെ കുറച്ചുനാളായി പകല്‍ക്കിനാവ് കാണാറുണ്ടായിരുന്നു. എന്തിനാണിങ്ങനെ ക്രൂരമായൊരു മഴ?

എമിഗ്രേഷന്‍ എന്ന കടമ്പ കടക്കാന്‍ ക്യുവില്‍ നില്‍ക്കുമ്പോള്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ തന്നെ കാത്തിരിക്കുന്ന വീട്ടുകാരെക്കുറിച്ചായിരുന്നു ചിന്ത. ഒന്ന് വിളിച്ചുപറയാന്‍..... പുറത്തിറങ്ങിയാലുടനെ വിളിക്കണം..

പാസ്പോര്‍ട്ട്‌ വാങ്ങിയ ഉദ്യോഗസ്ഥന്‍ തമിഴില്‍ എന്തോ ചോദിച്ചു... അയാള്‍ മലയാളത്തില്‍ “എന്ത്..?” എന്ന് ചോദിച്ചു.
ആ ഹാളിന്റെ മൂലയിലേക്കു ചൂണ്ടി അങ്ങോട്ട്‌ പോകാന്‍ പറഞ്ഞു..
സ്യുട്കെയ്സും തൂക്കി അങ്ങോട്ട്‌ ചെന്നു. കമ്പ്യുട്ടറിന്റെ മുന്നിലിരിക്കുന്ന കൊമ്പന്‍മീശക്കാരന്‍ പോലിസ്‌ പേരു ചോദിച്ചു.

“തെക്കേവീട്ടില്‍ അഷ്റഫ്‌”. പെട്ടെന്നുതന്നെ പറഞ്ഞു തീര്‍ത്തു.

പുറത്തിറങ്ങിയിട്ടുവേണം വീട്ടുകാര്‍ക്ക് വിളിക്കാന്‍. അവരവിടെ വിഷമിച്ചിരിക്കുകയാവും...

“മലയാളി താനേ....”? അടുത്ത ചോദ്യം.
“അതെ..”

ട്രിച്ചിയിലാരാണെന്നും അവിടുത്തെ വീടും മേല്‍വിലാസവും എല്ലാം അന്വേഷിച്ചപ്പോള്‍ അയാള്‍, ഭൂമിയിലേക്ക്‌ ആണ്ടുപോവുകയാണോ..അതോ ഭൂമി തന്‍റെ മേല്‍ കനല്‍മഴ ചോരിയുകയാണോ...

കണ്ണില്‍ ഇരുള്‍ മൂടുന്നുവോ...

ബോധം വീണപ്പോള്‍, വ്യാജ മേല്‍വിലാസത്തിലുള്ള പാസ്പോര്‍ട്ടാണ് തന്നെ അഴികല്‍ക്കുള്ളിലാക്കിയതെന്നു അയാള്‍ തിരിച്ചറിഞ്ഞു.. ഉറക്കെ കരഞ്ഞു..

പോലീസുകാരന്‍ നീട്ടിയ മൊബൈല്‍ഫോണില്‍ വീട്ടിലേക്കു വിളിച്ചു...

അയാളുടെ കീശയില്‍നിന്നും എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ്പാസ്സ് പുറത്തേക്ക് തലനീട്ടി അപ്പോഴും അയാളെ കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നു.

മഹാരാജാവ്‌ നഗ്നനാണ്... ക്രൂരനാണ്... കോമാളിയാണ്..